
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രചാരണ പോസ്റ്ററിലും വാര്‍ത്താക്കുറിപ്പിലും ഗുരുതര പിഴവ് വരുത്തിയതിന് പി.ആര്.ഡിയിലെ രണ്ട് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാര്‍ക്കെതിരേ നടപടി. സെക്രട്ടേറിയറ്റിലെ പി.ആര്.ഡി. ഡയറക്ടറേറ്റിലെ റിലീസ് വിഭാഗം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി.ആര്. സാബുവിനെയും വെബ് ആന്‍ഡ് ന്യൂ മീഡിയ വിഭാഗം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രതീഷ് ഡി. മണിയെയുമാണ് സ്ഥലംമാറ്റിയത്.
വിഴിഞ്ഞം തുറമുഖത്തെ സമ്പൂര്‍ണ എക്സിം പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട പോസ്റ്ററില്‍ നിലവിലെ മുഖ്യമന്ത്രിക്ക് പകരം മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം ഉള്‍പ്പെടുത്തിയതാണ് സാബു പി. ആറിനെതിരായ നടപടിക്കു കാരണമായത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ പോസ്റ്റര്‍ പി.ആര്. സാബു വാട്സ്ആപ്പ് ഗ്രൂപ്പില്‍ പങ്കുവച്ചതായാണ് വിവരം.
സ്വാതന്ത്ര്യദിന പരിപാടിയുമായി ബന്ധപ്പെട്ട ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ നിലവിലെ മുഖ്യമന്ത്രിയുടെ പേര് പിണറായി വിജയന്എന്ന് രേഖപ്പെടുത്തിയതാണ് പ്രതീഷ് ഡി. മണിക്കു വിനയായത്. സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പില്‍ മുഖ്യമന്ത്രിയുടെ പേര് തെറ്റിയത് ഗുരുതര വീഴ്ചയായാണ് സര്‍ക്കാര്‍ വിലയിരുത്തിയത്. സാബുവിനെ കൊല്ലം ജില്ലയിലേക്കും പ്രതീഷ് ഡി. മണിയെ ഡല്‍ഹി ഇന്‍ഫര്‍മേഷന്‍ ഓഫീസറായുമാണ് മാറ്റിയത്. പി.ആര്.ഡിയിലെ ഇന്‍ഫര്‍മേഷന്‍ ഓഫീസുകളില്‍ ഇടതുപക്ഷ സംഘടനാ പ്രവര്‍ത്തകരുടെ അതിപ്രസരമുണ്ടെന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് നടപടി. ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ താല്പര്യങ്ങളില്നിന്ന് അകന്ന് നിഷ്പക്ഷമായി പ്രവര്‍ത്തിക്കണമെന്ന നിലപാടിലാണ്സര്ക്കാര്.
സര്‍ക്കാരിന്റെ വികസന പദ്ധതികളും ഔദ്യോഗിക തീരുമാനങ്ങളും ജനങ്ങളിലെത്തിക്കുകയാണ് പി.ആര്.ഡിയുടെ പ്രധാന ചുമതല. എന്നാല്‍, മുന്‍ സര്‍ക്കാരുകളുടെ തീരുമാനങ്ങളെയും പ്രവര്‍ത്തനങ്ങളെയും സര്‍ക്കാര്‍ സംവിധാനവും പൊതുപണവും ഉപയോഗിച്ച് വിമര്‍ശിക്കുന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ മുന്‍കാലത്ത് പി.ആര്.ഡി. വഴി ഉണ്ടായെന്ന ആരോപണവും ശക്തമാണ്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ പോരായ്മകള്‍ അക്കമിട്ട് നിരത്തി പരിഹസിക്കുകയും എല്‍.ഡി.എഫ്. ഭരണത്തില്‍ എല്ലാം ശരിയായെന്ന അവകാശവാദം ഉയര്‍ത്തുകയും ചെയ്ത പരസ്യങ്ങള്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിന് തൊട്ടുമുമ്പ് ആസൂത്രണം ചെയ്ത് പുറത്തിറക്കിയെന്ന വിമര്‍ശനവും നേരത്തെയുണ്ടായിരുന്നു.
ഇത്തരം പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്കിയ ഉദ്യോഗസ്ഥരില്‍ പലരും ഇപ്പോഴും പഴയ സ്ഥാനങ്ങളില്‍ തുടരുന്നതായും ആക്ഷേപമുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാര്‍, അസി. ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാര്‍ എന്നിവരുടെയടക്കം പുനര്‍വിന്യാസത്തിന് യു.ഡി.എഫ്. സര്‍ക്കാര്‍ ഒരുങ്ങുന്നതായാണ് സൂചന.







Comments