
കൊച്ചി: എല്‍.ഡി.എഫില്‍ പ്രതിപക്ഷ ഉപനേതൃപദവിയെച്ചൊല്ലിയുള്ള തര്‍ക്കം നീറിപ്പുകയവേ, സി.പി.എം. നിലപാട് ആവര്‍ത്തിച്ച് സംസ്‌ഥാന സെക്രട്ടേറിയറ്റ് അംഗം സി.എന്‍. മോഹനന്‍ വീണ്ടും രംഗത്ത്. ഇടതുമുന്നണി രൂപം കൊണ്ടകാലം മുതല്‍ പ്രതിപക്ഷ ഉപനേതൃപദവി സി.പി.എമ്മിനാണെന്ന് മോഹനന്‍ പാര്‍ട്ടി മുഖപത്രത്തിലെഴുതിയ ലേഖനത്തില്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞദിവസം ഫെയ്‌സ്‌ബുക്ക് കുറിപ്പിലൂടെയും ഇതേ വാദങ്ങളുയര്‍ത്തി മോഹനന്‍ സി.പി.ഐയെ കടന്നാക്രമിച്ചിരുന്നു. വലതുപക്ഷമാധ്യമങ്ങളുടെ താളത്തിനൊത്താണ് സി.പി.ഐ. ഈ വിഷയത്തില്‍ നിലപാട് സ്വീകരിച്ചതെന്ന വിമര്‍ശനവും ലേഖനത്തിലുണ്ട്. 1980-ല്‍ എല്‍.ഡി.എഫ്. രൂപം കൊണ്ടശേഷം നിയമസഭയിലെ പ്രതിപക്ഷനേതൃപദവിയും ഉപനേതൃപദവിയും സി.പി.എമ്മിനാണെന്ന് മോഹനന്‍ ഓര്‍മിപ്പിക്കുന്നു. പതിവിനു വിപരീതമായാണ് സി.പി.ഐ. ഇപ്പോള്‍ അവകാശവാദം ഉന്നയിക്കുന്നത്. യുക്‌തിപരമല്ലാത്ത ആവശ്യങ്ങളും അവകാശവാദങ്ങളുമാണ് അവരുടേത്. മുന്നണി മര്യാദപ്രകാരം ആവശ്യമുന്നയിക്കേണ്ടത് മുന്നണി യോഗത്തിലായിരുന്നു. പകരം മാധ്യമങ്ങളിലൂടെ പറഞ്ഞ് അനാവശ്യചര്‍ച്ചയും വിവാദവുമുയര്‍ത്തി. പത്രസമ്മേളനത്തില്‍ ഉയര്‍ന്ന ചോദ്യത്തിന് മറുപടി പറയുക മാത്രം ചെയ്‌ത പ്രതിപക്ഷനേതാവിനെ, സി.പി.ഐ. മുഖപത്രത്തിലൂടെ സത്യന്‍ മൊകേരി വിമര്‍ശിച്ചു. ഉപനേതാവിനെ തീരുമാനിക്കുന്ന കീഴ്‌വഴക്കം ചൂണ്ടിക്കാണിക്കുക മാത്രമാണ് പിണറായി വിജയന്‍ ചെയ്‌തത്. എന്ത് ന്യായത്തിലാണ് കീഴ്‌വഴക്കം മാറ്റേണ്ടതെന്നു സി.പി.ഐ. പറയുന്നില്ല. പുതിയ അവകാശവാദങ്ങള്‍ ഉന്നയിച്ച് ഇടതുപക്ഷ ഐക്യത്തിന് ഹാനി വരുത്തരുത്. അതിന് ഒരു ഘടകകക്ഷിയും ഇടകൊടുക്കരുത്. സി.പി.ഐ. ഉയര്‍ത്തിവിട്ടതാണ് തര്‍ക്കമെന്നും ഇക്കാര്യത്തില്‍ സി.പി.എമ്മിന് ഉത്തരവാദിത്വമില്ലെന്നും മോഹനന്‍ വ്യക്‌തമാക്കി.
യാഥാര്‍ത്ഥ്യം സി.പി.ഐ. സഖാക്കള്‍ ഉള്‍ക്കൊള്ളണമെന്ന ഉപദേശവും ലേഖനത്തിലുണ്ട്. അടിയന്തരാവസ്‌ഥക്കാലത്ത് കോണ്‍ഗ്രസിനൊപ്പം നിന്ന് ജനാധിപത്യം അട്ടിമറിച്ച ചരിത്രം സി.പി.ഐക്കുണ്ട്. ഇന്ത്യയില്‍ ഒരിടത്തും കോണ്‍ഗ്രസുമായി ചേര്‍ന്ന് സി.പി.എം. ഭരണം കൈയാളിയിട്ടില്ല. സംസ്‌ഥാനസര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്കെതിരേയും സംഘപരിവാര്‍ വിധേയത്വത്തിനെതിരേയും സമരം സംഘടിപ്പിക്കേണ്ട ഘട്ടത്തില്‍ ഇടതുപക്ഷത്ത് അനൈക്യമെന്നു വിളിച്ചുപറയുന്നത് അവസാനിപ്പിക്കണം. വലതുപക്ഷമാധ്യമങ്ങളുടെ ഇടതുവിരുദ്ധ അജന്‍ഡയ്‌ക്കൊപ്പം നില്‍ക്കുകയല്ല സി.പി.ഐ. നേതൃത്വം ചെയ്യേണ്ടത്. നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തേത്തുടര്‍ന്ന് എല്‍.ഡി.എഫിലെ കൂട്ടായ പ്രവര്‍ത്തനത്തിന് സി.പി.ഐ. മുന്നോട്ടുവച്ചതാണ് പ്രതിപക്ഷ ഉപനേതൃസ്‌ഥാനമെന്ന് സത്യന്‍ മൊകേരി പറയുന്നു. മുന്നണി പരാജയപ്പെട്ടാല്‍, സി.പി.എമ്മിന്റെ കൈവശമുള്ള ഉപനേതൃസ്‌ഥാനം വിട്ടുനല്‍കിയില്ലെങ്കില്‍ കൂട്ടായ പ്രവര്‍ത്തനം പ്രതീക്ഷിക്കേണ്ടെന്നാണോ മൊകേരിയും സി.പി.ഐയും ഉദ്ദേശിക്കുന്നത്? സി.പി.എമ്മിന് 26 സീറ്റും സി.പി.ഐക്ക് എട്ട് സീറ്റുമാണ് എന്നതിനാല്‍, ഈ പരാജയനിമിഷത്തില്‍ സി.പി.ഐ. വളര്‍ന്നുപോയെന്നാണോ അര്‍ത്ഥമാക്കുന്നത്? പ്രശ്‌നം സി.പി.ഐ. ശാന്തമായി അവസാനിപ്പിക്കുകയാണ് വേണ്ടതെന്നും മോഹനന്‍ ഓര്‍മിപ്പിക്കുന്നു.







Comments