
തൊടുപുഴ: കൈക്കൂലി കേസില്‍ ഇടുക്കി ജില്ലാ പട്ടികജാതി ഓഫീസിലെ മുന്‍ മുന്‍ സീനിയര്‍ ക്ലര്‍ക്കിനെ വിജിലന്‍സ് കോടതി 3 വര്‍ഷം കഠിന തടവിനും അഞ്ച് ലക്ഷം രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചു. മൂന്നാര്‍ സ്വദേശിയായ പരാതിക്കാരന്റെ മകള്‍ക്ക് ലഭിക്കേണ്ട സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തീകരിച്ച് നല്‍കാമെന്ന് വാഗ്‌ദാനം നല്‍കി 25,000 രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് ഇടുക്കി ജില്ലാ പട്ടികജാതി ഓഫീസിലെ മുന്‍ സീനിയര്‍ ക്ലര്‍ക്കും നിലവില്‍ തിരുവനന്തപുരം ജില്ലാ പട്ടികജാതി ഓഫീസില്‍ സീനിയര്‍ ക്ലര്‍ക്കായി ജോലി നോക്കി വരുന്നതുമായ ഇടുക്കി ഇടവെട്ടി സ്വദേശി റഷീദ് കെ. പനക്കലി (50) നെ കുറ്റക്കാരനാണെന്ന് കണ്ടെത്തി മൂവാറ്റുപുഴ വിജിലന്‍സ് കോടതി വിധി പ്രസ്‌താവിച്ചത്. പരാതിക്കാരന്റെ മകളുടെ ഉന്നതവിദ്യാഭ്യാസത്തിനായി ഇടുക്കി ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നിന്നും 2019 മുതല്‍ അനുവദിച്ചു വന്നിരുന്ന പോസ്‌റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പ് തുക തന്റെ ഇടപെടലിലൂടെയാണ് വേഗത്തില്‍ ലഭ്യമാക്കുന്നതെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച്, അതിന്റെ പ്രതിഫലമായി 2019-ലും 2020-ലും ഇടുക്കി ജില്ലാ പട്ടികജാതി വികസന ഓഫീസിലെ മുന്‍ സീനിയര്‍ ക്ലര്‍ക്ക് റഷീദ് കെ. പനക്കല്‍ പരാതിക്കാരനില്‍നിന്നും കൈക്കൂലി വാങ്ങിയെടുത്തിരുന്നു.
തുടര്‍ന്ന് 2021 ല്‍ അനുവദിച്ച സ്‌കോളര്‍ഷിപ്പ് തുകയുടെ ഗഡുവില്‍നിന്നും 40,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയും അതില്‍ ആദ്യ ഗഡുവായി 25,000 രൂപ പരാതിക്കാരനില്‍നിന്നും കൈപ്പറ്റിയ സമയം ഇടുക്കി വിജിലന്‍സ് യൂണിറ്റ് റഷീദ് കെ. പനക്കലിനെ കൈയോടെ പിടികൂടുകയായിരുന്നു. ഈ കേസിലാണ് റഷീദ്.കെ. പനയ്‌ക്കല്‍ കുറ്റക്കാരനെന്ന് കണ്ടെത്തി മൂവാറ്റുപുഴ വിജിലന്‍സ് കോടതി 3 വര്‍ഷം കഠിന തടവിനും അഞ്ച് ലക്ഷം പിഴ അടയ്‌ക്കുന്നതിനും ശിക്ഷ വിധിച്ചത്.
മൂവാറ്റുപുഴ വിജിലന്‍സ് കോടതി ജഡ്‌ജ് രാജേഷ്.ജിയാണ് വിധി പുറപ്പെടുവിച്ചത്. ഇടുക്കി വിജിലന്‍സ് യൂണിറ്റിലെ മുന്‍ ഡി.വൈ.എസ്.പി.മാരായ വി.ആര്‍. രവികുമാര്‍, ഷാജു ജോസ്, പോലീസ് ഇന്‍സ്‌പെക്‌ടര്‍മാരായ വിനോദ് സി, ടിപ്‌സണ്‍ തോമസ്, ഷിന്റോ പി. കുര്യന്‍ എന്നിവരാണ് കേസിന്റെ അന്വേഷണം നടത്തിയത്. വിജിലന്‍സിന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍മാരായ സരിത വി.എ, ശ്രീമതി. ദിവ്യ പി.എസ് എന്നിവര്‍ ഹാജരായി.







Comments