
തൃശൂര്‍: മഴയൊഴിഞ്ഞ പകലില്‍ നഗരയോരങ്ങളിലെ വിവിധ മടകളില്‍നിന്ന് അണിഞ്ഞൊരുങ്ങിയിറങ്ങിയ പുലികള്‍ നഗരത്തെ വിറപ്പിച്ചു. കാതടിപ്പിക്കുന്ന ചെണ്ടമേളത്തിനിടെ ഒരേ താളംതുള്ളിയെത്തിയ പുലികള്‍ സാന്ധ്യശോഭയില്‍ സ്വരാജ് ഗ്രൗണ്ട് കീഴടക്കി. തേക്കിന്കാടിനോരത്ത് പതിയിരുന്നും ചാടിത്തുള്ളിയും ഇവര്‍ ജനമനസുകളില്‍ ഇടംപിടിച്ചു. കുടവയറിന്റെ ചേലുറ്റ ചലനവും അരമണിയുടെ നാദവും നിറഞ്ഞ സായാഹ്നത്തില്‍ നഗരത്തിരക്കിലലിഞ്ഞ് ഓരോരുത്തരും പുലികളായി മാറുകയായിരുന്നു.
കാലങ്ങളോളം പുലിവേഷമാടി എഴുപതു പിന്നിട്ടവര്‍ മുതല്‍ ആറു വയസില്‍ ആദ്യചായമണിഞ്ഞ കുരുന്നുകള്‍ വരെ പുലിയായി വന്ന് നഗരത്തെ ത്രസിപ്പിച്ചാണു മടങ്ങിയത്. നാലാം ഓണദിവസമായ ഇന്നലെ തൃശൂരിന്റെ മനസ്സാഴങ്ങളിലേക്കു പദമൂന്നിയ പുലികള്‍ സമ്മാനിച്ചത് വേറിട്ട പുലിക്കളി അനുഭവം. പെണ്‍പുലികള്‍, കരിമ്പുലികള്‍, കുട്ടിപ്പുലികള്‍... എല്ലാവരും കടുംനിറങ്ങളില്‍ നീരാടി നിരനിരയായി എത്തിയതോടെ തൃശൂരിനിത് മറ്റൊരു പൂരമായി. പുലികളുടെ കളികണ്ട് കുട്ടികളും സ്ത്രീകളുമടക്കം വന്‍ ജനാവലി ആവേശത്തിലായി. അതോടെ തൃശൂരിന്റെ രണ്ടാംപൂരമെന്നറിയപ്പെടുന്ന പുലിക്കളി ഇത്തവണയും കളര്‍.
വൈകിട്ടോടെ മടകളില്നിന്നു ചീറിയെത്തിയ പുലിക്കൂട്ടങ്ങള്‍ അരമണികുലുക്കി നഗരത്തിലേക്കെത്തിയതോടെ പുരുഷാരം ആരവം മുഴക്കി. കരിമ്പുലികളും പുള്ളിപ്പുലികളും പെണ്‍പുലികളും ട്രാന്‍സ്ജെന്റ് പുലികളും കുട്ടിപ്പുലികളും വിവിധ ദേശങ്ങളിലായി അണിനിരന്നത് കൗതുകകാഴ്ചയായി. ശങ്കരന്‍കുളങ്ങര ദേശം, ചക്കാംമുക്ക് ദേശം, സീതാറാം മില്‍ ദേശം, കുട്ടന് കുളങ്ങര ദേശം, കാനാട്ടുകര ദേശം, വിയൂര്‍ ദേശം, ഒളരിക്കര ദേശം, അയ്യന്തോള്‍ ദേശം, പാട്ടുരായ്ക്കല്‍ ദേശം എന്നിങ്ങനെ ഒന്‍പത് ടീമുകളാണ് ഇത്തവണ പങ്കെടുത്തത്.
മന്ത്രി ഒ.ജെ. ജനീഷ് പുലിക്കളി ഫ്ളാഗ് ഓഫ് ചെയ്തു. എം.എല്‍.എമാരായ രാജന് പല്ലന്, കെ. രാജന്, സന്ദീപ് വാര്യര്‍, കോര്പറേഷന് മേയര്‍ ഡോ. നിജി ജസ്റ്റിന്, ഡെപ്യൂട്ടി മേയര്‍ എ. പ്രസാദ്, കലക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.
പുലികളിയൊരുക്കത്തിനായി പുലിമടകള്‍ നേരത്തെതന്നെ ഒരുങ്ങിയിരുന്നു. പാലിവരയ്ക്കുള്ള ചായം അരയ്ക്കല്‍, പുലിമുഖം, പുലിവാല്, ട്രൗസറുകള്‍ ഒരുക്കല്‍ എന്നിവയുടെ തിരക്കിലമര്‍ന്നിരുന്ന രാവ് പുലര്‍ന്നതോടെ ചായമണിയലായി. വെയിലാറിത്തുടങ്ങിയതോടെ പുലികള്‍ മടകള്‍ വിട്ട് അരമണികിലുക്കി നഗരത്തിരക്കിലേക്കിറങ്ങി. പെയ്യുമെന്നു തോന്നിച്ച മഴ പതിയെ പിന്‍വാങ്ങി. ഇതും പുലികള്‍ക്കും കാഴ്ചക്കാര്‍ക്കും അനുഗ്രഹമായി.അഞ്ചരയോടെ കുട്ടന്‍കുളങ്ങരയും തൊട്ടുപിറകെ പൂങ്കുന്നം സീതാറാം ടീമും നടുവിലാല്‍ ഗണപതിക്കു മുന്നില്‍ തേങ്ങയുടച്ച് കളിതുടങ്ങിയതോടെ പുലിക്കളി ആവേശത്തിലായി. തൊട്ടുപുറകെ പുലിത്താളത്തിനൊത്ത് കൈ നീട്ടിപ്പിടിച്ച് ആടിയാടിക്കളിച്ച് മറ്റുസംഘങ്ങളുമെത്തിയതോടെ സ്വരാജ് റൗണ്ടിന്റെ ഇരുവശവും നിറഞ്ഞുനിന്ന വന്‍ജനക്കൂട്ടം ആവേശത്തോടെ വരവേറ്റു. കുഞ്ഞുപുലികള്ക്കൊപ്പം സ്ത്രീകളും ഇത്തവണ കൂടുതലായി എത്തി. ഒരുകാലത്ത് പുരുഷന്മാരുടെ കുത്തകയായിരുന്ന പുലിക്കളിയില്‍ സമീപകാലത്തായി സ്ത്രീസാന്നിധ്യം വര്‍ധിച്ചുവരുന്നുണ്ട്.
പുലികള്‍ക്ക് അകമ്പടിയേകിയുള്ള നിശ്ചലദൃശ്യങ്ങളും നയനാനന്ദകരമായി. ലഹരിവിരുദ്ധ സന്ദേശങ്ങള്‍ക്കൊപ്പം പുരാണദൃശ്യങ്ങളും കാലിക വിഷയങ്ങളും നിശ്ചല ദൃശ്യങ്ങളില്‍ ഇടംനേടി. വയറുതടവിയുഴിഞ്ഞ് മിനുസപ്പെടുത്തി ലക്ഷണമൊത്ത പുലികളാകാന് മുമ്പുതന്നെ തുടങ്ങിയതാണ് ഒരുക്കങ്ങള്‍. പുലിയായി ചുവടുവച്ച ആറുവയസുകാരന് രുദ്രപ്രയാഗ് അടക്കമുള്ളവര്‍ കളിയിലെ വിസ്മയമായി. ഇന്നലെ അണിനിരന്ന ഓരോ ടീമിലും അമ്പതിലേറെ പേരുണ്ടായിരുന്നു. പുലിക്കളി കലാകാരന്മാര് നീണ്ട മണിക്കുറുകള്‍ ഒരേനില്പ്പില് നിന്നാണ് പുലിവരയ്ക്ക് കളമൊരുക്കുന്നത്. പ്രമുഖ വാദ്യക്കാരും ഘോഷയാത്രയില്‍ അണിനിരന്നതോടെ ഇക്കൊല്ലത്തെ ഓണാഘോഷത്തിന് ഗംഭീര സമാപനം. വിജയികള്‍ക്ക് തൃശൂര്‍ കോര്പ്പറേഷന് ട്രോഫിയും ക്യാഷ് ൈപ്രസും സമ്മാനിച്ചു.







Comments