
തിരുവനന്തപുരം: ലോക്ഭവന് സമീപം റോഡില്‍ ഒരാള്‍ കുഴഞ്ഞുവീണതു കണ്ടതും വാഹനവ്യൂഹം നിര്‍ത്തി അയാള്‍ക്കരികിലെത്തി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. വാഹനത്തില്‍നിന്ന് ഇറങ്ങിവന്ന ഗവര്‍ണര്‍ വീണയാളുടെ ആരോഗ്യസ്ഥിതി തിരക്കുകയും അടിയന്തര വൈദ്യസഹായം ഉറപ്പാക്കുകയും ചെയ്തു.
ഇന്നലെ രാവിലെയാണ് സംഭവം. ഓണാഘോഷ പരിപാടിയില്‍ പങ്കെടുക്കുന്നതിനായി ഔദ്യോഗിക വസതിയില്‍നിന്ന് പുറപ്പെടുന്നതിനിടെയാണ് റോഡില്‍ ഒരാള്‍ കുഴഞ്ഞുവീഴുന്നത് ഗവര്‍ണറുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ വാഹനവ്യൂഹം നിര്‍ത്താന്‍ നിര്‍ദേശിച്ച ഗവര്‍ണര്‍ വാഹനത്തില്‍നിന്ന് ഇറങ്ങി ഇദ്ദേഹത്തിന്റെ അടുത്തെത്തുകയായിരുന്നു. ഗിരീഷ് എന്നയാളാണ് കുഴഞ്ഞുവീണത്. ബോധരഹിതനായ ഇദ്ദേഹത്തിന്റെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ന്നിരുന്നതായി പിന്നീട് മനസ്സിലായെന്ന് ലോക്ഭവന് അധികൃതര്‍ വ്യക്തമാക്കി.
സ്ഥിതിഗതികള്‍ വിലയിരുത്തിയ ഗവര്‍ണര്‍ ഉടന്‍ ആവശ്യമായ വൈദ്യസഹായം നല്കാന് ജീവനക്കാര്‍ക്ക് നിര്‍ദേശം നല്കി. ഗവര്‍ണറുടെ ജീവനക്കാര്‍ വെള്ളം എത്തിച്ച് ഗിരീഷിന് നല്കി. മുഖം കഴുകി. ഗിരീഷിന്റെ ഫോണില്‍നിന്ന് കുടുംബാംഗങ്ങളെ ബന്ധപ്പെടാനും ശ്രമിച്ചു. എന്നാല്‍, കുടുംബാംഗങ്ങള്‍ ഉടന്‍ സ്ഥലത്തെത്താന്‍ കഴിയാത്ത സാഹചര്യത്തിലായിരുന്നു.
തുടര്‍ന്ന് ആരോഗ്യനില മോശമാകാതിരിക്കാന്‍ ഗിരീഷിനെ ആദ്യം ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തണമെന്ന് ഗവര്‍ണര്‍ നിര്‍ദേശിച്ചു. അതിനുള്ള ക്രമീകരണങ്ങളും ലോക്ഭവന് ജീവനക്കാര്‍ ഒരുക്കി.
ഗവര്‍ണര്‍ ഗിരീഷിനെ പരിചരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.







Comments