
ഗാലേ: ശ്രീലങ്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് വമ്പന്‍ ജയം. മത്സരത്തിന്റെ അവസാന ദിവസം 165 റണ്‍സ് വിജയമാണ് ഇന്ത്യ നേടിയത്. ഇന്ത്യയുടെ മലയാളി താരം ദേവ്ദത്ത് പടിക്കലാണ് പ്ലെയര്‍ ഓഫ് ദി മാച്ച്. രണ്ടാം ഇന്നിങ്സില്‍ 372 റണ്‍സ് വിജയലക്ഷ്യം പിന്തുടര്ന്ന് ഇറങ്ങിയ ശ്രീലങ്ക 77.4 ഓവറില്‍ 206 റണ്‍സെടുത്തു പുറത്താകുകയായിരുന്നു.
മധ്യനിരയില്‍ അര്‍ധ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ ധനഞ്ജയ ഡിസില്‍വ (151 പന്തില്‍ 59), സോനാല്‍ ദിനുഷ (128 പന്തില്‍ 84) എന്നിവരുടെ പോരാട്ടമാണ് ചേസിങ്ങില്‍ ശ്രീലങ്കയുടെ സ്കോര്‍ 200 കടത്തിയത്. രണ്ടാം ഇന്നിങ്സില്‍ ആറു വിക്കറ്റുകള്‍ വീഴ്ത്തിയ 24 വയസ്സുകാരന് സ്പിന്നര്‍ മാനവ് സുതാറാണ് ലങ്കന്‍ ബാറ്റിങ് നിരയെ തകര്‍ത്തെറിഞ്ഞത്. ലഹിരു ഉദാര (16), പസിന്ദു സുരിയബന്ധാര (പൂജ്യം), സോനല്‍ ദിനുഷ (84), കേഷര നുവാന്ത (20), പ്രഭാത് ജയസൂര്യ (പൂജ്യം), ലഹിരു കുമാര (പൂജ്യം) എന്നിവരുടെ വിക്കറ്റുകളാണ് സുതാര്‍ രണ്ടാം ഇന്നിങ്സില്‍ വീഴ്ത്തിയത്.
ആകെ ഇന്നിങ്സിലെ നാലു വിക്കറ്റുകളുള്പ്പടെ 10 വിക്കറ്റുകള്‍ സ്വന്തമാക്കി. ആദ്യ ഇന്നിങ്സില്‍ സെഞ്ചറിയും (167), രണ്ടാം ഇന്നിങ്സില്‍ 44 റണ്‍സും സ്കോര്‍ ചെയ്ത മലയാളി താരം ദേവ്ദത്ത് പടിക്കലാണു കളിയിലെ താരം. പ്രസിദ്ധ് കൃഷ്ണ രണ്ടു വിക്കറ്റുകളും മുഹമ്മദ് സിറാജ്, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതവും വീഴ്ത്തി. സ്കോര്‍: ഇന്ത്യ 462,193. ശ്രീലങ്ക 284,206. പരമ്പരയിലെ രണ്ടാം മത്സരം വരുന്ന 23-ന് കൊളംബോയില്‍ നടക്കും. അഞ്ചാം ദിനം വിജയത്തിലെത്താന്‍ ക്യാപ്റ്റന്‍ ധനഞ്ജയ ഡിസില്‍വയുടെയും സോനല്‍ ദിനുഷയുടേയും ഇന്നിങ്സുകളിലായിരുന്നു ശ്രീലങ്ക പ്രതീക്ഷ വച്ചത്. എന്നാല്‍ ധനഞ്ജയയെ രവീന്ദ്ര ജഡേജയും സോനലിനെ സുതാറും വീഴ്ത്തിയതോടെ ശ്രീലങ്ക പ്രതിരോധത്തിലായി.രണ്ടാം ഇന്നിങ്സില്‍ ഇന്ത്യ മുന്നോട്ടുവച്ച 372 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന ലങ്ക, നാലാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ 4-ന് 84 എന്ന നിലയിലായിരുന്നു. ശ്രീലങ്കന്‍ ബാറ്റിങ് നിര ഇന്ത്യയുടെ അച്ചടക്കമുള്ള ബോളിങ്ങിനു മുന്നില്‍ പതറുന്നതാണ് രണ്ടാം ഇന്നിങ്സിലും കണ്ടത്. സ്കോര്‍ 13-ല്‍ എത്തിയപ്പോള്‍ ഓപ്പണര്‍ നിഷാന്‍ മദുഷ്കയെ (6) വീഴ്ത്തി മുഹമ്മദ് സിറാജാണ് ആക്രമണം തുടങ്ങിയത്. പിന്നാലെ എത്തിയ പസിന്ദു സൂര്യബന്ദാരയെ (0) മാനവ് സുതാര്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. തൊട്ടുപിന്നാലെ കമിന്ദു മെന്‍ഡിസിനെ(2) പ്രസിദ്ധ് കൃഷ്ണ, കെ.എല്‍.രാഹുലിന്റെ കൈകളിലെത്തിച്ചു. അല്പനേരം പിടിച്ചുനിന്ന ശേഷം ലഹിരു ഉദാരയെയും (16) മാനവ് സുതാര്‍ പുറത്താക്കിയതോടെ ലങ്ക സമ്മര്‍ദത്തിലായി.
രണ്ടാം ഇന്നിങ്സിന് ഇറങ്ങിയ ഇന്ത്യ 193 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. ഋഷഭ് പന്ത് (69 പന്തില്‍ 66) ദേവ്ദത്ത് പടിക്കല്‍ (44) എന്നിവരുടെ പോരാട്ടമാണ് ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്. ലങ്കയ്ക്കായി പേസര്‍ അസിത ഫെര്‍ണാണ്ടോ 4 വിക്കറ്റും സ്പിന്നര്‍ പ്രഭാത് ജയസൂര്യ 3 വിക്കറ്റും നേടി. അതിവേഗം പരമാവധി റണ്‍സ് കണ്ടെത്തി, ലങ്കയെ ബാറ്റിങ്ങിന് അയയ്ക്കാനായിരുന്നു രണ്ടാം ഇന്നിങ്സില്‍ ഇന്ത്യയുടെ ശ്രമം. എന്നാല്‍, ഓപ്പണര്‍ യശസ്വി ജയ്സ്വാളിനെ (0) തുടക്കത്തിലെ നഷ്ടമായി. പിന്നാലെയെത്തിയ ദേവ്ദത്തിനെ കൂട്ടുപിടിച്ച് കെ.എല്‍.രാഹുല്‍ ഇന്ത്യന്‍ സ്കോര്‍ ബോര്‍ഡ് മെല്ലെ ചലിപ്പിച്ചു. പ്രഭാത് ജയസൂര്യയുടെ പന്തില്‍ രാഹുലും (35) തൊട്ടുപിന്നാലെ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും (8) പുറത്തായി. സ്കോര്‍ 111ല്‍ എത്തിയപ്പോള്‍ ദേവ്ദത്തും പുറത്തായതോടെ ഇന്ത്യ പ്രതിരോധത്തിലായി.
ധ്രുവ് ജുറേലിനും (7) കാര്യമായി ഒന്നും ചെയ്യാനായില്ല. തുടര്‍ന്നാണ് ഋഷഭ് പന്തിന്റെ കടന്നാക്രമണത്തിന് ഗോള്‍ സാക്ഷിയായത്. 8 ഫോറും 2 സിക്സും അടങ്ങുന്നതായിരുന്നു പന്തിന്റെ ഇന്നിങ്സ്. ടെസ്റ്റ് ക്രിക്കറ്റില്‍ 100 സിക്സ് നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി റെക്കോര്‍ഡിട്ട പന്ത്, ലഹിരു കുമാരയുടെ പന്തില്‍ പുള്‍ ഷോട്ടിന് ശ്രമിച്ച് പുറത്താകുമ്പോള്‍ സ്കോര്‍ 174ല്‍ എത്തിയിരുന്നു. പിന്നാലെ രവീന്ദ്ര ജഡേജ (9), മാനവ് സുതാര്‍ (9), കുല്‍ദീപ് യാദവ് (5), പ്രസിദ്ധ് കൃഷ്ണ (2), മുഹമ്മദ് സിറാജ് (2*) എന്നിവര്‍ക്ക് രണ്ടക്കം കാണാന്‍ സാധിക്കാതെ വന്നതോടെ ഇന്ത്യന്‍ സ്കോര്‍ 193ല്‍ ഒതുങ്ങി.







Comments