
ന്യൂഡല്‍ഹി: ബ്രസീലിയന്‍ ഫുട്ബോള്‍ ടീമിനെതിരെയുള്ള സൗഹൃദ മത്സരത്തിനു പിന്നാലെ 2026 ഫിഫ ലോകകപ്പില്‍ അത്ഭുതം സൃഷ്ടിച്ച ആഫ്രിക്കന്‍ കുഞ്ഞന്‍ ടീമായ കേപ് വെര്‍ദെയും ഇന്ത്യയിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ സൗഹൃദ മത്സരം കളിക്കുന്നതിനു വേണ്ടി ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന് കേപ് വെര്‍ദെയെ ക്ഷണിച്ചുവെന്നാണ് വിവരം.
സെപ്റ്റംബര്‍ 30 മുതല്‍ ഒക്ടോബര്‍ ആറ് വരെയുള്ള ദിവസങ്ങളില്‍ ആഫ്രിക്കന്‍ ടീം ഇന്ത്യയില്‍ കളിക്കാനുള്ള സാധ്യതയെ കുറിച്ചാണ് ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന് ടീമിനോട് ചോദിച്ചിട്ടുള്ളത്.
ഈ ചരിത്ര പോരാട്ടത്തിന്റെ വേദിയായി കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയവും ചെന്നൈയും പരിഗണയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഈ മത്സരത്തിന്റെ വേദിയായുള്ള പ്രഥമ പരിഗണന കൊച്ചിയായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ലോകകപ്പില്‍ അത്ഭുതങ്ങള്‍ തീര്‍ത്ത സംഘം കേരളത്തിന്റെ മണ്ണിലെത്തുമോയെന്നാണ് മലയാളി ഫുട്ബോള്‍ പ്രേമികള്‍ ഉറ്റുനോക്കുന്നത്. ഈ മത്സരത്തിനായി കേപ് വെര്‍ദെ തയാറാണെങ്കില്‍ വേദിയും തീയതിയും ഉടനെ തന്നെ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2026 ലോകകപ്പ് സ്വന്തമാക്കിയ സ്പെയ്നിനെയടക്കം വിറപ്പിച്ച ടീമാണ് കേപ് വെര്‍ദെ. ചാമ്പ്യന്മാരായ സ്പെയ്ന്‍ ടൂര്‍ണമെന്റില്‍ ഏക സമനില വഴങ്ങിയത് വെര്ദെയോടായിരുന്നു. ആദ്യമായി ലോകകപ്പ് കളിക്കാനെത്തിയ വെര്‍ദെ ഗ്രൂപ്പ് റൗണ്ട് ഓഫ് 32 വരെയാണ് മുന്നേറിയത്. മൂന്ന് സമനിലകളുമായാണ് കേപ് വെര്‍ദെ അടുത്ത റൗണ്ടിലേക്ക് കടന്നിരുന്നത്.
വമ്പന്മാരായ ഉറുഗേ്വയെയും സ്പെയ്നിനെയും സൗദി അറേബ്യയെയുമാണ് വെര്‍ദെ സമനിലയിലാക്കിയിരുന്നത്. മയാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രണ്ട് വീതം ഗോളുകള്‍ നേടിയാണ് വെര്‍ദെ ഉറുഗേ്വയെ വിറപ്പിച്ചത്. സ്പെയ്നിനെയും ഗോള്‍ രഹിത സമനിലയിലാണ് കേപ് വെര്‍ദെ തളച്ചത്.
വെര്‍ദെയുടെ ഗോള്‍ മുഖത്ത് വോസിന്ഹയെന്ന 40കാരന്റെ മിന്നും പ്രകടനമാണ് വെര്‍ദെക്ക് തങ്ങളുടെ ആദ്യ ലോകകപ്പ് പോയിന്റ് നേടിക്കൊടുത്തത്. ഇതേ പോരാട്ടവീര്യം ഗ്രൂപ്പിലെ അവസാന പോരാട്ടത്തില്‍ സൗദിക്കെതിരെയും നടത്തിയാണ് ആഫ്രിക്കന്‍ ടീം റൗണ്ട് ഓഫ് 32ലേക്ക് കുതിച്ചത്. റൗണ്ട് ഓഫ് 32ല്‍ മുന്‍ ചാമ്പ്യന്മാരായ അര്‍ജന്റീനയെ വിറപ്പിച്ച് ആരാധകരുടെ ഹൃദയം കീഴടക്കിയാണ് വെര്‍ദെ മടങ്ങിയത്.
വെറും ആറ് ലക്ഷത്തില്‍ താഴെ മാത്രം ജനസംഖ്യയുള്ള കേപ് വെര്‍ദെ തങ്ങളുടെ അരങ്ങേറ്റ ലോകകപ്പില്‍ തന്നെ വിജയത്തോളം പോന്ന മൂന്ന് സമനിലകള്‍ നേടി അത്ഭുതങ്ങള്‍ സൃഷ്ടിച്ച കുഞ്ഞന്‍ രാജ്യം ഇന്ത്യയിലെത്തുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
അതേസമയം ഓഗസ്റ്റ് മൂന്നിനായിരിക്കും ബ്രസീല്‍ ടീം കൊല്‍ക്കത്തയില്‍ പന്തുതട്ടുക. ബ്രസീലിന്റെ വരവ് ഇന്ത്യയിലെ ഫുട്ബോള്‍ ആരാധകരിലും വലിയ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്.







Comments