
കൊളംബോ: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് ഇന്നു തുടക്കം. സിംഹളീസ് സ്പോര്‍ട്സ് ക്ലബ് ഗ്രൗണ്ടില്‍ രാവിലെ പത്ത് മുതലാണു മത്സരം. ഒന്നാം ടെസ്റ്റ് ജയിച്ച ഇന്ത്യക്കാണു മുന്‍തൂക്കം. സ്വന്തം നാട്ടില്‍ പരമ്പര നഷ്ടം ഒഴിവാക്കാനുള്ള ശ്രമത്തിലാണു ശ്രീലങ്ക.
ഗാളില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ 165 റണ്ണിനാണ് ഇന്ത്യ ജയിച്ചത്. ഗാളില്‍ മഴ ഇടയ്ക്കിടെ തടസപ്പെടുത്തിയിരുന്നു. കൊളംബോയില്‍ കാലാവസ്ഥ മത്സരത്തിന് അനുകൂലമാണ്. ഗാളിനെക്കാള് വരണ്ടതാണ് സിംഹളീസ് സ്പോര്‍ട്സ് ക്ലബിലെ പിച്ച്. ഇരുടീമും സ്പിന്നര്‍മാര്‍ക്കു പ്രാധാന്യം നല്‍കുമെന്നാണു സൂചന.
ശ്രീലങ്ക കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്ട്രേലിയ ടീമുകള്‍ക്കെതിരേ പരമ്പര നേടിയിട്ടില്ല. ഇന്ത്യക്കെതിരേ 2008 ലാണ് അവസാനം ടെസ്റ്റ് പരമ്പര നേടിയത്. തുടരെ ആറ് ഹോം ടെസ്റ്റ് പരമ്പരകളിലും അവര്‍ക്കു നിരാശയായിരുന്നു.
ഇടംകൈയന്‍ സ്പിന്നര്‍ രംഗന ഹെറാത്ത് കളമൊഴിഞ്ഞതോടെയാണ് ലങ്കയുടെ പതനവും തുടങ്ങിയത്. ഹെറാത്തിനു പകരക്കാരനെ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞില്ല. ഗാളില്‍ ലങ്കന്‍ സ്പിന്നര്‍മാരായ പ്രഭാത് ജയസൂര്യക്കും അരങ്ങേറ്റക്കാരന്‍ കേഷാര നുവാന്തയ്ക്കും ഇന്ത്യന്‍ ബാറ്റര്‍മാരില്‍ ചലനമുണ്ടാക്കാനായില്ല. ഇന്ത്യന്‍ സ്പിന്‍ ത്രയം മാനവ് സുതര്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ് എന്നിവര്‍ ബാറ്റര്‍മാരെ നിലംതൊടീച്ചില്ല. ബാറ്റിങ് ഓള്‍റൗണ്ടര്‍ സൊനാല്‍ ദിനുഷയുടെ പ്രകടനം മാത്രമാണു വേറിട്ടു നിന്നത്്. പാതും നിസങ്ക, കുശല്‍ മെന്‍ഡിസ് എന്നിവര്‍ പരുക്കു മൂലം പുറത്തിരിക്കുന്നതു കൂടാതെ ദിനേഷ് ചാന്ഡിമലും പരുക്കിന്റെ പിടിയിലായതു ലങ്കയ്ക്കു കൂടുതല്‍ ക്ഷീണമായി. ഓപ്പണിങ് ബാറ്റര്‍ നിഷാന്‍ മദുഷ്കയെയും സ്പിന്നര്‍ രമേശ് മെന്‍ഡിസിനെയും ഒഴിവാക്കുമെന്നാണു സൂചന. കാമില്‍ മിഷാരയ്ക്ക് അരങ്ങേറ്റത്തിനുള്ള വഴിയുമൊരുങ്ങി.
ഇന്ത്യന്‍ നിരയില്‍ കുല്‍ദീപ് യാദവിനെ ഒഴിവാക്കാന്‍ സാധ്യതയുണ്ട്. ഗാളില്‍ കുല്‍ദീപ് ഒരു വിക്കറ്റ് മാത്രമാണെടുത്തത്. സാരാംശ് ജയ്നിന് ടെസ്റ്റില്‍ അരങ്ങേറാനുള്ള വഴിയാകും. ഗാളിലെ ജയം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യയുടെ സാധ്യതകള്‍ വളര്‍ത്തി. ബംഗ്ലാദേശ് ഓസ്ട്രേലിയയ്ക്കെതിരേ രണ്ടാം ടെസ്റ്റില്‍ തോല്‍ക്കുകയും ചെയ്താല്‍ ഇന്ത്യ ആദ്യ മൂന്നിലേക്കെത്തും. പരമ്പര നേട്ടം ഇന്ത്യക്ക് പോയിന്റില്‍ 57.58 ശതമാനത്തിന്റെ വര്‍ധനയുണ്ടാക്കും.
ഇന്ത്യ (സാധ്യതാ ടീം): ലോകേഷ് രാഹുല്‍, യശസ്വി ജയ്സ്വാള്‍, ദേവദത്ത് പടിക്കല്‍, ശുഭ്മന്‍ ഗില്‍ (നായകന്), ഋഷഭ് പന്ത്, ധ്രുവ് ജൂറല്‍, രവീന്ദ്ര ജഡേജ, മാനവ് സുതര്‍, കുല്‍ദീപ് യാദവ്/സാരാംശ് ജെയ്ന്‍, മുഹമ്മദ് സിറാജ്, പ്രസിദ്ധ കൃഷ്ണ.
ശ്രീലങ്ക (സാധ്യതാ ടീം): ലാഹിരു ഉദാര, കാമില്‍ മിഷാര, കാമിന്ദു മെന്‍ഡിസ്, ധനഞ്ജയ ഡി സില്‍വ (നായകന്), സൊനാല്‍ ദിനുഷ, പാസിന്ഡി സൂര്യബണ്ടാര, നിരോഷന്‍ ഡിക്വെല, കെഷാര നുവാന്ത, പ്രഭാത് ജയസൂര്യ, അസിത ഫെര്‍ണാണ്ടോ, ലാഹിരു കുമാര.







Comments