
തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് ലീഗില്‍ ട്രിവാന്‍ഡ്രം റോയല്‍സിനെതിരേ ഏരീസ് കൊല്ലം സെയിലേഴ്‌സിന് 11 റണ്‍ ജയം. ആദ്യം ബാറ്റ് ചെയ്‌ത കൊല്ലം സെയിലേഴ്‌സ് 20 ഓവറില്‍ ആറ് വിക്കറ്റിന് 202 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്‌ത ട്രിവാന്‍ഡ്രം റോയല്‍സിന് ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 191 റണ്ണെടുക്കാനെ കഴിഞ്ഞുള്ളു.
അര്‍ധ സെഞ്ചുറിയുമായി അരുണ്‍ പൗലോസാണ് സെയിലേഴ്‌സിന് ജയമൊരുക്കിയത്. അരുണ്‍ പൗലോസിന്റെ വെടിക്കെട്ട് തുടക്കമാണ് കൊല്ലത്തിന്റെ കൂറ്റന്‍ സ്‌കോറിന് അടിത്തറ. എതിര്‍ ബൗളര്‍മാരെ കടന്നാക്രമിച്ച അരുണ്‍, ഗാലറിയെ ആവേശക്കടലാക്കി. ടൂര്‍ണമെന്റിലെ ഏറ്റവും പ്രായമേറിയ താരം കൂടിയായ അരുണ്‍ തകര്‍പ്പന്‍ ബൗണ്ടറിയോടെയാണ് സ്‌കോറിങ്ങിന് തുടക്കമിട്ടത്. 26 പന്തില്‍ അര്‍ധ സെഞ്ചുറി കടക്കാന്‍ താരത്തിനായി. 32 പന്തില്‍ അഞ്ച് സിക്‌സറും ആറ് ഫോറുമടക്കം 62 റണ്ണെടുക്കാന്‍ അരുണിനായി. അരുണിന്റെ മികവില്‍ കൊല്ലത്തിന്റെ സ്‌കോര്‍ 10.1 ഓവറില്‍ 100 കടന്നു. നായകന്‍ വത്സല്‍ ഗോവിന്ദും ആനന്ദ് കൃഷ്‌ണനും ചേര്‍ന്ന കൂട്ടുകെട്ടും കൊല്ലത്തിന്റെ സ്‌കോര്‍ അതിവേഗം മുന്നോട്ടു നീക്കി. വത്സല്‍ ഗോവിന്ദ് 43 റണ്ണും ആനന്ദ് കൃഷ്‌ണന്‍ 35 റണ്ണുമെടുത്തു. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച അജിനാസിന്റെയും അര്‍ജുന്‍ വേണുഗോപാലിന്റെയും ഇന്നിങ്‌സുകളാണ് കൊല്ലത്തിന്റെ സ്‌കോര്‍ 200 കടത്തിയത്. അജിനാസ് ഏഴ് പന്തില്‍ 16 റണ്ണും അര്‍ജുന്‍ ആറ് പന്തില്‍ 17 റണ്ണുമെടുത്തു. റോയല്‍സിനു വേണ്ടി രാഹുല്‍ ചന്ദ്രനും എം.നിഖിലും രണ്ട് വിക്കറ്റ് വീതമെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ റോയല്‍സിന് ഭേദപ്പെട്ട തുടക്കമാണ് ഓപ്പണര്‍മാര്‍ നല്‍കിയത്.
അഭിഷേക് പി. നായരും നായകന്‍ കൃഷ്‌ണപ്രസാദും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 46 റണ്‍ കൂട്ടിച്ചേര്‍ത്തു. 25 റണ്ണെസെടുത്ത അഭിഷേക് പുറത്തായെങ്കിലും പകരമെത്തിയ വിഷ്‌ണു വിനോദുമായി ചേര്‍ന്ന് കൃഷ്‌ണപ്രസാദ് അതിവേഗം ഇന്നിങ്‌സ് മുന്നോട്ടു നീക്കി. ഇരുവരും ചേര്‍ന്നുള്ള കൂട്ടുകെട്ടില്‍ 48 റണ്‍ പിറന്നു. 26 റണ്ണെടുത്ത വിഷ്‌ണു വിനോദിനെ പുറത്താക്കി കെ.ജി. അഖിലാണ് കൂട്ടുകെട്ടിന് അവസാനമിട്ടത്. കൃഷ്‌ണപ്രസാദും ഗോവിന്ദ് ദേവ് പൈയും ചേര്‍ന്നുള്ള നാലാം വിക്കറ്റ് കൂട്ടുകെട്ടും റോയല്‍സിന് പ്രതീക്ഷ നല്‍കി. അടുത്തടുത്ത ഓവറുകളില്‍ ഇരുവരും പുറത്തായത് റോയല്‍സിന് തിരിച്ചടിയായി. റോയല്‍സിന്റെ മറുപടി 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 191 റണ്‍സിലവസാനിച്ചു. കൃഷ്‌ണപ്രസാദ് 53 റണ്ണും ഗോവിന്ദ് പൈ 32 റണ്ണുമെടുത്തു. മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ കെ.ജി അഖിലാണ് കൊല്ലം നിരയില്‍ തിളങ്ങിയത്.







Comments