
''എന്തെന്റെ മാവേലിയെഴുന്നള്ളാത്തൂ
കുന്നല നാടു കാണാനെഴുന്നള്ളാത്തൂ
പൊന്നോണപ്പൂ വിരിയും തൊടിയിലെന്തേ നിന്റെ
ചന്ദന മെതിയടിയൊച്ച കേള്‍ക്കാത്തൂ''
'ഓണം' ഈ വാക്കിനോളം ഗൃഹാതുരത്വം തുളുമ്പുന്ന മറ്റൊരു വാക്ക് മലയാളിക്കുണ്ടാകില്ല. ഒരു പുതുവര്‍ഷ കലണ്ടര്‍ കിട്ടിയാല്‍ നാം ആദ്യം നോക്കുന്നത് തിരുവോണ തിയതി ആയിരിക്കും. ചാണകം മെഴുകിയ തറയില്‍ ദശപുഷ്‌പങ്ങള്‍കൊണ്ട് പൂക്കളമിട്ട്, കളിമണ്ണുകൊണ്ടുണ്ടാക്കിയ ഓണത്തപ്പനെ ഒരുക്കി ഓണം കൊണ്ടാടിയ കാലം... തുമ്പയും തുളസിയും മുക്കുറ്റിയും കൃഷ്‌ണകിരീടവും നിറഞ്ഞ പാടവരമ്പുകളിലുടെയും പറമ്പുകളിലൂടെയും പൂക്കൂടയുമായി പുക്കള്‍ തേടി അലഞ്ഞ ഒരു കാലം നമ്മുക്കുണ്ടായിരുന്നു. ആ കാലത്തില്‍നിന്ന്, മലയാളിയുടെ പൂക്കളത്തില്‍ അന്യസംസ്‌ഥാനങ്ങളില്‍നിന്നുള്ള പൂക്കള്‍ നിറഞ്ഞു. എങ്കിലും മലയാളിക്ക് എന്നും പഴയകാലം ഓര്‍ക്കുവാനുള്ള പഴമയിലേക്കുള്ള തിരിച്ചുപോക്ക് കൂടിയാണ് ഓണം. മലയാളി ഒത്തൊരുമയോടെ ആഘോഷിക്കുമെങ്കിലും ഓരോ നാട്ടിലും ഓണത്തിന് മാത്രമായി ചില പ്രത്യേക ചടങ്ങുകള്‍ ഉണ്ട്. അതിനെ ചുറ്റി പറ്റി ഐതിഹ്യങ്ങളും കഥകളും. തൃശൂര്‍കാര്‍ക്ക് ഓണമെന്നാല്‍ ഓണത്തലും പുലിക്കളിയും കുമ്മാട്ടിക്കളിയുമാണ്. പുലിക്കളിയേക്കാള്‍ പഴക്കം കുമ്മാട്ടിക്കളിതന്നെയാണ്. വിശ്വാസവും മിത്തും ഇഴപിരിച്ചുമാറ്റാനാവാത്ത വിധം ഇടകലര്‍ന്ന കുമ്മാട്ടിക്കളിയുടെ ചരിത്രവര്‍ത്തമാനങ്ങളാണ്.
ഐതിഹ്യകഥകള്‍
ഓണവുമായി ബന്ധപ്പെട്ട ഐതിഹ്യകഥകള്‍ ഏറെയാണ്. മഹാബലിയുടെ കാലത്തെ സമൃദ്ധിയെ ഓര്‍മപ്പെടുത്തുകയാണ് ഓണം എന്നതാണ് ഇതില്‍ മുഖ്യം. വര്‍ഷംതോറും ചിങ്ങമാസത്തിലെ തിരുവോണനാളില്‍ മഹാബലി തന്റെ പ്രജകളെ കാണാനെത്തുന്നു എന്നതാണ് ഇതിനു പിന്നിലെ സങ്കല്‌പം. തൃക്കാക്കര ക്ഷേത്രത്തിലെ പ്രതിഷ്‌ഠയായ മഹാദേവന്റെ തിരുനാളായ തിരുവോണം കൊണ്ടാടാന്‍ തൃക്കാക്കര വാണ മഹാബലിപ്പെരുമാള്‍ കല്‌പിച്ചുവെന്നതാണ് മറ്റൊരു കഥ.
പരശുരാമന്‍ കേരളം സന്ദര്‍ശിക്കുന്നതിന്റെ ഓര്‍മ പുതുക്കലാണ് ഓണമെന്ന് വിശ്വസിക്കുന്നവരുമുണ്ട്. കേരളത്തില്‍ ഒരുകാലത്ത് പ്രചരിച്ചിരുന്ന ബുദ്ധമതത്തിന്റെ സംഭാവനയാണ് ഓണമെന്നു മറ്റൊരു വാദമുണ്ട്. ചിങ്ങമാസത്തിലെ തിരുവോണ ദിവസമാണ് ചേരമാന്‍ പെരുമാള്‍ മക്കയിലേക്ക് തിരിച്ചതെന്നും അതിന്റെ സ്‌മരണയാണ് ഓണമെന്നും മറ്റൊരു കൂട്ടര്‍ അഭിപ്രായപ്പെടുന്നു. കേരളത്തിന്റെ വിളവെടുപ്പുത്സവമാണ് ഓണമെന്നും മലബാറില്‍ കൊല്ലവര്‍ഷപ്പിറവി കുറിക്കുന്ന ദിവസമാണ് ഓണമെന്നുമുള്ള വ്യത്യസ്‌ത അഭിപ്രായങ്ങള്‍ ഓണാഘോഷവുമായി ബന്ധപ്പെട്ടു ചരിത്രകാരന്മാര്‍ മുന്നോട്ടുവയ്‌ക്കുന്നു.
കുമ്മാട്ടിക്കളി
''കുമ്മാട്ടി എന്ന് കേട്ടിട്ടുണ്ടോ നീ..? തൃശൂര്‍ കുമ്മാട്ടിയല്ല, മുണ്ടൂര് കുമ്മാട്ടി' അയ്യപ്പനും കോശിയും സിനിമ കണ്ടവരാരും മറക്കാത്ത ഒരു ഡയലോഗാണിത്. മുണ്ടൂര് കുമ്മാട്ടി തല്‍ക്കാലം അവിടെ നില്‍ക്കട്ടെ. നമുക്ക് തൃശൂര്‍ കുമ്മാട്ടിയിലേക്ക് വരാം.
ഉത്രാടനാള്‍ മുതല്‍ നാലാംഓണം വരെയാണ് കുമ്മാട്ടികള്‍ നാട്ടിലിറങ്ങുക. കിഴക്കുംപാട്ടുകര, ഊരകം, ചേറൂര്‍, ചേലക്കോട്ടുകര, നെല്ലങ്കര, തുടങ്ങി തൃശൂരിന്‍െ്‌റ വിവിധ ഭാഗങ്ങളിലാണ് കുമ്മാട്ടിക്കളി നടക്കുന്നത്. കാട്ടാളന്‍, ഹനുമാന്‍, കാളി, നരസിംഹം എന്നിവയാണ് കുമ്മാട്ടി കളിയിലെ വേഷങ്ങള്‍.
വിശ്വാസവും മിത്തും
തൃശൂരിന് ആ പേര് ഉണ്ടാകുന്നതിന് മുമ്പ് എടവക്കുന്ന് എന്നൊരു പേരുണ്ടായിരുന്നു. സംസ്‌കൃതത്തില്‍ ഋഷഭാചലം. ഋഷഭം എന്നാല്‍ കാള. വടക്കുന്നാഥനില്‍ കുടികൊള്ളുന്ന ദേവചൈതന്യം ശിവനാണ്. അചലം എന്ന് പറയുന്നത് കുന്നിനെയാണ്. എടവക്കുന്ന് എന്നാല്‍ ശിവന്‍െ്‌റ വാഹനമായ കാളയുടെ ഇരിപ്പിടമായ കുന്ന്. തൃശ്ശിവപേരൂര്‍ എന്നൊരു പേരുകൂടിയുണ്ട്. ശക്‌തന്‍തമ്പുരാന്‍ ആധുനിക തൃശൂരിനെ ഉണ്ടാക്കിയെടുക്കുന്നതിനു മുമ്പുള്ള ചരിത്രമാണ്. കുമ്മാട്ടിക്കളിയ്‌ക്ക് വടക്കുന്നാഥ ക്ഷേത്രത്തിലെ ശിവപ്രതിഷ്‌ഠയോളം പഴക്കമുണ്ടത്രേ! വടക്കുന്നാഥ ക്ഷേത്രത്തില്‍ കുടികൊള്ളുന്ന ശിവനും പഞ്ചപാണ്ഡവരില്‍ പ്രമുഖനായ അര്‍ജ്‌ജുനനും തമ്മിലുള്ള മത്സരത്തിന്റെ കഥയാണ് കുമ്മാട്ടിക്കളിയില്‍ പാടിവരുന്ന പാട്ടുകളില്‍ നിറയുന്നത്.
ശിവന്റെ ഭൂതഗണങ്ങളായ കുമ്മാട്ടികള്‍ വീടുകളില്‍ എത്തുന്നത് കാലദോഷം തീര്‍ക്കാ നാണെന്നാണ് ഹൈന്ദവ വിശ്വാസം. പുരാണങ്ങളിലെ കഥാപാത്രങ്ങളെ സ്‌തുതിച്ചെത്തുന്ന കുമ്മാട്ടികളെ എന്നും മലയാളികള്‍ ഏറെ ആദരവോടെയാണ് കാണുന്നത്. കുമ്മാട്ടിപ്പാട്ടുകളിലെ ഈ വരികള്‍ ശ്രദ്ധിക്കൂ:
'തേങ്ങാമരമതു കായ്‌ക്കണമെങ്കില്‍,
കുമ്മാട്ടിക്കൊരു തേങ്ങ കൊടുപ്പിന്‍,
കുമ്മാട്ടിയ്‌ക്കു പഴങ്ങള്‍ കൊടുത്താല്‍
ഉണ്ണാനുണ്ടാമെല്ലാവര്‍ക്കും'...
വീട്ടിലും തൊടിയിലുമെല്ലാം ഫലമൂലാദികള്‍ തഴച്ചുവളരുന്നതിനും നിറയെ കായ് ഫലം ഉണ്ടാകുന്നതിനും ആദ്യഫലം കുമ്മാട്ടിയ്‌ക്ക് കൊടുക്കണമെന്ന വിശ്വാസമാണ് ഈ വരികളില്‍ തെളിയുന്നത്. ആര്യവത്‌കരണത്തിനു മുമ്പുള്ള ദ്രാവിഡീയ സംസ്‌കാരത്തിന്റെ പൊന്‍പരാഗങ്ങള്‍ കുമ്മാട്ടിപ്പാട്ടുകളിലാകെ ചിതറിക്കിടപ്പുണ്ട്. ഓണം എന്ന സങ്കല്‍പ്പത്തിന്റെ ആധാരം മഹാബലിയെന്ന അസുരചക്രവര്‍ത്തിയുടെ മഹാദാനത്തിന്റെ കഥയാണല്ലോ. വാമനരൂപം പൂണ്ട മഹാവിഷ്‌ണു മഹാദാനിയായ മഹാബലിയോട് മൂന്നടി മണ്ണ് ദാനമായി ചോദിക്കുന്നതും മഹാബലി സസന്തോ ഷം അത് നല്‍കുന്നതുമാണ് ഓണപുരാവൃത്തങ്ങളില്‍ നിറയുന്നത്. ആദ്യമളന്നത് ആകാശം, പിന്നെ ഭൂമി, മൂന്നാ മത്തെ ചവിട്ടടി മഹാബലിയുടെ ശിരസിലായിരുന്നു. തദ്ദേശീയരായ ദ്രാവിഡജനതയുടെ ആരാധാനാ സമ്പ്രദായങ്ങളെ ആദ്യം ഇല്ലാതാക്കിയ ആര്യന്മാര്‍ പിന്നെ, അവരുടെ കൃഷിഭൂമിയും സ്‌ഥാവരജംഗമങ്ങളും കൈക്കലാക്കുകയും ഒടുക്കം ദ്രാവിഡരെയാകെ ഉന്മൂലനം ചെയ്യുകയും ചെയ്‌തതിന്റെ ഒരു ഉപകഥ ഈ മിത്തില്‍ നിഴലിടുന്നുണ്ട്.
പാണ്ഡവരുടെ വനവാസ കാലത്ത് യുധിഷ്‌ഠിരന്‍ അനുജനായ അര്‍ജുനനോട് ശത്രുസംഹാരത്തിനായി വിശിഷ്‌ട ആയുധങ്ങള്‍ തപസുചെയ്‌ത് നേടാന്‍ നിര്‍ദേശിച്ചു. അതനുസരിച്ച് അര്‍ജുനന്‍ ഹിമാലയത്തിലെത്തി ദേവേന്ദ്രന്‍, ശിവന്‍, യമന്‍, വരുണന്‍ എന്നീ ദേവന്‍മാരെ കണ്ട് വരം സ്വന്തമാക്കി. ഇതില്‍ ശിവനെ പ്രത്യക്ഷപ്പെടുത്താന്‍ മാത്രം കഠിനമായ തപസു ചെയ്യേണ്ടിവന്നു. ശിവന്റെ പക്കലുള്ള പാശുപതാസ്‌ത്രമായിരുന്നു അര്‍ജുനന്‍ വരമായി ആഗ്രഹിച്ചത്. എന്നാല്‍ ഈ വരം നല്‍കുന്നതിന് മുമ്പായി അര്‍ജുനന്റെ സാമര്‍ഥ്യം പരീക്ഷിക്കാന്‍ ശിവന്‍ തിരുമാനിച്ചു. അതിനുശേഷം മാത്രമേ അസ്‌ത്രദാനം നലല്‍കു എന്നും നിശ്‌ചയിച്ചു. ശിവന്‍ കാട്ടാളരൂപം ധരിച്ച് അര്‍ജുനന്റെ മുമ്പിലെത്തി, പാര്‍വതി കാട്ടാളത്തിയുമായി. മായാവിദ്യയിലൂടെ ഒരു കാട്ടുപന്നിയെ സമാധിസ്‌ഥനായ അര്‍ജുനന്റെ മുമ്പിലൂടെ ഓടിച്ചു. പെട്ടെന്ന് കണ്ണുതുറന്ന അര്‍ജുനന്‍ വില്ലുകുലച്ച് പന്നിക്ക് പിന്നാലെ ഓടി.
കിരാതരൂപിയായ ശിവന്‍ മറ്റൊരു വഴിയിലൂടെ പന്നിയെ പിന്തുടര്‍ന്നു. ഒരിടത്ത്‌വച്ച് ഇരുവരും വില്ലുകുലച്ചു. രണ്ട് ശരങ്ങളും ഒരേ സമയം പന്നിയുടെ ദേഹത്ത് പതിച്ചു. പ്രാണവേദനകൊണ്ട് പുളഞ്ഞ് പന്നി ചത്തുവീണു. താനയച്ച അമ്പാണ് ആദ്യം പന്നിക്ക് മേല്‍ കൊണ്ടെതെന്ന് പറഞ്ഞ് അര്‍ജുനന്‍ പന്നിക്കുമേല്‍ അവകാശവാദം ഉന്നയിച്ചു. ആ വാദത്തെ ഖണ്ഡിച്ച് ശിവനും അവകാശവാദമുന്നയിച്ചു.
തര്‍ക്കം മുറുകിയപ്പോള്‍ തങ്ങളില്‍ ആരാണ് കേമന്‍ എന്ന് യുദ്ധത്തിലൂടെ തീരുമാനിക്കാം എന്ന ധാരണയിലെത്തി. അല്‌പസമയത്തിനകം അവിടം ഒരു യുദ്ധഭൂമിയായി. ശിവനും അര്‍ജുനനും തമ്മില്‍ പൊരിഞ്ഞ യുദ്ധം നടന്നു. ദിവ്യാസ്‌ത്രങ്ങള്‍ പ്രയോഗിച്ച് തങ്ങളുടെ കഴിവുകള്‍ പരസ്‌പരം കാട്ടി. ഏറെനേരം നീണ്ട യുദ്ധത്തിനൊടുവില്‍ അര്‍ജുനന്‍ നിരായുധനും നിസഹായനുമായി. കേവലമൊരു കാട്ടാളനോട് അടിയറവു പറയേണ്ടിവന്നതില്‍ അര്‍ജുനന്‍ ദുഃഖിച്ചു. പെട്ടെന്ന് ശിവന്‍ കിരാതരൂപം വെടിഞ്ഞ് സ്വരൂപം കൈക്കൊണ്ട് അര്‍ജുനനെ അനുഗ്രഹിച്ചു. വിഷമിക്കേണ്ടതില്ല. കിരാതരൂപത്തില്‍ വന്ന് നിന്നെ പരീക്ഷിക്കുകയായിരുന്നു എന്നും പരീക്ഷണത്തില്‍ അര്‍ജുനന്‍ വിജയിച്ചു എന്നും പറഞ്ഞ് ദിവ്യശക്‌തിയുള്ള പാശുപതാസ്‌ത്രം സമ്മാനിച്ചു.
അര്‍ജുനന്‍ ആദരപൂര്‍വം പാശുപതാസ്‌ത്രം വാങ്ങി ശിവനെ നമസ്‌കരിച്ചു. അപ്പോഴേക്കും ശിവന്റെ അസംഖ്യം ഭൂതഗണങ്ങള്‍ അവിടെയെത്തി. അവര്‍ ശിവനേയും പാര്‍വതിയേയും സന്തോഷിപ്പിക്കാന്‍ അമ്പുംവില്ലും കൊട്ടി നൃത്തംചെയ്‌തു. അനന്തരം ശിവനും പാര്‍വതിയും അപ്രത്യക്ഷരായി. വളരെ കാലത്തിന് ശേഷം ശിവന്‍ പാര്‍വതീസമേതനായി തൃശൂര്‍ വടക്കുംനാഥക്ഷേത്രത്തില്‍ കുടികൊണ്ടു. ഒരിക്കല്‍, ഭൂതഗണങ്ങളുടെ പഴയ നൃത്തവും പാട്ടും വീണ്ടും കേള്‍ക്കണമെന്ന് പാര്‍വതിക്ക് മോഹമുണ്ടായി. ആ നിമിഷം ഭൂതഗണങ്ങളെ വരുത്തി നൃത്തം ചെയ്യാനാവശ്യപ്പെട്ടു. താളാത്മകമായ പാട്ടും നൃത്തവും ഭഗവതിക്ക് ഏറെ ഇഷ്‌ടപ്പെട്ടു. നൃത്തം തീര്‍ന്നതും പാര്‍വതി ഭൂതഗണങ്ങള്‍ക്ക് പട്ടും വളയും സമ്മാനിച്ചു. അതിന് ശേഷം ശിവന്‍ ഭൂതഗണങ്ങളോട് ഇങ്ങനെ നിര്‍ദേശിച്ചു. 'ഏറെ ഹൃദ്യമായ നിങ്ങളുടെ ആട്ടവും പാട്ടും ചെയ്‌ത് നിങ്ങള്‍ ജനങ്ങളെ സന്തോഷിപ്പിക്കണം. ഒരുകാലത്തും വിസ്‌മരിക്കാതെ അവര്‍ ഈ കലയെ സംരക്ഷിച്ചുകൊള്ളും. ഓണക്കാലത്ത് എന്റെ പ്രിയഭക്‌തനായ മഹാബലി കേരളീയരെ കാണാനായി ഇവിടെയെത്തും. അപ്പോള്‍ നിങ്ങള്‍ ഭക്‌തരുടെ ഭവനങ്ങള്‍ സന്ദര്‍ശിച്ച് നൃത്തവും പാട്ടുംകൊണ്ട് അവരെ ആനന്ദിപ്പിക്കണം.' അങ്ങനെയാണ് കുമ്മാട്ടിക്കളിക്ക് തൃശൂരിലും പരിസരങ്ങളിലും പ്രചാരമുണ്ടായതെന്നാണ് ഐതിഹ്യം.
ദേവ, മനുഷ്യ കഥാപാത്രങ്ങളും മൃഗ കഥാപാത്രങ്ങളും കുമ്മാട്ടിക്കളിയിലുണ്ട്. ശിവന്‍, ബ്രഹ്‌മാവ്, ശ്രീരാമന്‍, കൃഷ്‌ണന്‍, ഗണപതി, കിരാതമൂര്‍ത്തി, ദാരികന്‍, കാളി, കാട്ടാളന്‍, ഗരുഡന്‍, സുഗ്രീവന്‍, ബാലി, അപ്പൂപ്പന്‍, സന്യാസി തുടങ്ങിയ പൊയ്‌മുഖങ്ങള്‍ക്കൊപ്പം പുലിമുഖവും തെയ്യമുഖവും കാളമുഖവും ചില കുമ്മാട്ടികള്‍ അണിയാറുണ്ട്. കൈയില്‍ വടിയുമായെത്തുന്ന തള്ള മുഖം കുമ്മാട്ടിയാണ് വേഷങ്ങളെ നിയന്ത്രിക്കുക. ഇപ്പോള്‍ നാടന്‍ കലാരൂപങ്ങളും ഫാന്‍സി വേഷങ്ങളും കൂടി ജനത്തെ രസിപ്പിക്കാന്‍ വേണ്ടി ഒരുക്കാറുണ്ട്.
ഒരു കുമ്മാട്ടി മുഖത്തിന് 20000 മുതല്‍ 50000 രൂപയോളം നിര്‍മാണ ചെലവ് വരും. 10 കിലോയോളം ഭാരമുള്ള കുമ്മാട്ടി മുഖങ്ങള്‍ വരെയുണ്ട്. ഏറെ ഭംഗിയുള്ള മുഖംമൂടികളാണ് ഉപയോഗിക്കാറുള്ളത്. ആദ്യകാലങ്ങളില്‍ കമുകിന്‍ പാളയിലായിരുന്നു മുഖംമൂടി വരച്ചിരുന്നത്. പിന്നീടത് മുരിക്ക്, കുമ്മിള്‍ പോലെ ഭാരംകുറഞ്ഞ തടികള്‍ ഉപയോഗിച്ച് ഉണ്ടാക്കാനാരംഭിച്ചു. അതിനും പൊട്ടല്‍ വരുമെന്നതിനാല്‍ കുമ്മാട്ടിമുഖങ്ങള്‍ പ്ലാവിന്റെ തടിയിലും ഇപ്പോള്‍ തീര്‍ക്കുന്നുണ്ട്. ശരീരം മുഴുവന്‍ പര്‍പ്പടക പുല്ല് വച്ചുകെട്ടിയാണ് കുമ്മാട്ടിവേഷം ഒരുക്കുക. അപൂര്‍വമായി വാഴയിലയും കെട്ടാറുണ്ട്. ഇതിനെ കുമ്മാട്ടിപ്പുല്ലെന്നും വിളിക്കാറുണ്ട്. പ്രത്യേക രീതിയില്‍ കുമ്മാട്ടിപ്പുല്ല് പിരിച്ചുപിരിച്ച് മെടഞ്ഞശേഷം കയറും കാഞ്ഞിര വള്ളിയും ഉപയോഗിച്ച് ദേഹത്ത് വച്ചുകെട്ടും. ഇതിനുശേഷമാണ് പൊയ്‌മുഖമണിയുക.
ഓണവില്ല്
കുമ്മാട്ടിക്കളിയില്‍ പാട്ടിനുള്ളതുപോലെ പ്രാധാന്യം ഓണവില്ലിനുമുണ്ട്. ഓണവില്ലാണ് പാട്ടിന് താളം കൊടുക്കുന്ന വാദ്യം. കവുങ്ങിന്റെയോ പനയുടെയോ വാരി വളച്ച് മുളകൊണ്ട് ഞാണ്‍ കെട്ടിയാണ് ഓണവില്ല് ഉണ്ടാക്കുന്നത്. വില്ലില്‍ പ്രത്യേകരീതിയില്‍ കൊട്ടിയുള്ള മനോഹരമായ ശബ്‌ദമാണ് പാട്ടിന് പശ്‌ചാത്തലസംഗീതം. ശിവനും അര്‍ജ്‌ജുനനും തമ്മില്‍ നടന്ന പോരാട്ടത്തെ അടയാളപ്പെടുത്തുന്നതാണ് ഈ വില്ല്. പാട്ടുകളില്‍ ഇടയ് ക്കിടെ നിറയുന്ന ആര്‍പ്പോ വിളി കുമ്മാട്ടിക്കൂട്ടത്തിന്റെ വരവിനെ വിളംബരം ചെയ്യുന്ന വായ്‌ത്താരിയാണ്.
പുലി വരുന്നേ പുലി
ഓണക്കാലത്ത് പുലിയിറങ്ങുന്ന ഒരു നാട്, അതാണ് തൃശൂര്‍. നാലാം ഓണത്തിനാണ് തൃശൂര്‍ നഗരത്തില്‍ പുലിക്കളി അരങ്ങേറുക. പുലിവേഷം കെട്ടിയ വിവിധ ദേശങ്ങളുടെ പുലിക്കളിക്കാര്‍ പുലിക്കളിയുടെ ദിവസം തൃശൂര്‍ നഗരത്തിലെ റോഡുകളില്‍ ചുവടുവയ്‌ക്കും. തൃശൂര്‍ പൂരം കഴിഞ്ഞാല്‍ തൃശൂരുകാര്‍ ഏറ്റവും ആഘോഷിക്കുന്ന സാംസ്‌കാരിക ഉത്സവവും പുലിക്കളിയാണ്. കൊല്ലത്തും തിരുവനന്തപുരത്തുമൊക്കെ ഗ്രാമപ്രദേശങ്ങളിലും പുലി, കടുവ കളികള്‍ അരങ്ങേറാറുണ്ട്. പക്ഷേ തൃശൂരിലെ 'പുലി'യുടെ അത്രവരില്ല മറ്റൊന്നും.
തൃശൂരിന്റെ 'പുലികള്‍'ക്ക് നൂറ്റാണ്ടുകള്‍ പഴക്കമുണ്ടെന്ന് ചിലര്‍ വാദിക്കുന്നു. 200 വര്‍ഷത്തോളം പഴക്കമാണ് ഇക്കൂട്ടര്‍ കാണുന്നത്. എന്നാല്‍ അത്ര പഴഞ്ചനല്ല പുലിയെന്ന് മറുവാദവുമുണ്ട്. തൃശൂര്‍ പൂരം പോലെ പുലിക്കളിയെ ശക്‌തന്‍ തമ്പുരാനുമായി ചേര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഒന്നാം ലോകമഹായുദ്ധത്തിനുശേഷം തൃശൂരില്‍ പ്രവര്‍ത്തിച്ചിരുന്ന പട്ടാള ക്യാമ്പിലാണ് ആദ്യമായി പുലിക്കളി നടന്നതെന്ന് ചിലര്‍ വിശ്വസിക്കുന്നു. തൃശൂരില്‍ പഠാണി മുസ്ലിങ്ങളുടെ പഞ്ചയെടുക്കല്‍ ചടങ്ങുമായി ബന്ധപ്പെട്ടുള്ള ഘോഷയാത്രയിലാണ് പുലിക്കളി ആദ്യമായി അവതരിപ്പിക്കപ്പെട്ടതെന്ന് ഒരു ഐതിഹ്യമുണ്ട്.
ഇത് ഒന്നുമല്ലെന്ന് വിശ്വസിക്കുന്നവരുമുണ്ട്. മൈസൂര്‍ ഭരണാധികാരിയായിരുന്ന ടിപ്പു സുല്‍ത്താന്‍ ഓരോ പ്രദേശവും ആക്രമിച്ചു കീഴടക്കുമ്പോള്‍, സുല്‍ത്താന്റെ കൊടിയടയാളമായ പുലിരൂപം പൂണ്ട് പട്ടാളക്കാര്‍ നൃത്തമാടിയിരുന്നുവത്രേ. ഈ സൈനിക പ്രകടനത്തിന്റെ പരിഷ്‌കൃത രൂപമാണ് ഇന്നുകാണുന്ന പുലിക്കളിയെന്ന് ഒരു വാദമുണ്ട്.
മാസങ്ങളുടെ അധ്വാനമാണ് ഓരോ പുലിക്കളി സംഘത്തിനുമുള്ളത്. ശരീരത്തിലെ രോമങ്ങളാകെ വടിച്ചാണ് ചായംതേപ്പ് നടത്തുന്നത്. പുലിയുടെ മുഖമുണ്ടാക്കുന്നതും അല്‌പം അധ്വാനം വേണ്ട പണിയാണ്. കടലാസില്‍ പശ പുരട്ടി മുഖരൂപമുണ്ടാക്കിയശേഷം അതിന്‍മേല്‍ ചൂരല്‍ കഷണങ്ങള്‍കൊണ്ട് പല്ലുകള്‍ നിര്‍മിക്കും. സൈക്കിള്‍ ട്യൂബ് മുറിച്ച് നാക്ക് ഉണ്ടാക്കും. രോമങ്ങള്‍ ഉപയോഗിച്ച് താടിയും മുഖവും ഒട്ടിച്ചെടുക്കും. പിന്നെ ഏത് പുലിമുഖമാണോ വേണ്ടത് അതിനനുയോജ്യമായ ചായമുപയോഗിച്ച് മുഖംമൂടി തയാറാക്കും.
പുലിയുടേതുപോലുള്ള വരകള്‍ ശരീരത്തില്‍ വരച്ച് പുലിയുടെ മുഖംമൂടിയും അണിഞ്ഞ് വാദ്യമേളക്കാര്‍ക്കൊപ്പം നൃത്തം ചെയ്യുന്നവരാണ് പുലിക്കളിക്കാര്‍. പ്രത്യേക പരിശീലനം ഇതവതരിപ്പിക്കാന്‍ ആവശ്യമാണ്. കടുംമഞ്ഞ നിറങ്ങളും കറുപ്പും ചായങ്ങളാണ് പ്രധാനമായും ഉപയോഗിക്കുക. പുള്ളിപ്പുലി വരയ്‌ക്കുമ്പോള്‍ പിന്‍ഭാഗത്തുനിന്ന് വലിയ പുള്ളിയില്‍ തുടങ്ങി വയറിലെത്തുമ്പോള്‍ ചെറുതായി വരയ്‌ക്കണം. വരയന്‍ പുലി അഥവാ കടുവയ്‌ക്ക് ആറുതരം വരകള്‍ വേണം. പട്ട വര മുതല്‍ സീബ്രാലൈന്‍ വരെ. 41 ദിവസം വ്രതമനുഷ്‌ഠിച്ചാണ് പുലിക്കളിക്കാര്‍ ശരീരത്തില്‍ ചായം തേക്കുക. കര്‍ക്കടകം ഒന്നിനു തുടങ്ങി നാലാം ഓണം വരെ.
മറ്റൊരു മേളക്കൊട്ടിനോടും സാമ്യമില്ലാത്ത അസുര താളത്തിനൊപ്പിച്ചാണ് കിലുങ്ങുന്ന അരമണികളും കെട്ടി പുലികളിറങ്ങുന്നത്. 70 വര്‍ഷം മുമ്പ് തോട്ടുങ്കല്‍ രാമന്‍കുട്ടി ആശാന്‍ ചിട്ടപ്പെടുത്തിയതാണ് പുലിമേളം എന്ന ഈ പ്രത്യേക താളക്കൊട്ട്. തൃശൂരിലെ പുലിക്കളിക്കല്ലാതെ മറ്റൊരിടത്തും ഈ കൊട്ടുമില്ല.
ഓണത്തല്ല്
അന്യംനിന്നുപോകുന്ന ഒരു ഓണക്കളിയാണ് ഓണത്തല്ല്. കുന്നുംകളുത്ത് മാത്രമാണ് ഇപ്പോള്‍ ഓണത്തല്ല് നടക്കുന്നത്. കൈയാങ്കളി, ഓണപ്പട എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. ഓണത്തല്ലിനായി പ്രത്യേക സ്‌ഥലം തയാറാക്കും. രണ്ടുഭാഗങ്ങളായി നിന്നാണ് മത്സരം. ഒരു വശത്തുനിന്ന് ഒരാള്‍വന്ന് എതിരാളിയെ വെല്ലുവിളിക്കും. അപ്പോള്‍ മറുപുറത്തുനിന്നും ഒരാള്‍ വെല്ലുവിളി ഏറ്റെടുത്ത് തല്ലു തുടങ്ങും. കൈനിവര്‍ത്തി കൈത്തല ഉപയോഗിച്ചേ അടിക്കാവൂ. എതിരാളി ഒഴിഞ്ഞുമാറി മറു കക്ഷിയുടെ വശത്തു കയറിപ്പറ്റണം. ചാടിമറിച്ചില്‍, പൊങ്ങിപ്പറക്കല്‍, കരണംമറിച്ചില്‍ തുടങ്ങി പല രീതികള്‍ മത്സരാര്‍ഥികള്‍ സ്വീകരിക്കും. ഓണത്തല്ലിന്റെ അവസാന റൗണ്ടാണ് അവിട്ടത്തല്ല്. പല നാളുകളിലായി തല്ലുകള്‍ നടത്തി വിജയികളായ ഒടുവിലത്തെ രണ്ടു സംഘക്കാര്‍ തമ്മിലുള്ള മത്സരമാണിത്.
'ഓര്‍മയ്‌ക്ക് പേരാണിതോണം
പൂര്‍വ നേരിന്റെ നിനവാണിതോണം
ഓര്‍ക്കുവാന്‍ എന്തെങ്കിലും വേണമെന്നുള്ള
വാക്കിന്റെ നിറവാണിതോണം'



Comments