
മൂഴിയാര്‍: ഓണസദ്യ ക്ഷണിക്കാന്‍ ആദിവാസി ഉന്നതിയിലെത്തിയ പോലീസുകാര്‍ കേട്ടത് പട്ടിണിയിലാണെന്ന കുട്ടികളുടെ സങ്കടക്കഥ. സ്കൂളില്‍ പോകാന്‍ ഇഷ്ടമാണ് പക്ഷേ വാഹനസൗകര്യമില്ലെന്നും പരാതി. രണ്ടു പ്രശ്നങ്ങള്‍ക്കും ഉടനടി പരിഹാരം കണ്ട് മൂഴിയാര്‍ പോലീസ്.
മൂഴിയാര്‍ പോലീസ് സ്റ്റേഷന് പരിധിയിലെ കൊച്ചാണ്ടി ഫോറസ്റ്റ് ചെക്ക് പോസ്റ്റിനോട് ചേര്‍ന്നുള്ള ആദിവാസി ഉന്നതിയില്‍ നാലു കുടുംബങ്ങളിലായി 17 പേരാണ് ഇപ്പോള്‍ താമസിക്കുന്നത്. ഇന്ന് മൂഴിയാര്‍ പോലീസ് സ്റ്റേഷനില്‍ നടക്കുന്ന ഓണസദ്യയിലേക്ക് ഇവരെയും ക്ഷണിക്കാനാണ് എസ്.എച്ച്.ഒ: എ.ആര്. രവീന്ദ്രന്, എസ്.ഐ. അനില്‍കുമാര്‍, ചിഞ്ചു ബോസ്, വിനീത് എന്നിവരെത്തിയത്.
ഓണസദ്യ ക്ഷണിക്കുന്നതോടൊപ്പം, 'രാവിലെ എന്ത് കഴിച്ചു' എന്ന് കുട്ടികളോട് എസ്.എച്ച്.ഒ. ചോദിച്ചപ്പോള്‍, രാവിലെ ഒന്നും കഴിച്ചില്ല എന്നായിരുന്നു മറുപടി. പല ദിവസങ്ങളിലും പട്ടിണിയാണെന്നും കുട്ടികള്‍ പറഞ്ഞു. തുടര്‍ന്നാണ് ഇവര്‍ക്ക് അടിയന്തര സഹായമെത്തിക്കാന്‍ പോലീസ് സംഘം തീരുമാനിച്ചത്.മൂഴിയാര്‍ സ്റ്റേഷനിലെ മറ്റ് പോലീസ് ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ നാല് കുടുംബങ്ങള്‍ക്കും ആവശ്യമായ പലവ്യഞ്ജന സാധനങ്ങള്‍, പച്ചക്കറി, മീന്‍ കൂടാതെ കുട്ടികള്‍ക്ക് ബിസ്ക്കറ്റ്, മറ്റ് പലഹാരങ്ങള്‍ തുടങ്ങിയ സാധനങ്ങള്‍ ഉന്നതിയിലെത്തിച്ചു.ഓണം ആഘോഷിക്കാനുള്ള സാധനങ്ങള്‍ ലഭിച്ചതോടൊപ്പം പോലീസ് സ്റ്റേഷനിലെ ഓണസദ്യയ്ക്ക് ക്ഷണം ലഭിച്ചതും കൂടിയായപ്പോള്‍ കൊച്ചാണ്ടി ഉന്നതിയിലെ നിവാസികള്‍ക്ക് സന്തോഷമായി.
സ്കൂളില്‍ പോകാന്‍ ആഗ്രഹമുണ്ട് പക്ഷേ വാഹനസൗകര്യം ലഭിക്കാത്തതുകൊണ്ട് വളരെ ബുദ്ധിമുട്ടിലാണ് എന്ന പരാതിക്ക്, ഓണത്തിനുശേഷം സ്കൂള്‍ തുറക്കുമ്പോള്‍ സ്കൂളില്‍ എത്താനുള്ള സംവിധാനം ഉറപ്പാക്കാമെന്ന് കുട്ടികള്‍ക്ക് മൂഴിയാര്‍ എസ്.എച്ച്.ഒ. ഉറപ്പും നല്കി. മുഴിയാര്‍ പോലീസ് സ്റ്റേഷനില്‍ നടക്കുന്ന ഓണസദ്യയില്‍ എത്താമെന്ന ഉറപ്പോടെയും സന്തോഷത്തോടെയും ഉന്നതി നിവാസികള്‍ പോലീസ് സംഘത്തെ യാത്രയാക്കി.







Comments