
മൂവാറ്റുപുഴ/കോട്ടയം: സംസ്ഥാനത്ത് പുതിയ ജില്ലകള്‍ രൂപീകരിക്കുമെന്ന സൂചന നല്കി മുഖ്യമന്ത്രി വി.ഡി. സതീശന്. ജില്ലാ രൂപീകരണത്തിനു മുന്നോടിയായി ഡീലിമിറ്റേഷന്‍ കമ്മിഷനെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി മൂവാറ്റുപുഴയില്‍ പ്രഖ്യാപിച്ചു.
മൂവാറ്റുപുഴ നഗരസഭയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഓണാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുമ്പോഴായിരുന്നു മൂവാറ്റുപുഴ ജില്ലാ രൂപീകരണം സര്‍ക്കാരിന്റെ ഗൗരവമായ പരിഗണനയിലാണെന്നും ഇതിനായി ഡീലിമിറ്റേഷന്‍ കമ്മിഷന് രൂപീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയത്. മൂവാറ്റുപുഴ ആസ്ഥാനമാക്കി ജില്ല വേണമെന്ന കാര്യം അധ്യക്ഷപ്രസംഗത്തിനിടെ മാത്യു കുഴല്നാടന് എം.എല്‍.എ. മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് ഉദ്ഘാടനപ്രസംഗത്തിലാണ് എം.എല്‍.എയുടെ ആവശ്യം സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണെന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.
സംസ്ഥാനത്ത് പുതിയ ജില്ലകളുടെ രൂപീകരണവുമായി ബന്ധപ്പെട്ട് പഠിക്കാനായി ഒരു കമ്മിഷനെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന് യു.ഡി.എഫ്. സര്‍ക്കാരിന്റെ ആദ്യ ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കിയിരുന്നു. പുതിയ ജില്ലകളും താലൂക്കുകളും രൂപീകരിക്കുന്നതിന്റെ ആവശ്യകതയെ കുറിച്ച് പഠിക്കാനാണ് ഡീലിമിറ്റേഷന്‍ കമ്മിഷനെ നിയമിക്കുന്നത്. 1984-ല്‍ കാസര്‍ഗോഡ് ആണ് കേരളത്തില്‍ അവസാനമായി രൂപീകരിക്കപ്പെട്ട ജില്ല. 12 വര്‍ഷം മുന്‍പാണ് അവസാനമായി പുതിയ താലൂക്കുകള്‍ രൂപീകരിച്ചത്.
1982-ല്‍ അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരന് ഇടുക്കിയിലെ ദേവികുളം, തൊടുപുഴ നിയോജക മണ്ഡലങ്ങളും എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ, കോതമംഗലം, പിറവം മണ്ഡലങ്ങളും പെരുമ്പാവൂരിന്റെ ഭാഗങ്ങളും ഉള്‍പ്പെടുത്തി മൂവാറ്റുപുഴ ജില്ല രൂപീകരിക്കുമെന്നു പ്രഖ്യാപനം നടത്തിയിരുന്നെങ്കിലും തുടര്‍നടപടിയുണ്ടായില്ല.
മൂവാറ്റുപുഴയ്ക്കു പുറമേ മലപ്പുറത്തെ തിരൂര്‍, തിരൂരങ്ങാടി, പൊന്നാനി താലൂക്കുകള്‍ ചേര്‍ന്നുള്ള തിരൂര്‍ ജില്ല, മറ്റു ഭാഗങ്ങള്‍ ചേര്‍ത്ത് മഞ്ചേരി ആസ്ഥാനമായ ജില്ല, പാലക്കാട് വിഭജിച്ച് ഷൊര്‍ണൂര്‍ ജില്ല, കോഴിക്കോട് ജില്ലയിലെ വടകര, നാദാപുരം, കുറ്റ്യാടി, പേരാമ്പ്ര ഭാഗങ്ങള്‍ ചേര്‍ന്ന ജില്ല, തിരുവനന്തപുരത്തെ കാട്ടാക്കട, നെയ്യാറ്റിന്‍കര താലൂക്കുകള്‍ ഉള്‍പ്പെടുന്ന ജില്ല എന്നിങ്ങനെ വ്യത്യസ്ത ജില്ലകള്‍ക്കായുള്ള ആവശ്യം സര്‍ക്കാരിന്റെ മുന്നിലുണ്ട്. എന്നാല്‍, ഭീമമായ ചെലവാണ് സര്‍ക്കാരിനു മുന്നിലുള്ള വെല്ലുവിളി.
'മൂവാറ്റുപുഴക്കാര്‍ക്ക് ഓണസമ്മാനം വേണം'
'ഞങ്ങള്‍ മൂവാറ്റുപുഴക്കാര്‍ക്ക് ഒരു ഓണസമ്മാനം നല്കിയിട്ടേ പോകാവൂ' എന്ന ആമുഖത്തോടെയാണ് പുതിയ ജില്ലാ രൂപീകരണത്തിന്റെ വിഷയം മാത്യു കുഴല്നാടന് എം.എല്‍.എ. ഉന്നയിച്ചത്. 'സത്യം പറഞ്ഞാല്‍ ഏറെക്കാലമായി ഞങ്ങള്‍ വറുതിയിലും പട്ടിണിയിലുമാണ്. ഞാനും ഡീനും അടക്കം എല്ലാ നേതാക്കന്മാരും പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ കുറച്ച് കാലങ്ങളായി മുവാറ്റുപുഴയ്ക്ക് ഒന്നും ലഭിക്കുന്നുണ്ടായിരുന്നില്ല.
പ്രത്യേകമായ കരുതലും പരിഗണനയും മൂവാറ്റുപുഴയ്ക്ക് വേണ്ടി നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാവരും ആഗ്രഹിക്കുന്ന ഓണസമ്മാനം, ഒരു പുതിയ ജില്ല രൂപീകൃതമാകുമെങ്കില്‍ ആദ്യത്തെ ജില്ല മൂവാറ്റുപുഴ ജില്ല ആയിരിക്കണം'-എന്നായിരുന്നു മാത്യു കുഴല്നാടന് പറഞ്ഞത്.
തുടര്‍ന്ന് സംസാരിച്ച മുഖ്യമന്ത്രി, ആവശ്യം ഗൗരവമായി പരിഗണിക്കുമെന്നും ഡീലിമിറ്റേഷന്‍ കമ്മിറ്റിയെ നിയോഗിക്കുമെന്നും വ്യക്തമാക്കി. 'എനിക്ക് മൂവാറ്റുപുഴക്കാരെ ഭയങ്കര ഇഷ്ടമാണ്. മൂവാറ്റുപുഴ ജില്ലയെന്ന് പറഞ്ഞപ്പോള്‍ ചെറിയൊരു വിഷമം തോന്നി. കാരണം എന്റെ ജില്ലയില്‍നിന്ന് മൂവാറ്റുപുഴ വേര്‍പെട്ടു പോവുമല്ലോയെന്ന്. എന്നാലും ആ കാര്യം കൂടി ഗൗരവത്തോടെ പരിശോധിക്കുന്നുണ്ട്. ഒരു ഡീലിമിറ്റേഷന്‍ കമ്മിഷന് ഈ സര്‍ക്കാര്‍ കൊണ്ടുവരും. അക്കാര്യത്തില്‍ ഇതുകൂടി ഗൗരവപൂര്‍വം പരിഗണിക്കും'- മുഖ്യമന്ത്രി പറഞ്ഞു.
ഏറെക്കാലമായുള്ള മൂവാറ്റുപുഴക്കാരുടെ സ്വപ്നത്തിനാണ് മുഖ്യമന്ത്രി വി.ഡി. സതീശന്റ പ്രഖ്യാപനത്തോടെ ചിറകുമുളച്ചത്. എറണാകുളം ജില്ലയുടെ കിഴക്കന്‍ മലയോര മേഖലയായ മൂവാറ്റുപുഴ വികസനത്തില്‍ പിന്നോക്കം പോകുന്നുവെന്ന പരാതി നാട്ടുകാര്‍ കാലങ്ങളായി ഉന്നയിക്കുന്നതാണ്.
എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ, കോതമംഗലം, പിറവം തുടങ്ങിയ പ്രദേശങ്ങളും ഇടുക്കി ജില്ലയിലെ തൊടുപുഴ ഉള്‍പ്പെടുന്ന മേഖലകളും ചേര്‍ത്ത് പുതിയ ജില്ല ഉണ്ടാക്കണമെന്നാണ് പ്രധാന ആവശ്യം. കിഴക്കന്‍ മേഖലയിലെ ജനങ്ങള്‍ക്ക് ഭരണപരമായ കാര്യങ്ങള്‍ക്കും സേവനങ്ങള്‍ക്കും എറണാകുളം നഗരത്തെ ആശ്രയിക്കുന്നത് ബുദ്ധിമുട്ടാണെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. പുതിയ ജില്ല യാഥാര്‍ത്ഥ്യമായാല്‍ മലയോര മേഖലയുടെ വികസനം വേഗത്തിലാകുമെന്നാണ് ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും വിലയിരുത്തല്‍.
മലപ്പുറത്തും പുതിയ ജില്ല അനിവാര്യമെന്ന് താനൂര്‍ എം.എല്‍.എ.
മലപ്പുറം: മൂവാറ്റുപുഴ ജില്ലാ രൂപീകരണം പരിഗണനയിലെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റ പ്രസ്താവനയ്ക്കു പിന്നാലെ മലപ്പുറത്തും പുതിയ ജില്ല വേണമെന്ന ആവശ്യവുമായി താനൂര്‍ എം.എല്‍.എ: പി.കെ. നവാസ്. മൂവാറ്റുപുഴ ജില്ല എറണാകുളത്തിന് എത്ര അനിവാര്യമാണോ, അതിനേക്കാള്‍ അനിവാര്യമാണ് മലപ്പുറത്തും ഒരു പുതിയ ജില്ലയെന്ന് പി.കെ. നവാസ് ഫെയ്സ്ബുക്കില്‍ കുറിച്ചു.
മൂവാറ്റുപുഴ ജില്ല കേരളത്തിന്റെ അനിവാര്യതയാണ്. ജനങ്ങള്‍ക്ക് കൂടുതല്‍ സേവനങ്ങള്‍ നല്‍കാനും ഭരണസൗകര്യം വര്‍ധിപ്പിക്കാനും തീര്‍ച്ചയായും ഒരു പുതിയ ജില്ല എന്നത് ഗുണകരവും വികസനത്തിന് സൗകര്യപ്രദവുമാണെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
'32 ലക്ഷം ജനസംഖ്യ, 3,068 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണം, 1,072 പേര്/ചതുരശ്ര കിലോമീറ്റര്‍ ജനസാന്ദ്രത എന്നിവയുള്ള എറണാകുളത്ത് ഒരു പുതിയ ജില്ല യാഥാര്‍ഥ്യമാകണം(2011 സെന്‍സസ്). എന്തുകൊണ്ട് മൂവാറ്റുപുഴ ജില്ല എറണാകുളത്തിന് അനിവാര്യമാകുന്നുവോ, അത്രതന്നെ, കണക്കുകള്‍ പരിശോധിച്ചാല്‍ അതിനേക്കാള്‍ അനിവാര്യമാണ്, മലപ്പുറത്തും ഒരു പുതിയ ജില്ല. 41.13 ലക്ഷം ജനസംഖ്യ, 3,550 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണം, 1,157 പേര്/ചതുരശ്ര കിലോമീറ്റര്‍ ജനസാന്ദ്രതയുള്ള മലപ്പുറത്ത് പുതിയ ജില്ല രൂപീകരിക്കണമെന്ന ആവശ്യം കണക്കുകളുടെ അടിസ്ഥാനത്തിലും പ്രസക്തമാണ്(2011 സെന്‍സസ്). ആദ്യം ഏതു വേണമെന്നതിലല്ല കാര്യം. കണക്കുകളും ഭരണപരമായ ആവശ്യകതയും ഒരു പുതിയ ജില്ല അനിവാര്യമാക്കുന്നുവെങ്കില്‍, രണ്ടു ജില്ലകളും പിറക്കണം.' - പി.കെ. നവാസ് എം.എല്‍.എ. ഫെയ്സ്ബുക്കില്‍ കുറിച്ചു.







Comments