
പാലക്കാട്: ജോലിതേടി ബംഗളുരുവിലെത്തുന്ന മലയാളികളെ രാസലഹരി ശൃംഖലയുടെ വലയിലാക്കാന്‍ വന്‍ ലോബി പ്രവര്‍ത്തിക്കുന്നതായി വിവരം.
ലഹരി കടത്തിനിടെ കഴിഞ്ഞ ദിവസം പാലക്കാട്ട് പിടിയിലായവരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോഴാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചത്. 742.58 ഗ്രാം എം.ഡി.എം.എ, നാല് ഗ്രാം ടാബ്ലെറ്റ്, 2.5 ഗ്രാം കൊക്കയിന്, 2.5 ഗ്രാം ബ്രൗണ്‍ ഷുഗര്‍, 2 സ്റ്റാബ് എന്നിവയുമായി ഇന്നോവ കാറിലെത്തിയവരെയാണ് പാലക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.
മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദ് അസറുദ്ദീന്(30), ഇയാളുടെ പങ്കാളി കര്‍ണാടക സ്വദേശിനി ബീഫാത്തിമ(27), കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി മുഹമ്മദ് നാസിഹ് (26), വാഹനത്തിന്റെ ൈഡ്രവര്‍ തമിഴ്നാട് സ്വദേശി ഷെമീര്‍ അഹമ്മദ് (37) എന്നിവരാണ് ലഹരിയുമായി പിടിയിലായത്. ഇവരെ ചോദ്യംചെയ്തതിന്റെ അടിസ്ഥാനത്തില്‍ മണ്ണാര്‍ക്കാട് പയ്യനടം സ്വദേശി അബ്ദുള്‍ സലീമിനെയും പിന്നീട് അറസ്റ്റ് ചെയ്തു. ഇയാളുടെ ബി.എം.ഡബ്ലിയു കാറും കസ്റ്റഡിയിലെടുത്തു.
റിമാന്‍ഡിലായ പ്രതികളില്‍ മുഹമ്മദ് അസറുദ്ദീനെയും മുഹമ്മദ് നാസിഹിനെയുമാണ് കോടതിയില്‍ നിന്നും പോലീസ് കസ്റ്റഡില്‍ വാങ്ങിയത്. യൂബര്‍ ഓടിക്കുന്നതിനും മറ്റുമായി ബംഗളൂരുവിലെത്തുന്നവര്‍ക്ക് താമസവും ഭക്ഷണവും നല്‍കിയാണ് ആദ്യം വലയിലാക്കുക.
പിന്നീട് ഫണ്ട് കൈമാറാനും രാസലഹരിയുടെ കാരിയര്‍മാരായും ഉപയോഗിച്ച് പ്രതിഫലം നല്കി തുടങ്ങും. ഒപ്പം രാസലഹരി ഉപയോഗിക്കാനും നല്‍കും. ആദ്യഘട്ടങ്ങളില്‍ ഇത് ഉത്തേജനമാകുമെങ്കിലും വൈകാതെ അതില്ലാതെ പറ്റാതാവും.
ഉന്നത വിദ്യാഭ്യാസത്തിനായി എത്തുന്നവരും ആദ്യമാദ്യം ഒരു രസത്തിനുവേണ്ടി ഇത് ഉപയോഗിച്ച് തുടങ്ങി ഇവരുടെ വലയില്‍പ്പെടുന്നുണ്ട്. ബിടെക് ബിരുദംനേടി ഉന്നത ഐടി കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചവര്‍ പോലും രാസലഹരിക്ക് അടിമപ്പെട്ട് പിടിയിലാവുന്നു. അങ്ങനെ കാരിയര്‍മാരായി പ്രവര്‍ത്തിക്കുന്ന മലയാളികളായ അഞ്ഞൂറിലധികം പേരുണ്ടെന്നാണ് വെളിപ്പെടുത്തല്‍. ഇവരെ ഉപയോഗിച്ച് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ തന്നെ നൂറിലേറെ വരും. അവരില്‍ പലരും പോലീസ് നിരീക്ഷണത്തിലുള്ളതിനാല്‍ അവരാരും നേരിട്ട് ലഹരികടത്തില്ല.
പാലക്കാട്ട് പിടിയിലായ സലീമും ലഹരികടത്തിന്റെ പ്രധാന ഇടനിലക്കാരനാണെന്ന് കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായ പാലക്കാട് ഡിവൈ.എസ്.പി കെ.എം. ബിജു പറഞ്ഞു.
ഇയാളാണ് ബംഗളൂരുവില്‍ നിന്നും രാസലഹരി കോയമ്പത്തൂരിലെത്തിച്ചത്. തുടര്‍ന്ന് കാരിയര്‍മാരെ ഉപയോഗിച്ച് കേരളത്തിലേക്ക് കടത്തുന്നതിനിടെയാണ് ഒലവക്കോട് നിന്നും വാഹനം തടഞ്ഞ് പിടികൂടിയത്. ലഹരി വസ്തുക്കള്‍ മണ്ണാര്ക്കാട്ടെത്തിച്ചാല് 50,000 രൂപയാണ് പ്രതിഫലം നിശ്ചയിച്ചിരുന്നത്. സലീമിനെയും പോലീസ് കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ അന്വേഷണം നടത്താനാണ് നീക്കം.
എന്‍. രമേഷ്







Comments