
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃസ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കം സി.പി.എമ്മും സി.പി.ഐയും തമ്മിലുള്ള തുറന്ന പോരിലേക്ക്. സി.പി.ഐ. മുഖപത്രമായ 'ജനയുഗ'ത്തില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് സി.പി.ഐ. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യന് മൊകേരി ലേഖനമെഴുതി. പിന്നാലെ സി.പി.എം നേതാവും മുന്‍ മന്ത്രിയുമായ വി. ശിവന്‍കുട്ടി കടുത്ത ഭാഷയില്‍ തിരിച്ചടിച്ചു.
'താന്‍ തീരുമാനിക്കും, എല്ലാം താനാണ് എന്ന ഭാവം മുന്നണിയുടെ കൂട്ടായ പ്രവര്‍ത്തനത്തിന് സഹായകരമല്ല; ഒരു കമ്യൂണിസ്റ്റ് നേതാവിനും യോജിച്ചതുമല്ല.' എന്നു ലേഖനത്തില്‍ സത്യന് മൊകേരി തുറന്നുപറഞ്ഞു. 'കൂട്ടായ നേതൃത്വമാണ് എല്‍.ഡി.എഫിന്റെ അന്തഃസത്ത' എന്ന തലക്കെട്ടിലാണ് ലേഖനം.
പ്രതിപക്ഷ ഉപനേതാവിനെ നിശ്ചയിച്ച് സ്പീക്കര്‍ക്ക് കത്ത് നല്‍കേണ്ടത് പ്രതിപക്ഷ നേതാവാണെന്നും കത്ത് നല്കിയാല് ഉപനേതാവ് സ്ഥാനം നിലവില്‍ വരുമെന്നും പിണറായി വിജയന് നടത്തിയ പ്രസ്താവനയാണ് സി.പി.ഐയെ പ്രകോപിപ്പിച്ചത്. പ്രതിപക്ഷ ഉപനേതാവിന്റെ കാര്യം പ്രതിപക്ഷ നേതാവിന് സ്വന്തം നിലയില്‍ തീരുമാനിക്കാവുന്ന വിഷയമല്ലെന്നും ഇത് മുന്നണിയുടെ രാഷ്ട്രീയ വിഷയമാണെന്നുമാണ് സി.പി.ഐയുടെ നിലപാട്.
' സി.പി.എമ്മും സി.പി.ഐയും തമ്മില്‍ വിഷയത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ പിണറായി ഏകപക്ഷീയമായി നിലപാട് പ്രഖ്യാപിച്ചത് മുന്നണി മര്യാദകളുടെ ലംഘനവും മുന്നണി രാഷ്ട്രീയത്തില്‍ ഉയര്‍ത്തിപ്പിടിക്കേണ്ട ധാര്‍മ്മികത ഇല്ലായ്മയുമാണ്. നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ എല്‍.ഡി.എഫിലെ കൂട്ടായ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനായാണ് സി.പി.ഐ. പ്രതിപക്ഷ ഉപനേതാവ് സ്ഥാനം മുന്നോട്ടുവച്ചത്. വിവിധ തലങ്ങളില്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് പ്രതിപക്ഷ നേതാവ് അതെല്ലാം മറികടന്ന് നിലപാട് പ്രഖ്യാപിച്ചത്.
കത്ത് കൊടുക്കുമെന്ന് പറയാന്‍ പ്രതിപക്ഷ നേതാവിനെ പ്രേരിപ്പിച്ചതെന്താണ്? പ്രേരണ ഇടതുപക്ഷ രാഷ്ട്രീയം അല്ലെന്ന കാര്യം വ്യക്തമാണ്. പ്രതിപക്ഷ നേതാവിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ ഇടതുപക്ഷ രാഷ്ട്രീയത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കരുത്. ഇത്തരം സമീപനങ്ങള്‍ ഇടതുപക്ഷം ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയ ധാര്‍മ്മികതയെ ദുര്‍ബലപ്പെടുത്തും. കമ്യൂണിസ്റ്റുകാര്‍ മുന്നണി രാഷ്ട്രീയത്തില്‍ ഉയര്‍ത്തിപ്പിടിക്കേണ്ട രാഷ്ട്രീയ പക്വത പ്രതിപക്ഷ നേതാവിന് ഉണ്ടായില്ലെന്ന് പറയേണ്ടിവരുന്നത് ഖേദകരമാണ്.'- ലേഖനത്തില്‍ പറയുന്നു. അതേസമയം, സി.പി.ഐയുടേത് പിടിവാശിമാത്രമാണെന്ന് സി.പി.എം. നേതാവ് വി. ശിവന്‍കുട്ടി പറഞ്ഞു. പിണറായി വിജയന്റെ നിലപാട് ജനാധിപത്യപരമാണെന്നും നിലവിലെ രാഷ്ട്രീയ സാഹചര്യം പരിഗണിച്ചാണ് നിലപാട് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. 'മുന്നണിയിലെ വിഷയങ്ങള്‍ പത്രങ്ങളിലൂടെയല്ല ചര്‍ച്ച ചെയ്യേണ്ടത്. സി.പി.ഐയുടെ ലേഖനം രാഷ്ട്രീയ മര്യാദയ്ക്ക് യോജിച്ചതല്ല. പ്രതിപക്ഷ ഉപനേതാവ് സ്ഥാനം നേരത്തെ മുതല്‍ സി.പി.എമ്മാണ് വഹിക്കുന്നത്. മുന്നണി ധാരണകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സി.പി.ഐയുടെ ഇപ്പോഴത്തെ ആവശ്യം എന്തിനാണ്. സി.പി.ഐ. അധികാരത്തിനുവേണ്ടി ആശയങ്ങളില്‍ വിട്ടുവീഴ്ച ചെയ്യുന്ന സ്ഥിതിയിലാണ്. ജനയുഗത്തിലെ ലേഖനം സി.പി.ഐ. നേതൃത്വം കൂട്ടായി ആലോചിച്ചാണ് തയാറാക്കിയതെങ്കില്‍ നേതൃത്വംതന്നെ ഇതിനു മറുപടി പറയണം.'- ശിവന്‍കുട്ടി ആവശ്യപ്പെട്ടു.
സുനില്‍ ജെ. സണ്ണി







Comments