
കോതമംഗലം: തെരുവുനായകളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട് ദയാവധത്തിന് ഏകീകൃത മാനദണ്ഡം ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ്. 2026 മേയ് 19 ന്റെ സുപ്രീം കോടതി വിധിയിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണു നടപടി.
എന്നാല്‍, ഇതനുസരിച്ച് മുന്നോട്ടു പോയാല്‍ തെരുവു നായകളുടെ എണ്ണം കുറയില്ലെന്നും മൃഗസ്നേഹികള്‍ക്കു സഹായകരമായ നിലപാടാണ് ഉണ്ടാവുകയെന്നും തെരുവുനായകള്‍ വര്‍ധിക്കുകയേ ഉള്ളൂവെന്നും തെരുവുനായ നിര്‍മാര്‍ജനരംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ പ്രതിഷേധം അറിയിച്ചു കഴിഞ്ഞു.
അക്രമകാരികളും രോഗബാധിതരുമായ തെരുവ് നായകളുടെ മാത്രം ദയാവധത്തിനാണ് ഏകീകൃത മാനദണ്ഡം നിശ്ചയിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവായിട്ടുള്ളത്. തദ്ദേശ വകുപ്പ് ഉത്തരവ് പ്രകാരം നാലു വിഭാഗം നായകള്ക്കുമാത്രം ദയാവധം പരിഗണിക്കും. ചികിത്സിച്ചിട്ടും ഭേദമാക്കാന്‍ കഴിയാത്തതും കടുത്ത വേദന അനുഭവിക്കുന്നതുമായ മാരകരോഗബാധിത നായകള്‍, ജീവന് നിലനിര്‍ത്താന്‍ കഴിയാത്ത വിധം ഗുരുതരമായി പരുക്കേറ്റ നായകള്‍,
പേവിഷബാധ സ്ഥിരീകരിച്ചവയോ ശക്തമായ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവയോ ആയവ, പ്രകോപനമില്ലാതെ മനുഷ്യരെയോ ഒന്നിലധികം മൃഗങ്ങളെയോ ആക്രമിക്കുന്നതിലൂടെ പൊതുസുരക്ഷയ്ക്കു ഗുരുതര ഭീഷണിയാകുന്ന അക്രമകാരികളായ നായകള്‍ എന്നിവയ്ക്കു മാത്രമേ ദയാവധത്തിന് അര്‍ഹതയുള്ളു.
പ്രത്യേക സമിതിയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ ഓരോ തദ്ദേശ സ്ഥാപനത്തിലും തെരുവുനായ മാനേജ്മെന്റ് കമ്മിറ്റി രൂപീകരിക്കണം. തദ്ദേശ സ്ഥാപന അധ്യക്ഷന്‍ ചെയര്‍പേഴ്സണും സെക്രട്ടറി കണ്‍വീനറുമായ സമിതിയില്‍ വാര്‍ഡ് കൗണ്‍സിലര്‍, വെറ്ററിനറി ഓഫീസര്‍, പ്രജനനനിയന്ത്രണ കേന്ദ്രത്തിന്റെ പ്രോജക്ട് ഇന്‍ചാര്‍ജ്, മെഡിക്കല്‍ ഓഫീസര്‍, സംസ്ഥാന അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് പ്രതിനിധി എന്നിവര്‍ അംഗങ്ങളായിരിക്കും.
ദയാവധം സംബന്ധിച്ച നടപടികള്‍ സമിതിയുടെ കൃത്യമായ രേഖാമൂലമുള്ള ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ മാത്രമേ സ്വീകരിക്കാവൂ. ദയാവധത്തിന് വിധേയമാക്കുന്ന ഓരോ നായയുടെയും പിടികൂടിയ സ്ഥലം, ഫോട്ടോ അല്ലെങ്കില്‍ തിരിച്ചറിയല്‍ ടാഗ്, ദയാവധത്തിനുള്ള കൃത്യമായ കാരണം തുടങ്ങിയ വിവരങ്ങള്‍ പ്രത്യേക രജിസ്റ്ററില്‍ രേഖപ്പെടുത്തണം. പിടികൂടിയ നായകളെ 2 മുതല്‍ 3 ദിവസം വരെ ഐസൊലേഷന്‍ കേന്ദ്രത്തിലോ സമീപത്തെ പ്രജനന നിയന്ത്രണ കേന്ദ്രത്തിലോ ഷെല്‍ട്ടറിലോ നിരീക്ഷണത്തില്‍ സൂക്ഷിക്കണം. ഈ കാലയളവില്‍ അംഗീകൃത മൃഗസംരക്ഷണ സംഘടനകള്‍ക്കും ഏറ്റെടുക്കാന്‍ താല്പര്യമുള്ള മൃഗസ്നേഹികള്‍ക്കും നിശ്ചിത സമയപരിധിക്കുള്ളില്‍ നായകളെ ഏറ്റെടുക്കാനുള്ള അവസരം നല്‍കണം. ഈ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്കു ലഭ്യമാക്കുകയും വേണം.ദയാവധം, യോഗ്യതയുള്ള വെറ്ററിനറി സര്ജന് മാത്രമേ നിര്‍വഹിക്കാവൂ. അംഗീകരിച്ച മാനുഷിക രീതികള്‍ മാത്രമേ ഉപയോഗിക്കാവൂ. മറ്റു നായകളുടെ സാന്നിധ്യത്തിലോ കാഴ്ചയിലോ ദയാവധം നടത്താന്‍ പാടില്ല. ദയാവധത്തിനുശേഷം വെറ്ററിനറി സര്ജന് മരണം സ്ഥിരീകരിച്ചശേഷമേ ശരീരം സംസ്കരിക്കാന്‍ പാടുള്ളൂ. സംസ്ഥാനതല ഓഡിറ്റും തദ്ദേശ സ്ഥാപനങ്ങളിലെ ദയാവധവുമായി ബന്ധപ്പെട്ട കണക്കുകളും നടപടികളും സംസ്ഥാന പ്രജനന നിയന്ത്രണം നടപ്പാക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്ന കമ്മിറ്റി പ്രതിമാസം നിര്‍ബന്ധിതമായി ഓഡിറ്റ് ചെയ്യണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
ദയാവധവുമായി ബന്ധപ്പെട്ട ചെലവുകള്‍ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളാണ് വഹിക്കേണ്ടത്. തെരുവ് നായ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുകയാണ് പുതിയ മാനദണ്ഡ നിശ്ചയത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
എന്നാല്‍ നടപടിക്രമങ്ങള്‍ കടുപ്പിച്ചതും പിടികൂടുന്ന അക്രമകാരികളായ നായ്ക്കളെ രണ്ടു മുതല്‍ മൂന്നു ദിവസം വരെ നിരീക്ഷണത്തില്വച്ച് മൃഗസംഘടനകള്‍ക്ക് ഏറ്റെടുക്കാനുള്ള അവസരം ഒരുക്കുന്നതും ഉള്‍പ്പെടെയുള്ളവ ഉദ്ദേശ ലക്ഷ്യത്തെ അട്ടിമറിക്കാനാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് തെരുവു നായ അക്രമണത്തിന് വിധേയരായവരുടെ ബന്ധുക്കളടക്കം പറയുന്നു. സുപ്രീം കോടതി വിധിയുടെ വെളിച്ചത്തില്‍ തെരുവു നായ നിര്‍മാര്‍ജനമെന്നത് അടിയന്തിര പ്രാധാന്യമുള്ളതാകയാല്‍ മാനദണ്ഡങ്ങള്‍ ലളിതമാക്കുന്നതിനു പകരം സങ്കീര്‍ണമാക്കുകയാണ് ഉണ്ടായിരിക്കുന്നത്. പേ വിഷബാധ സംശയിക്കുന്നതോ സ്ഥിരീകരിച്ചതോ ആയ നായകളെ ഷെര്‍ട്ടര്‍ ചെയ്യുക, നിരീക്ഷിക്കുക എന്നിവ ഏറെ ശ്രമകരവും സമയം ആവശ്യമായതുമാണ്. ദയാവധത്തിനു വിധേയമാക്കപ്പെടുന്ന നായകളുടെ ഫോട്ടോയും ഐഡിയും എന്തിനെന്ന ചോദ്യവും ഉയരുന്നു.
സോണി നെല്ലിയാനി







Comments