
തിരുവനന്തപുരം: പകല്‍സമയത്തെ കുറഞ്ഞനിരക്ക് കൂടുതല്‍ ഉപയോക്താക്കള്‍ക്ക് ഏര്‍പ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങളുമായി, അടുത്ത അഞ്ചുവര്‍ഷത്തെ നിരക്ക് പരിഷ്കരണത്തിനുള്ള കരട് പുറപ്പെടുവിച്ച് വൈദ്യുതി റഗുലേറ്ററി കമ്മിഷന്. 2024 വരെ കെ.എസ്.ഇ.ബിക്കുണ്ടായ നഷ്ടം 2027 മുതല്‍ ഉപയോക്താക്കളില്‍നിന്ന് തിരിച്ചുപിടിക്കാനും നിര്‍ദേശമുണ്ട്.
2027-32 വരെ വൈദ്യുതിനിരക്ക് പരിഷ്കരണം എങ്ങനെയാകണമെന്ന മാര്‍ഗനിര്‍ദേശങ്ങളുടെ കരടാണ് കമ്മിഷന് പ്രസിദ്ധീകരിച്ചത്. ഉപയോഗസമയത്തിന്റെ അടിസ്ഥാനത്തിലുള്ള നിരക്ക് കൂടുതല്‍ ഉപയോക്താക്കള്‍ക്ക് ഏര്‍പ്പെടുത്താനും നിര്‍ദേശമുണ്ട്. നിലവില്‍ പ്രതിമാസം 250 യൂണിറ്റിനു മുകളില്‍ ഉപയോഗിക്കുന്നവര്‍ക്കാണ് ടി.ഒ.ഡി. സംവിധാനമുള്ളത്. അതായത്, സൗരോര്‍ജം സുലഭമായ പകല്‍സമയത്ത് കുറഞ്ഞനിരക്കും ഉയര്‍ന്ന വൈദ്യുതി ഉപയോഗമുള്ള രാത്രിയില്‍ ഉയര്‍ന്നനിരക്കും. പീക്ക് സമയത്തെ വൈദ്യുതി ഉപയോഗം കുറയ്ക്കുകയാണ് ലക്ഷ്യം.
ബാറ്ററി സ്റ്റോറേജ് സംവിധാനമുള്ള പുരപ്പുറ സൗരോര്‍ജ ഉത്പാദകര്‍ക്ക് പീക്ക് സമയത്ത് നിരക്കിളവ് നല്‍കുന്നതിനെക്കുറിച്ചും കെ.എസ്.ഇ.ബിക്ക് നിര്‍ദേശം സമര്‍പ്പിക്കാം. ഫിക്സഡ് ചാര്‍ജ് കണക്കാക്കുന്ന രീതിയില്‍ മാറ്റം വരാം. ഇപ്പോള്‍ സ്ലാബ് അടിസ്ഥാനമാക്കിയാണ് ഫിക്സഡ് ചാര്‍ജ്. മീറ്റര്‍ സംവിധാനമായാല്‍ ആകെ ഉപയോഗം നോക്കി ഫിക്സഡ് ചാര്‍ജ് നിശ്ചയിക്കണമെന്നാണ് നിര്‍ദേശം. ഇന്ധന സര്‍ചാര്‍ജ് മാസംതോറും പിരിക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള നിര്‍ദേശവുമുണ്ട്.
വൈദ്യുതി വാങ്ങാന്‍ ചെലവായ തുക നിരക്കിലൂടെ ഈടാക്കാന്‍ കഴിയാത്തതുമൂലം 2024 വരെ കെ.എസ്.ഇ.ബിക്കുണ്ടായ നഷ്ടം 2031-നു മുമ്പ് നികത്തണമെന്നാണ് സുപ്രീം കോടതി നിര്‍ദേശം. ഇത് 2027 മുതല്‍ പിരിക്കുമ്പോള്‍ നിരക്ക് വര്‍ധനയുണ്ടാകും. വൈദ്യുതി വാങ്ങല്‍ ചെലവ് കുറയ്ക്കാന്‍ ഊര്‍ജിതശ്രമം വേണമെന്നാണ് കമ്മിഷന് നിര്‍ദേശം. ദീര്‍ഘകാല ഇടക്കാല കരാറുകള്‍ക്ക് മുന്‍കൂര്‍ അനുമതി വേണം. എന്നാല്‍, പുനരുപയോഗ ഊര്‍ജ ഇടപാടുകള്‍ക്ക് ഇളവുണ്ട്. വൈദ്യുതി സംഭരണപദ്ധതികള്ക്ക് പ്രോത്സാഹനം നല്‍കാനും നിര്‍ദേശമുണ്ട്. പൊതുജനങ്ങള്‍ക്ക് സെപ്റ്റംബര്‍ 25 വരെ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാം.







Comments