
ആങ്ങമൂഴി(പത്തനംതിട്ട): ആദിവാസി ഉന്നതിയിലെ നിവാസികളുടെ സങ്കടങ്ങള്‍ നേരിട്ടറിഞ്ഞ് സഹായമെത്തിച്ച മൂഴിയാര്‍ പോലീസ് അവര്‍ക്കൊപ്പം ഓണവും ആഘോഷിച്ചു. ഓണസദ്യ ക്ഷണിക്കാന്‍ കഴിഞ്ഞദിവസം കൊച്ചാണ്ടി ഫോറസ്റ്റ് ചെക്ക് പോസ്റ്റിനോട് ചേര്‍ന്നുള്ള ആദിവാസി ഉന്നതിയിലെത്തിയ പോലീസുകാര്‍ കേട്ടത് പട്ടിണിയിലാണെന്ന കുട്ടികളുടെ സങ്കടക്കഥയാണ്. സ്കൂളില്‍ പോകാന്‍ ഇഷ്ടമാണ് പക്ഷേ വാഹനസൗകര്യമില്ലെന്നും പരാതി. രണ്ടു പ്രശ്നങ്ങള്‍ക്കും ഉടനടി പരിഹാരം കണ്ട് ഓണം ആഘോഷിക്കാനും ക്ഷണിച്ചിട്ടാണ് മൂഴിയാര്‍ പോലീസ് മടങ്ങിയത്.
പോലീസ് സ്റ്റേഷനിലെ ഓണാഘോഷത്തിനും ഓണസദ്യയ്ക്കും ക്ഷണിക്കാന്‍ മൂഴിയാര്‍ എസ്.എച്ച്.ഒ: എ.ആര്. രവീന്ദ്രന് ഉള്‍പ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ കൊച്ചാണ്ടി ഉന്നതിയില്‍ എത്തിയപ്പോഴാണ് അവരുടെ ദുരിതാവസ്ഥ മനസിലാക്കിയത്. ഇതേത്തുടര്‍ന്ന് ഓണം ആഘോഷിക്കാനുള്ള സാധനങ്ങള്‍ അവര്‍ക്ക് വാങ്ങി നല്‍കുകയും ചെയ്തിരുന്നു. ഉന്നതിയിലെ നാല് കുടുംബങ്ങള്‍ക്കും ആവശ്യമായ പലവ്യഞ്ജന സാധനങ്ങള്‍, പച്ചക്കറി, മീന്‍ കൂടാതെ കുട്ടികള്‍ക്ക് ബിസ്ക്കറ്റ്, മറ്റ് പലഹാരങ്ങള്‍ തുടങ്ങിയ സാധനങ്ങളാണ് പോലീസുകാര്‍ എത്തിച്ചു നല്‍കിയത്. സ്റ്റേഷനില്‍ നടക്കുന്ന ഓണാഘോഷ പരിപാടിയില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്നും സദ്യ ഉള്‍പ്പെടെ കഴിച്ചിട്ടേ മടങ്ങാവൂ എന്നും അവരോട് അഭ്യര്‍ഥിച്ചിരുന്നു.
ഇതനുസരിച്ചാണ് ആദിവാസി ഉന്നതിയിലെ പതിനഞ്ചോളംപേര്‍ മൂഴിയാര്‍ പോലീസ് സ്റ്റേഷനില്‍ എത്തിയത്. സ്റ്റേഷനിലെ ഓണാഘോഷ പരിപാടിയിലെ വിശിഷ്ടാതിഥികള്‍ ഇവരാണ് എന്നറിഞ്ഞ് മറ്റു പരിപാടികള്‍ മാറ്റിവച്ച് കോന്നി ഡി.വൈ.എസ്.പി: എം.എ. അബ്ദുല്‍ റഹീമും ചടങ്ങിനെത്തി. ഉന്നതിയിലെ കുട്ടികളെയും ഒപ്പം കൂട്ടിയാണ് അദ്ദേഹം നിലവിളക്ക് തെളിച്ച് ഉദ്ഘാടനം നിര്‍വഹിച്ചത്.
കുരുന്നുകള്‍ക്ക് അതൊരു പുതിയ അനുഭവവുമായി. ഉന്നതിയില്‍ നിന്നെത്തിയ എല്ലാവരും പോലീസ് സ്റ്റേഷനിലെ ഓണാഘോഷ പരിപാടികളില്‍ പങ്കെടുക്കുകയും ഓണസദ്യ കഴിക്കുകയും ചെയ്തു.
കുട്ടികളുടെ ആവശ്യപ്രകാരം ഓണാവധിക്കു ശേഷം സ്കൂളില്‍ എത്തുന്നതിനുള്ള വാഹനസൗകര്യവും ഏര്‍പ്പെടുത്തി നല്‍കാമെന്ന് പോലീസ് ഉറപ്പ് നല്‍കിയിട്ടുണ്ട്.ഇത്തരം പ്രവര്‍ത്തനങ്ങള്‍ കേരള പോലീസിന്റെ ഭാഗത്തുനിന്ന് ഇനിയും ഉണ്ടാകുമെന്ന് മുഴിയാര്‍ എസ്.എച്ച്. ഒ: എ.ആര്. രവീന്ദ്രന് പറഞ്ഞു.







Comments