
കൊച്ചി: കേസ് അന്വേഷണത്തിന്റെ ഭാഗമായി അറസ്റ്റില്ലാതെയും ഒരാളെ കസ്റ്റഡിയില്‍ വയ്ക്കാന്‍ നിയമപരമായി അനുമതിയുണ്ടെങ്കില്‍ സാധ്യമാണെന്ന് ഹൈക്കോടതി. കസ്റ്റംസ്, കള്ളപ്പണം വെളുപ്പിക്കല്‍, എന്‍.ഡി.പി.എസ്. തുടങ്ങിയ നിയമങ്ങള്‍ അറസ്റ്റില്ലാതെയും തടങ്കലില്‍ ചോദ്യംചെയ്യാന്‍ അനുവദിക്കുന്ന വ്യവസ്ഥകളുള്ളതാണ്. ബി.എന്‍.എസ്. 179(1) വകുപ്പുപ്രകാരം മുന്‍കൂര്‍ നോട്ടീസ് നല്കി വിളിപ്പിക്കുന്നത് നിയമവിരുദ്ധ കസ്റ്റഡിയാവില്ലെന്നും ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് വ്യക്തമാക്കി.ഭരണഘടന ഉറപ്പുനല്‍കുന്ന പൗരസ്വാതന്ത്ര്യം ഉറപ്പാക്കുന്നതിനൊപ്പം കാര്യക്ഷമമായ അന്വേഷണവും അനിവാര്യമാണ്. ഓരോ കേസും പ്രത്യേകം പരിഗണിച്ചുവേണം നിയമവിരുദ്ധമായ കസ്റ്റഡിയാണോയെന്ന് പരിശോധിക്കാന്‍. അറസ്റ്റ് ചെയ്ത് 24 മണിക്കൂറിനകം കോടതിയില്‍ ഹാജരാക്കാത്തതിനാല്‍ ജാമ്യം തേടി മയക്കുമരുന്ന് കേസുകളിലെയടക്കം പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ തീര്‍പ്പാക്കിയാണ് ഉത്തരവ്.
പ്രതിയെ തടങ്കലില്‍വയ്ക്കാനുള്ള കൃത്യമായ നടപടിക്രമങ്ങള്‍ അന്വേഷണസംഘം പാലിക്കണമെന്നു കോടതി പറഞ്ഞു. മുന്‍കൂര്‍ നോട്ടീസ് നല്കല്, തടങ്കലിലാക്കിയ സമയവും അറസ്റ്റ് ചെയ്ത സമയവും രേഖപ്പെടുത്തല്‍, ഔദ്യോഗിക അറസ്റ്റിനുശേഷം 24 മണിക്കൂറിനകം മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കല്‍, അറസ്റ്റിന്റെ കാരണങ്ങള്‍ കൃത്യമായി അറിയിക്കല്‍ തുടങ്ങി ഒട്ടേറെ നടപടിക്രമങ്ങള്‍ പാലിക്കണം. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ കൃത്യമായി പരിശോധിച്ച് മജിസ്ട്രേറ്റുമാരാണ് ശരിയായ തീരുമാനമെടുക്കേണ്ടതെന്നും കോടതി വ്യക്തമാക്കി. തടങ്കലിലാക്കിയ സമയം കൃത്യമായി രേഖപ്പെടുത്തിയില്ലെന്ന കാരണത്താല്‍ തൃശൂര്‍ സ്വദേശി ടി.വി. അനീഷിന് കോടതി ജാമ്യം അനുവദിച്ചു. അതേസമയം, കൊലപാതകക്കേസിലെ പ്രതി മലപ്പുറം സ്വദേശി മുജീബ് റഹ്മാന്, മയക്കുമരുന്ന് കേസിലെ പ്രതികളായ മൂവാറ്റുപുഴ സ്വദേശി അരുണ്‍ കെ. തോമസ്, കണ്ണൂര്‍ സ്വദേശി വി.എ. സര്‍ഫാസ്, മലപ്പുറം സ്വദേശി റഷാദ് മുഹമ്മദ്, കോഴിക്കോട് സ്വദേശി പി.കെ. മുഹമ്മദ് ആഷില്‍ എന്നിവരുടെ ജാമ്യഹര്‍ജികള്‍ തള്ളി.







Comments