
കൊളംബോ: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ മുന്‍തൂക്കം തുടരുന്നു. സ്കോര്‍: ഇന്ത്യ ഒന്നാം ഇന്നിങ്സ് ഒന്‍പതിന് 503 ഡിക്ലയേഡ്. ശ്രീലങ്ക ഒന്നാം ഇന്നിങ്സ് എട്ടിന് 265.മഴ മൂലം മൂന്നാം ദിവസത്തെ മത്സരം നേരത്തെ നിര്‍ത്തി. സെഞ്ചുറിയിലേക്കു കുതിക്കുന്ന (137 പന്തില്‍ രണ്ട് സിക്സറും ആറ് ഫോറുമടക്കം 85) സോനാല്‍ ദിനുഷയും എട്ട് റണ്ണെടുത്ത ലാഹിര കുമാരയുമാണു ക്രീസില്‍. ഫോളോ ഓണ്‍ ഒഴിവാക്കാന്‍ ലങ്കയ്ക്ക് 39 റണ്‍ കൂടി വേണം. ക്ഷണത്തില്‍ രണ്ട് വിക്കറ്റെടുത്താല്‍ ഇന്ത്യക്ക് ലങ്കയെ ഫോളോ ഓണ്‍ ചെയ്യിക്കാം. മൂന്നാം ദിവസത്തെ അവസാന മണിക്കൂറുകളില്‍ മഴയായിരുന്നു. മധ്യനിര ബാറ്റര്‍ പാസിന്ദു സൂര്യബണ്ടാര (133 പന്തില്‍ 80) സോനാല്‍ ദിനുഷ എന്നിവരുടെ പോരാട്ടമാണു ലങ്കയ്ക്ക് വിക്കറ്റ് വീഴ്ചയിലും ആശ്വസമായത്്. ശ്രീലങ്ക രണ്ട് വിക്കറ്റിന് എട്ട് റണ്‍ എന്ന നിലയിലാണു മൂന്നാം ദിവസം കളി തുടങ്ങിയത്.
കാമില്‍ മിഷാരയെ (25 പന്തില്‍ 19) ധ്രുവ് ജൂറലിന്റെ കൈയിലെത്തിച്ച പ്രസിദ്ധ കൃഷ്ണ ഇന്നലത്തെ വിക്കറ്റ് വേട്ട തുടങ്ങി. ഓപ്പണര്‍ ലാഹിരു ഉദാര(ഒന്ന്), പ്രഭാത് ജയസൂര്യ (രണ്ട്) എന്നിവരെ തലേ ദിവസം തന്നെ പുറത്താക്കിയിരുന്നു. കാമിന്ദു മെന്‍ഡിസ് (58 പന്തില്‍ ഒരു സിക്സറും മൂന്ന് ഫോറുമടക്കം 32) മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും പ്രസിദ്ധ കൃഷ്ണയുടെ പന്തില്‍ രവീന്ദ്ര ജഡേജ പുറത്താക്കി. നായകന് ധനഞ്ജയ ഡി സില്‍വയും (14 പന്തില്‍ എട്ട്) വൈകാതെ മടങ്ങി. മാനവ് സുതറിന്റെ പന്തില്‍ ലോകേഷ് രാഹുല്‍ പിടിച്ചാണു നായകന് മടങ്ങിയത്്. പൊരുതിനിന്ന പാസിന്ദു സൂര്യബണ്ടാരയെ ജഡേജ ബൗള്‍ഡാക്കിയതോടെ ലങ്ക പതറി.
ടീം സ്കോര്‍ ആറിന് 171 എന്നു നില്‍ക്കേയാണു പാസിന്ദു മടങ്ങിയത്. ദിനുഷയ്ക്കു കൂട്ടാകുമെന്നു കരുതിയ നിരോഷന്‍ ഡിക്വെല (0) മുഹമ്മദ് സിറാജിന്റെ പന്തില്‍ ധ്രുവ് ജൂറലിനു ക്യാച്ച് നല്കി മടങ്ങി. കെഷാര നുവാന്ത (74 പന്തില്‍ ഒരു സിക്സറും രണ്ട് ഫോറുമടക്കം 18) ദിനുഷയ്ക്കു കൂട്ടായി. എട്ടാം വിക്കറ്റ് കൂട്ടുകെട്ട് 124 പന്തില്‍ 50 റണ്ണെടുത്തു. നുവാന്തയെ സാരാംശ് ജെയ്നിന്റെ കൈയിലെത്തിച്ച് സുതര്‍ കൂട്ടുകെട്ട് പൊളിച്ചു. ഇന്ത്യക്കായി പ്രസിദ്ധ കൃഷ്ണയും സുതറും മൂന്ന് വിക്കറ്റ് വീതമെടുത്തു. മുഹമ്മദ് സിറാജും രവീന്ദ്ര ജഡേജയും ഒരു വിക്കറ്റ് വീതവുമെടുത്തു. കന്നി ടെസ്റ്റ് കളിക്കുന്ന സാരാംശിന് വിക്കറ്റെടുക്കാനായില്ല. 18 ഓവര്‍ എറിഞ്ഞ സാരാംശ് 51 റണ്‍ വിട്ടുകൊടുത്തു.
ഇന്ത്യക്കായി ധ്രുവ് ജൂറലും (177 പന്തില്‍ രണ്ട് സിക്സറും ഒന്‍പത് ഫോറുമടക്കം പുറത്താകാതെ 115) ദേവദത്ത് പടിക്കലും (193 പന്തില്‍ 117) സെഞ്ചുറിയടിച്ചു. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്തിന്റെ (89 പന്തില്‍ രണ്ട് സിക്സറും ആറ് ഫോറുമടക്കം 63) അര്‍ധ സെഞ്ചുറിയും ഇന്ത്യന്‍ സ്കോറിങിനു കരുത്തായി. ലങ്കയ്ക്കായി അസിത ഫെര്‍ണാണ്ടോ നാല് വിക്കറ്റെടുത്തു. കേഷാര നുവാന്ത, പ്രഭാത് ജയസൂര്യ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും ലാഹിരു കുമാര ഒരു വിക്കറ്റുമെടുത്തു. ഗാലെയില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ ഇന്ത്യയാണു ജയിച്ചത്.







Comments