
തിരുവനന്തപുരം: കേരള പോലീസിനെ പതിറ്റാണ്ടുകളായി വെട്ടിച്ച് ഒളിവില്‍ കഴിയുന്ന പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് വിദേശത്ത് വേറെ പേരില്‍ ജീവനോടെയുണ്ടെന്ന തരത്തില്‍ പ്രചരിക്കുന്ന ചാനല്‍ വാര്‍ത്തകള്‍ക്ക് സ്ഥിരീകരണമില്ലെന്ന് കേരള പോലീസ്. സ്വകാര്യ ചാനല്‍ പുറത്തുവിട്ട വാര്‍ത്തയിലാണ് കേരളാ പോലീസിന്റെ പ്രതികരണം.ഇത്തരത്തിലുള്ള യാതൊരു വിവരവും നിലവില്‍ പോലീസിന്റെയോ ആഭ്യന്തര വകുപ്പിന്റെയോ പക്കലില്ലെന്നാണ് പ്രാഥമിക വിശദീകരണം. സുകുമാരക്കുറുപ്പ് ജീവിച്ചിരിക്കാന്‍ സാധ്യതയില്ലെന്ന നിഗമനത്തില്‍ 42 വര്‍ഷം നീണ്ട അന്വേഷണം അവസാനിപ്പിച്ച് ൈക്രംബ്രാഞ്ച് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കാനിരിക്കെയാണ് അപ്രതീക്ഷിതമായി പുതിയ വാര്‍ത്തകള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നത്. എന്നാല്‍, നിലവില്‍ പ്രചരിക്കുന്ന വാര്‍ത്തകളുടെ അടിസ്ഥാനമെന്തെന്ന് വ്യക്തമല്ലെന്ന നിലപാടിലാണ് പോലീസ് ഉദ്യോഗസ്ഥര്‍.
കിഴക്കനേഷ്യന്‍ രാജ്യമായ ബ്രൂണെയില്‍ സുകുമാരക്കുറുപ്പ് ജീവനോടെ ഉണ്ടെന്ന വാര്‍ത്തകളാണ് ചാനലുകള്‍ പുറത്തുവിട്ടത്. സൈബര്‍ വിദഗ്ദ്ധന് എ.ഐ (കൃത്രിമബുദ്ധി) സാങ്കേതികവിദ്യ ഉപയോഗിച്ച് തയാറാക്കിയ ചിത്രങ്ങളുടെയും ബന്ധുക്കളുടെ ഫോണ്‍ വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കണ്ടെത്തിയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. മലേഷ്യ ബ്രൂണെ അതിര്‍ത്തിയോട് ചേര്‍ന്ന സിംപാങ് എന്ന സ്ഥലത്ത് വ്യാജപ്പേരില്‍ കുറുപ്പ് താമസിക്കുന്നുണ്ടെന്നും 1991 മുതല്‍ വിദേശത്ത് ഒളിവിലായ ഇയാള്‍ നാട്ടിലുള്ള കുടുംബവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നുമായിരുന്നു വാര്‍ത്തകള്‍. വിദേശത്ത് കണ്‍സ്ട്രക്ഷന്‍ മേഖലയിലാണ ജോലി ചെയ്യുന്നതെന്നും വാദമുയര്‍ന്നു. എന്നാല്‍, ഇത്തരത്തിലുള്ള അഭ്യൂഹങ്ങള്‍ മാത്രം മുന്‍നിര്‍ത്തി അന്വേഷണവുമായി മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന നിലപാടിലാണ് പോലീസ്. ബ്രൂണെയിലെ മലയാളി അസോസിയേഷനുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനകളില്‍ ദൃശ്യങ്ങളില്‍ കാണുന്ന വയോധികന് തൃശ്ശൂര്‍ സ്വദേശിയായ മറ്റൊരു വ്യക്തിയാണോ എന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്.







Comments