
തിരുവനന്തപുരം/സൗത്ത് പാമ്പാടി: അഡീഷണല്‍ ചീഫ് സെക്രട്ടറിയും മുന്‍ കോട്ടയം ജില്ലാ കലക്ടറുമായിരുന്ന പുല്ലുക്കോട്ടയില്‍ പി.എച്ച്. കുര്യന് (കൊച്ചുമോന് - 67) അന്തരിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ സംസ്ഥാന പരിസ്ഥിതി ആഘാത നിര്‍ണയ സമിതി ചെയര്‍മാനാണ്.
മൃതദേഹം ഇന്നു രാവിലെ 7.30 ന് തിരുവനന്തപുരം കിംസ് ആശുപത്രിയില്‍നിന്നു മുട്ടടയിലുള്ള വസതിയിലെത്തിക്കും. രണ്ടുവരെ വസതിയില്‍ പൊതുദര്‍ശനം. സൗത്ത് പാമ്പാടി കുറ്റിക്കലുള്ള പുല്ലുക്കോട്ടയില്‍ ഭവനത്തില്‍ വൈകിട്ട് ആറിനു മൃതദേഹം എത്തിക്കും. നാളെ 11.30 ന് ഭവനത്തിലെ ശുശ്രൂഷകള്‍ ആരംഭിക്കും. 12.15 ന് സൗത്ത് പാമ്പാടി സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ മൃതദേഹം എത്തിക്കും. ഒന്നിന് കോട്ടയം ഭദ്രാസന മെത്രാപ്പോലീത്ത ഡോ. യൂഹനോര് മാര്‍ ദിയസ്കോറോസിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ സംസ്കാര ശുശ്രൂഷകള്‍.
ഭാര്യ: ഉഷ കുര്യന് തിരുവല്ല തടിയൂര്‍ താഴത്തേക്കുറ്റ് കുടുംബാംഗമാണ്. മക്കള്‍: ഗോഡ്ലി ഹാബേല്‍ കുര്യന് (സീനിയര്‍ പ്ലാനിങ് മാനേജര്‍, അല്‍ ഫുട്ടൈം ഓട്ടോമോട്ടീവ് ദുബായ്), ഡോ. ഹെന്റി കുര്യന് (ഓര്‍ത്തോ ഫിസിഷ്യന്‍, ശ്രീ ഗോകുലം മെഡിക്കല്‍ കോളജ്, തിരുവനന്തപുരം) മരുമക്കള്‍ : ആലുവ ചേലാട് തക്കിരിക്കല് സ്നേഹ അനില്‍ (സീനിയര്‍ ബിസിനസ് അനലിസ്റ്റ്, ദുബായ്), കൊട്ടാരക്കര - മൈലം, വയലില്‍ ഡോ. ജോമി ജേക്കബ് (പീഡിയാക്ര്ടീഷ്യന്, ശ്രീ ഗോകുലം മെഡിക്കല്‍ കോളജ്- തിരുവനന്തപുരം).
കേരള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി ചെയര്മാന്, റവന്യു, ഐ.ടി, ഡിസൈന്‍ ട്രേഡ് മാര്‍ക്ക് പ്രിന്‍സിപ്പല്‍ സെക്രട്ടറി, പേറ്റന്റ് കണ്ട്രോളര്, കെ.എസ്.ഐ.ഡി.സി-എം.ഡി, കിന്‍ഫ്രാ ചെയര്മാന്, ലേബര്‍ കമ്മീഷണര്‍, ശാസ്ത്ര സാങ്കേതിക വകുപ്പ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. 1986 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. വിവാദങ്ങള്‍ക്ക് ഇടനല്‍കാതെ പ്രവര്‍ത്തിച്ച കുര്യന് ഇടത്,വലത് മന്ത്രിസഭകളുടെ കാലത്ത് നിര്‍ണായക പദവികളിലായിരുന്നു.







Comments