
കാക്കൂരില്‍ വിവാഹസംഘം സഞ്ചരിച്ച ബസ് പെട്രോള്‍ പമ്പിലേക്ക് പാഞ്ഞുകയറി മറിഞ്ഞ് 23 പേര്‍ക്ക് പരുക്കേറ്റ സംഭവം കേരളത്തിന്റെ റോഡ് സംസ്‌കാരത്തെക്കുറിച്ച് ഗൗരവമായ ചോദ്യങ്ങളുയര്‍ത്തുന്നു. തൊട്ടുമുന്നില്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ പെട്ടെന്ന് വലത്തേക്കു തിരിഞ്ഞപ്പോള്‍ കൂട്ടിയിടി ഒഴിവാക്കാനുള്ള ശ്രമത്തിലാണ് ബസ് നിയന്ത്രണംവിട്ട് അപകടത്തില്‍പ്പെട്ടത്. ഒരാളുടെ അശ്രദ്ധ മൂലമുള്ള അപകടം ഒഴിവാക്കാനുള്ള ശ്രമം ഒടുവില്‍ നിരവധി പേരെ അപകടത്തിലാക്കുകയായിരുന്നു. കേരളത്തിലെ നിരത്തുകളില്‍ ഇത്തരം സംഭവങ്ങള്‍ ഒറ്റപ്പെട്ടതല്ല. സിഗ്‌നല്‍ നല്‍കാതെ തിരിയുക, അമിതവേഗം, അപകടകരമായ ഓവര്‍ടേക്കിങ്, തെറ്റായ വശത്തുകൂടിയുള്ള യാത്ര, വാഹനമോടിക്കുമ്പോഴുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗം, ഹെല്‍മറ്റും സീറ്റ് ബെല്‍റ്റും അവഗണിക്കല്‍ തുടങ്ങിയ നിയമലംഘനങ്ങള്‍ വ്യാപകമാണ്. റോഡില്‍ മറ്റുള്ളവര്‍ ജാഗ്രത പാലിക്കുമെന്ന ധാരണയില്‍ സ്വന്തം സൗകര്യത്തിനനുസരിച്ച് നിയമങ്ങള്‍ വളച്ചൊടിക്കുന്നവരും കുറവല്ല. ഇത്തരം അശ്രദ്ധയുടെ ഇരകളാകുന്നത് പലപ്പോഴും നിയമം പാലിച്ച് യാത്ര ചെയ്യുന്നവരാണ്. ഒരാളുടെ നിമിഷത്തെ അശ്രദ്ധ മറ്റൊരാളുടെ ജീവിതം തകര്‍ക്കാം.
റോഡ് സുരക്ഷ പിഴയും ക്യാമറയുംകൊണ്ട് മാത്രം ഉറപ്പാക്കാനാവില്ല. നിയമലംഘനം കണ്ടെത്തിയാല്‍ തുടര്‍നടപടികള്‍ കര്‍ശനമാക്കണം. ആവര്‍ത്തിച്ച് ഗുരുതര നിയമലംഘനം നടത്തുന്നവരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികള്‍ കാര്യക്ഷമമാക്കണം. ൈഡ്രവിങ് ലൈസന്‍സ് നല്‍കുമ്പോള്‍ നിയമപരിചയത്തോടൊപ്പം റോഡ് മര്യാദയും അപകടസാഹചര്യങ്ങളില്‍ ശരിയായ തീരുമാനമെടുക്കാനുള്ള കഴിവും പരിശോധിക്കണം. സ്‌കൂള്‍തലം മുതല്‍ റോഡ് സുരക്ഷാ ബോധവല്‍ക്കരണം തുടര്‍ച്ചയായ പരിപാടിയാക്കണം. അപകടസാധ്യതയുള്ള വളവുകള്‍, ജങ്‌ഷനുകള്‍, പെട്രോള്‍ പമ്പുകളുടെ പ്രവേശനമേഖലകള്‍ എന്നിവ ശാസ്‌ത്രീയമായി പുനഃക്രമീകരിക്കുകയും വേണം.
എന്നാല്‍ ഏറ്റവും പ്രധാനപ്പെട്ടത് ൈഡ്രവര്‍മാരുടെ മനോഭാവമാണ്. റോഡ് തനിക്കു മാത്രമുള്ളതല്ലെന്ന ബോധം വളരണം. വാഹനം ഓടിക്കുന്നത് വ്യക്‌തിയുടെ സൗകര്യം മാത്രമല്ല, മറ്റുള്ളവരുടെ ജീവനും സുരക്ഷയും ഏറ്റെടുക്കുന്ന ഉത്തരവാദിത്വമാണ്. നിയമം പോലീസിനെ ഭയന്നല്ല, മറ്റൊരാളുടെ ജീവനെ ബഹുമാനിച്ചാണ് പാലിക്കേണ്ടത്. കാക്കൂരിലെ അപകടം ഈ ലളിതമായ സത്യം വീണ്ടും ഓര്‍മിപ്പിക്കുന്നു.
റോഡിലെ ഓരോ യാത്രയും ഓരോരുത്തരുടെയും ഉത്തരവാദിത്വത്തിന്റെ പരീക്ഷണമാണ്. മുന്നിലുള്ള വാഹനത്തിന്റെ നീക്കം മുന്‍കൂട്ടി മനസ്സിലാക്കാന്‍ ആവശ്യമായ അകലം പാലിക്കുക, ദിശമാറ്റുന്നതിന് മുമ്പ് സൂചന നല്‍കുക, വേഗം നിയന്ത്രിക്കുക തുടങ്ങിയ അടിസ്‌ഥാന ശീലങ്ങള്‍ പോലും അപകടങ്ങള്‍ ഗണ്യമായി കുറയ്‌ക്കും. ട്രാഫിക് നിയമങ്ങള്‍ പാലിക്കുന്നത് വെറും പിഴ ഒഴിവാക്കാനുള്ള ചട്ടങ്ങളായി കാണുന്ന സമീപനം മാറണം. നിയമം പാലിക്കുന്നവര്‍ക്ക് സുരക്ഷിതമായി സഞ്ചരിക്കാനുള്ള അവകാശമുണ്ട്;അത് കവര്‍ന്നെടുക്കാന്‍ ആര്‍ക്കും അവകാശമില്ല. ഗതാഗതനിയന്ത്രണ സംവിധാനങ്ങളും എന്‍ഫോഴ്‌സ്‌മെന്റ് സംവിധാനങ്ങളും തമ്മില്‍ ഏകോപനം ശക്‌തിപ്പെടുത്തി അപകടമേഖലകള്‍ സ്‌ഥിരമായി തിരിച്ചറിഞ്ഞ് ഇടപെടലുകള്‍ നടത്തണം. അപകടമുണ്ടായശേഷം പ്രതികരിക്കുന്നതിനേക്കാള്‍ അപകടം സംഭവിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടത്. ൈഡ്രവിങ് പരിശീലനത്തിലും ഈ ഉത്തരവാദിത്വബോധം നിര്‍ബന്ധിത ഘടകമാക്കണം.
. കര്‍ശനമായ നിയമവും സ്‌ഥിരമായ പരിശോധനയും സാമൂഹിക ഉത്തരവാദിത്വവും ഒരുമിച്ചാലേ കേരളത്തിലെ റോഡുകള്‍ യഥാര്‍ഥത്തില്‍ സുരക്ഷിതമാകൂ. അപകടം ഭാഗ്യദോഷമെന്നു പറഞ്ഞ് ഒഴിഞ്ഞുമാറാതെ, ഓരോ നിയമലംഘനത്തിന്റെയും പിന്നിലെ അപകടസാധ്യത സമൂഹം തിരിച്ചറിയണം. റോഡ് മര്യാദ ഒരു ശീലമല്ല;അത് ജീവന്‍ സംരക്ഷിക്കുന്ന സാമൂഹിക ബാധ്യതയാണ്.





Comments