
കശ്‌മീരിലെ ശ്രീനഗറില്‍ ഇരുന്നാണ് ഈ ലേഖനം എഴുതുന്നത്. ബുധനാഴ്‌ച നേപ്പാളില്‍ നിന്നും കേട്ടത് വലിയ സങ്കട വാര്‍ത്തയാണ്. നൂറുകണക്കിന് പേര്‍ക്ക് ജീവന്‍ നഷ്‌ടപെട്ടതും നിരവധി പേരെ കാണാന്‍ ഇല്ലാത്തതും വലിയ പ്രശ്‌നമാണ്.
കോടികണക്കിന് രൂപയുടെ നഷ്‌ടം വേറെ. ഒരു പുരുഷയുസുകൊണ്ട് ഉണ്ടാക്കിഎടുക്കുന്നവ ഒരു നിമിഷം കൊണ്ട് നഷ്‌ടമാകുമെന്ന് ഒരിക്കലും ആരും കരുതുന്നില്ല പക്ഷേ പ്രകൃതി പലനാള്‍ കൊണ്ടുള്ള ഒരുക്കം ഒരുനാള്‍ തീര്‍ക്കും. അവിടെ മനുഷ്യര്‍ക്ക് വലുതായി ഒന്നും ചെയ്യാനില്ല.
നേപ്പാളില്‍ നടന്നത്
ഹിമവല്‍സാനുക്കളിലാണ് നേപ്പാള്‍ സ്‌ഥിതി ചെയ്യുന്നത്. മഞ്ഞുമലകള്‍ക്ക് താഴ്‌വാരം കിടക്കുന്ന രാജ്യം പ്രകൃതിയുടെ സ്വന്തം സൃഷ്‌ടി തന്നെയാണ്. കാണാനും അനുഭവിക്കാനും അതി മനോഹരം. അത്‌കൊണ്ട് തന്നെ ജനവാസവും ടൂറിസവും എല്ലാം കൂടുതല്‍ ആയിരിക്കും.
ആഗോള താപനത്തിന്റെ തോത് ഈ വര്‍ഷം വളരെ കൂടുതല്‍ ആയിരിക്കും എന്ന മുന്നറിയിപ്പ് വന്നതാണ്. അതുപോലെ പസിഫിക് സമുദ്രത്തിലെ എല്‍നിനോ കൊണ്ട് ഈ വര്‍ഷം ചൂടും വരള്‍ച്ചയും കൂടും എന്നും പറയുന്നു. പക്ഷേ കാലാവസ്‌ഥ മാറ്റത്തിന്റെ കാലത്ത് ചൂട് പോലെ അതിമഴയും വരാം.
മഞ്ഞുരുകാന്‍ കാരണം വര്‍ദ്ധിക്കുന്ന ചൂട് തന്നെയാണ്. നേപ്പാളില്‍ ഭൂചലനം കൂടി ഉണ്ടായി എന്ന് അമേരിക്കന്‍ ശാസ്‌ത്ര സമൂഹം ആദ്യം പറഞ്ഞുവെങ്കിലും പിന്നെ അവലാഞ്ചെ എന്ന മഞ്ഞുരുകല്‍ എന്ന പ്രതിഭാസം മാത്രമാണെന്ന് ഉറപ്പിച്ചു.
അവലാഞ്ചെ എന്ന പ്രതിഭാസം
കശ്‌മീരില്‍ ഉള്‍പ്പെടെയുള്ള വടക്ക് കിഴക്കന്‍ മലനിരകളിലെ റോഡുകളില്‍ അവലാഞ്ചെ സാധ്യത ഉള്ള മേഖലകളില്‍ പ്രത്യകം ട്രാഫിക് ബോര്‍ഡ് വച്ചിട്ടുണ്ട്. നേപ്പാളില്‍ 0.2 കിലോമീറ്റര്‍ വിസ്‌തൃതിയുള്ള ഹിമപാളികള്‍ 1.2 കിലോമീറ്റര്‍ ഉയരത്തില്‍ നിന്നും അതിവേഗം ഉരുകി കോസി നദിയില്‍ എത്തിയതാണ് ദുരന്തകാരണം എന്നാണ് പ്രാഥമിക വിലയിരുത്തല്‍. താഴേക്ക് പതിക്കുന്ന ഹിമാനികള്‍ മണ്ണ്, പാറ, ചെളി എന്നിവ എല്ലാം കൂടി ചേരുമ്പോള്‍ ഹിമപാളികള്‍ അവലാഞ്ചെ ആയി കണക്കാക്കും.
ഹിമപാളി തടാക രൂപീകരണ പ്രളയം എന്നും പറയാവുന്നതാണ്. മലനിരകളില്‍ നിന്നും ആദ്യം വരുന്ന മഞ്ഞുപാളികള്‍ താഴേക്ക് പതിച്ചു തുടര്‍ന്നുള്ള മണ്ണിനും പാറയ്‌ക്കും ഇളക്കം വരുത്തും. പിന്നെ താഴേക്ക് അവ തടയണപോലെ ആയി തടാകം രൂപപ്പെടും. മഞ്ഞുരുകി വെള്ളം കൂടുതല്‍ വരുമ്പോള്‍ തടാകം പൊട്ടി വീണ്ടും താഴേക്ക് വെള്ളം ഒരുമിച്ചു വരും. ഇതൊക്കെ പ്രകൃതിയുടെ രീതികള്‍ ആണ്.
ഹിമാലയത്തിന്റെ മാറുന്ന
മുഖവും മനുഷ്യന്റെ ദുരിതവും
ഹിമാലയത്തിന്റെ മടിത്തട്ടില്‍ സ്‌ഥിതി ചെയ്യുന്ന നേപ്പാള്‍ പ്രകൃതിസൗന്ദര്യത്തിന്റെയും അതോടൊപ്പം പ്രകൃതിദുരന്തങ്ങളുടെയും നാടാണ്. ഉയര്‍ന്ന പര്‍വതങ്ങള്‍, ആഴമേറിയ താഴ്‌വരകള്‍, ഹിമാനികള്‍, ഹിമാനി തടാകങ്ങള്‍, അതിവേഗം ഒഴുകുന്ന നദികള്‍ എന്നിവ നേപ്പാളിന്റെ ഭൂമിശാസ്‌ത്രത്തിന്റെ പ്രത്യേകതകളാണ്. എന്നാല്‍, മണ്‍സൂണ്‍ കാലത്തെ അതിശക്‌തമായ മഴയും മണ്ണിടിച്ചിലും ഹിമാനി തടാകവിസ്‌ഫോടനങ്ങളും സമീപകാലത്ത് കൂടുതല്‍ ആശങ്ക സൃഷ്‌ടിക്കുകയാണ്.
2021 ഒക്‌ടോബറില്‍ കനത്ത മഴയെ തുടര്‍ന്ന് നേപ്പാളിന്റെ വിവിധ ഭാഗങ്ങളില്‍ പ്രളയവും മണ്ണിടിച്ചിലും ഉണ്ടായി. നിരവധി നദികള്‍ കരകവിഞ്ഞതോടെ റോഡുകളും പാലങ്ങളും വീടുകളും കൃഷിയിടങ്ങളും തകര്‍ന്നു. പര്‍വതപ്രദേശങ്ങളിലെ മണ്ണിടിച്ചില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വലിയ തടസ്സമായി. ഈ ദുരന്തം നേപ്പാളില്‍ പ്രളയം എന്നത് വെറും നദികളിലെ വെള്ളപ്പൊക്കം മാത്രമല്ലെന്നും, മഴ, മണ്ണിടിച്ചില്‍, നദീതട ദുരന്തങ്ങള്‍ പരസ്‌പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഓര്‍മ്മിപ്പിച്ചു.2024 സെപ്‌റ്റംബര്‍ അവസാനത്തില്‍ നേപ്പാളിന്റെ കിഴക്കന്‍, മധ്യ മേഖലകളില്‍ അതിശക്‌തമായ മഴ പെയ്‌തു. സെപ്‌റ്റംബര്‍ 26 മുതല്‍ 28 വരെയുള്ള മഴയില്‍ വ്യാപകമായ പ്രളയവും മണ്ണിടിച്ചിലും ഉണ്ടായി. കാഠ്‌മണ്ഡു താഴ്‌വര ഉള്‍പ്പെടെ നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ഔദ്യോഗിക സഹായ കണക്കുകളില്‍ 236 മരണങ്ങളും 165 പരിക്കുകളും 19 പേരെ കാണാതായതും രേഖപ്പെടുത്തിയിട്ടുണ്ട്. ആയിരക്കണക്കിന് വീടുകള്‍ക്ക് നാശനഷ്‌ടമുണ്ടായി.
കാഠ്‌മണ്ഡുവിലൂടെ ഒഴുകുന്ന ബാഗ്‌മതി ഉള്‍പ്പെടെയുള്ള നദികള്‍ കരകവിഞ്ഞത് നഗരജീവിതത്തെ സാരമായി ബാധിച്ചു. റോഡുകളും പാലങ്ങളും ഗതാഗത സംവിധാനങ്ങളും തകര്‍ന്നു. വീടുകളുടെ മേല്‍ക്കൂരകളിലും ഉയര്‍ന്ന പ്രദേശങ്ങളിലും അഭയം തേടേണ്ട സാഹചര്യം പല കുടുംബങ്ങള്‍ക്കും ഉണ്ടായി.
ഈ പ്രളയം നേപ്പാളിലെ നഗരവല്‍ക്കരണവും പ്രളയസാധ്യതയും തമ്മിലുള്ള ബന്ധവും വ്യക്‌തമാക്കിയിരുന്നു. നദീതടങ്ങളിലെ അനിയന്ത്രിതമായ നിര്‍മാണവും അപര്യാപ്‌തമായ ഡ്രെയിനേജ് സംവിധാനങ്ങളും പ്രകൃതിദുരന്തത്തിന്റെ ആഘാതം വര്‍ധിപ്പിക്കുന്നു.
2025 ഒകേ്‌ടാബറിലും നേപ്പാളില്‍ കനത്ത മഴയെ തുടര്‍ന്ന് പൊടുന്നനെയുള്ള വെള്ളപ്പൊക്കങ്ങളും മണ്ണിടിച്ചിലുകളും ഉണ്ടായി. കിഴക്കന്‍ നേപ്പാളിലെ ഇലം ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ ശക്‌തമായി ബാധിക്കപ്പെട്ടു. ഒകേ്‌ടാബര്‍ ആദ്യവാരത്തില്‍ മരണസംഖ്യ 47 ആയി ഉയര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. റോഡുകളും പാലങ്ങളും തകര്‍ന്നതോടെ നിരവധി പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു. തുടര്‍ച്ചയായ ഇത്തരം സംഭവങ്ങള്‍ നേപ്പാളില്‍ ദുരന്തനിവാരണ സംവിധാനങ്ങള്‍ കൂടുതല്‍ ശക്‌തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത വ്യക്‌തമാക്കുന്നു.
ബുധനാഴ്‌ച നേപ്പാള്‍ടിബറ്റ് അതിര്‍ത്തിയില്‍ ഉണ്ടായ ദുരന്തം മുന്‍കാല പ്രളയങ്ങളില്‍നിന്ന് വ്യത്യസ്‌തമായിരുന്നു. ഹിമാനിയുടെ ഒരു ഭാഗം തകര്‍ന്നുവീണതിനെ തുടര്‍ന്ന് വന്‍തോതില്‍ മഞ്ഞും പാറയും അവശിഷ്‌ടങ്ങളും വെള്ളവും താഴേക്ക് കുതിച്ചെത്തുകയായിരുന്നു. ഇതോടെ ല്‌ഹെന്ദെ ഖോള ഉള്‍പ്പെടെയുള്ള നദീതടങ്ങളില്‍ അതിവേഗ വെള്ളപ്പാച്ചില്‍ ഉണ്ടായി.
റാസുവാ ജില്ലയിലും അതിര്‍ത്തിപ്രദേശങ്ങളിലും റോഡുകളും പാലങ്ങളും വീടുകളും വൈദ്യുതി അടിസ്‌ഥാനസൗകര്യങ്ങളും തകര്‍ന്നു. ടിബറ്റിലെ ഗ്യിറോങ് തുറമുഖ പ്രദേശത്തേക്കും മണ്ണും പാറയും വെള്ളവും വ്യാപിച്ചു. ദുരന്തത്തില്‍ നിരവധി പേര്‍ മരിക്കുകയും നൂറുകണക്കിന് ആളുകളെ കാണാതാകുകയും ചെയ്‌തു;രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
ഈ സംഭവത്തിന്റെ പ്രത്യേകത അതിന്റെ വേഗമാണ്. സാധാരണ മഴവെള്ളപ്പൊക്കത്തിന് മുന്നറിയിപ്പ് നല്‍കാന്‍ ലഭിക്കുന്ന സമയത്തേക്കാള്‍ വളരെ കുറച്ച് സമയത്തിനുള്ളില്‍ വെള്ളവും മണ്ണും പാറയും താഴേക്ക് എത്തിയതിനാല്‍ ആളുകള്‍ക്ക് രക്ഷപ്പെടാന്‍ പോലും അവസരം ലഭിക്കാത്ത സാഹചര്യങ്ങളുണ്ടായി
നേപ്പാളിന്റെ ഭൂമിശാസ്‌ത്രമാണ് പ്രധാന കാരണം. ഉയര്‍ന്ന ഹിമാലയത്തില്‍ നിന്ന് ഉത്ഭവിക്കുന്ന നദികള്‍ വളരെ കുത്തനെയുള്ള താഴ്‌വരകളിലൂടെ ഒഴുകുന്നു. കനത്ത മഴയോ ഹിമാനി തകര്‍ച്ചയോ ഉണ്ടായാല്‍ വെള്ളം വളരെ വേഗത്തില്‍ താഴ്‌ന്ന പ്രദേശങ്ങളിലേക്ക് എത്തുന്നു.
അതോടൊപ്പം ഹിമാലയന്‍ മേഖലയിലെ താപനില ഉയരുന്നത് ഹിമാനികളുടെയും മഞ്ഞുപാളികളുടെയും സ്‌ഥിരതയെ ബാധിക്കുന്നുവെന്ന ആശങ്കയും ശാസ്‌ത്രജ്‌ഞര്‍ക്കുണ്ട്. ഹിമാനി ഉരുകല്‍, ഹിമാനി തടാകങ്ങളുടെ വലുപ്പം വര്‍ധിക്കല്‍, പാറകളും മണ്ണും അസ്‌ഥിരമാകല്‍ തുടങ്ങിയ ഘടകങ്ങള്‍ ഭാവിയിലെ അപകടസാധ്യത വര്‍ധിപ്പിച്ചേക്കാം. എന്നാല്‍ ഓരോ പ്രളയത്തിന്റെയും കൃത്യമായ കാരണം പ്രത്യേകം ശാസ്‌ത്രീയമായി വിലയിരുത്തേണ്ടതാണ്.
നേപ്പാളിലെ പ്രളയങ്ങള്‍ നേപ്പാളിന്റെ മാത്രം പ്രശ്‌നമല്ല. നേപ്പാളില്‍നിന്ന് ഇന്ത്യയിലേക്ക് ഒഴുകുന്ന നിരവധി നദികളുണ്ട്. കോസി, ഗണ്ഡക്, കര്‍ണാലി തുടങ്ങിയ നദീതടങ്ങളിലെ വലിയ വെള്ളപ്പാച്ചില്‍ ഇന്ത്യയിലെ താഴ്‌ന്ന പ്രദേശങ്ങളെയും ബാധിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ നേപ്പാളും ഇന്ത്യയും തമ്മില്‍ പ്രളയ മുന്നറിയിപ്പ് സംവിധാനങ്ങള്‍, നദിയിലെ ജലനിരപ്പ് വിവരങ്ങള്‍, കാലാവസ്‌ഥാ വിവരങ്ങള്‍, ഹിമാനി നിരീക്ഷണം, ദുരന്തസമയ ഏകോപനം എന്നിവ കൂടുതല്‍ ശക്‌തിപ്പെടുത്തേണ്ടത് അനിവാര്യമാണ്
2021 മുതല്‍ 2026 വരെയുള്ള നേപ്പാളിലെ ദുരന്തങ്ങള്‍ ഒരു പ്രധാന സന്ദേശമാണ് നല്‍കുന്നത്: ഹിമാലയം മാറിക്കൊണ്ടിരിക്കുകയാണ്;അതിനനുസരിച്ച് മനുഷ്യന്റെ ദുരന്തനിവാരണ സംവിധാനങ്ങളും മാറണം.2024-ലെ അതിശക്‌തമായ മഴയും നഗരപ്രളയവും, 2025-ലെ മഴയും മണ്ണിടിച്ചിലും, ബുധനാഴ്‌ചത്തെ ഹിമാനി തകര്‍ച്ചയെ തുടര്‍ന്നുള്ള അപ്രതീക്ഷിത വെള്ളപ്പൊക്കവും ഒരേ രീതിയിലുള്ള ദുരന്തങ്ങളല്ല.
കേരളം പഠിക്കേണ്ടത്
പ്രളയം, വരള്‍ച്ച, ഉരുള്‍ പൊട്ടല്‍, തീര ശോഷണം, കടല്‍ക്കാറ്റ് എന്നിവ ഒന്നും ഇല്ലാത്ത കേരളത്തെ കുറിച്ച് ചിന്തിക്കുകപോലും വേണ്ട. പശ്‌ചിമഘട്ട മലനിരകളില്‍ നിന്നുള്ള വാര്‍ത്തകളും ശുഭകരമല്ല. അതി കഠിന മഴയും തുടര്‍ന്നുള്ള വരള്‍ച്ചയും കേരളത്തിന്റെ നോര്‍മല്‍ ആയി കഴിഞ്ഞു. കുറഞ്ഞ സ്‌ഥലത്ത് ചെറിയ സമയം കൊണ്ട് വലിയ മഴ, മേഘ വിസ്‌ഫോടനം എന്നിവ എല്ലാം കൂടി പ്രതിസന്ധി കൂട്ടുകയാണ്. ഇവയെല്ലാം സമ്പൂര്‍ണമായി ചെറുക്കാന്‍ ആവില്ല. പ്രകൃതി പ്രതിഭാസങ്ങളെ തീര്‍ത്തും ഒഴിവാക്കാന്‍ കഴിയില്ല. പക്ഷേ അവ മനസ്സിലാക്കി മുന്‍കരുതലുകള്‍ എടുക്കാനാണ് നോക്കേണ്ടത്.
ഡോ. വി. സുഭാഷ് ചന്ദ്രബോസ്





Comments