
തിരുവനന്തപുരം: മലപ്പുറത്ത് ഓട്ടോറിക്ഷയ്ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനെത്തുടര്‍ന്ന് ൈഡ്രവര്‍ ഷൗക്കത്ത് ആത്മഹത്യ ചെയ്ത സംഭവത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശന് ഇടപെട്ടു. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് മാനസിക പീഡനം നടന്നിട്ടുണ്ടെന്ന പരാതിയില്‍ വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്കി. കുടുംബത്തെ മുഖ്യമന്ത്രി ഫോണില്‍ വിളിച്ചു. ശക്തമായ നടപടിയുണ്ടാകുമെന്ന് ഉറപ്പുനല്‍കി.
സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്ന് മന്ത്രി സി.പി. ജോണ്‍ അറിയിച്ചു.അന്വേഷണം വേഗത്തിലാക്കാനും രണ്ടു ദിവസത്തിനകം പ്രാഥമിക റിപ്പോര്‍ട്ട് നല്‍കാനും ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി. അനുപമയ്ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വാഹന പരിശോധനാ വേളയിലോ തുടര്‍ നടപടികളിലോ എന്തെങ്കിലും വീഴ്ചയോ അനാവശ്യ തടസങ്ങളോ ഉണ്ടായിട്ടുണ്ടോ എന്ന് ഗതാഗത സെക്രട്ടറി വിശദമായി അന്വേഷിക്കും.ഉദ്യോഗസ്ഥരുടെ പീഡനം മൂലമാണ് ജീവനൊടുക്കുന്നതെന്ന് ഷൗക്കത്ത് വ്യക്തമാക്കുന്ന തെളിവുകള്‍ പുറത്തുവന്നിരുന്നു. ജീവനൊടുക്കുന്നതിനു മുമ്പ് സമൂഹമാധ്യമങ്ങളില്‍ ഷൗക്കത്ത് പങ്കുവച്ച ദൃശ്യങ്ങളും വിശദമായ കുറിപ്പും പ്രത്യേക അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തും.
ഇതില്‍ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ ഓരോന്നും ഉന്നതതല സംഘം വിശദമായി പരിശോധിക്കും. ഗതാഗത സെക്രട്ടറി സമര്‍പ്പിക്കുന്ന അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്ക്കെതിരേ മുഖംനോക്കാതെ കര്‍ശന നടപടി സ്വീകരിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. കുറ്റക്കാര്‍ക്കെതിരേ മാതൃകാപരമായ നടപടിയുണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി.







Comments