
തിരുവനന്തപുരം: യു.ഡി.എഫ് സര്‍ക്കാരിന്റെ നൂറുദിവസം പൂര്‍ത്തിയാകുമ്പോഴും കേരളത്തില്‍ വികസനമോ തൊഴിലവസരങ്ങളോ കൊണ്ടുവരാന്‍ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് ബി.ജെ.പി സംസ്‌ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ഹിന്ദു വിശ്വാസത്തിനെതിരേ നടക്കുന്ന അധിക്ഷേപകരമായ പരാമര്‍ശങ്ങളില്‍ സംസ്‌ഥാന സര്‍ക്കാര്‍ മൗനം പാലിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സണ്ണി കപിക്കാട് ഉള്‍പ്പെടെയുള്ളവരുടെ വിവാദ പരാമര്‍ശങ്ങളില്‍ നിയമനടപടി സ്വീകരിക്കാതെ സര്‍ക്കാര്‍ നിഷ്‌ക്രിയമായി തുടരുന്നത് ഇരട്ടത്താപ്പിന്റെ തെളിവാണ്.മുഖ്യമന്ത്രി വി.ഡി. സതീശനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ദേവസ്വം മന്ത്രി കെ. മുരളീധരനും ഹിന്ദു വിശ്വാസത്തിനെതിരായ വിദ്വേഷപ്രസംഗങ്ങളില്‍ എന്തുകൊണ്ടാണു മൗനം പാലിക്കുന്നത്? നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമല്ലേയെന്ന് രാജീവ് ചന്ദ്രശേഖര്‍ ചോദിച്ചു.ശബരിമലയിലെ സ്വര്‍ണക്കവര്‍ച്ച ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് അധികാരത്തിലെത്തിയ കോണ്‍ഗ്രസ് ശബരിമലയെയും ഭഗവാന്‍ അയ്യപ്പനെയും മറന്നിരിക്കുകയാണ്. വിശ്വാസമര്‍പ്പിച്ച ആയിരക്കണക്കിനു ഹിന്ദു വോട്ടര്‍മാരെ കോണ്‍ഗ്രസ് വഞ്ചിച്ചു. പ്രീണനത്തിന്റെയും ഇരട്ടത്താപ്പിന്റെയും രാഷ്‌ട്രീയം മാത്രമാണ് കഴിഞ്ഞ നൂറു ദിവസങ്ങളില്‍ കണ്ടത്. സാധാരണ ജനങ്ങള്‍ക്കു ഗുണം ലഭിക്കുന്നതിനു പകരം ഭിന്നിപ്പിച്ചു ഭരിക്കുന്ന രാഷ്‌ട്രീയത്തിനാണ് സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കുന്നത്. ഹിന്ദു വിശ്വാസങ്ങളെ അധിക്ഷേപിക്കുന്ന പ്രസംഗങ്ങള്‍ അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പേരില്‍ ന്യായീകരിക്കാനാകില്ല. കേരളത്തിലെ ദശലക്ഷക്കണക്കിനു ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തിയ സണ്ണി എം. കപിക്കാടിനെതിരേ സര്‍ക്കാര്‍ അടിയന്തരമായി നിയമനടപടി സ്വീകരിക്കണമെന്നുംരാജീവ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടു.







Comments