കൊച്ചി: 51-ാമത് സംസ്ഥാന സബ് ജൂനിയര്‍ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ആതിഥേയരായ എറണാകുളത്തിന് ഇരട്ടനേട്ടം. രാജഗിരി കാമ്പസ് കോര്‍ട്ടില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ആലപ്പുഴയെ 60-46 ന് തകര്‍ത്ത് എറണാകുളം ചാമ്പ്യന്മാരായി. ആറു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് എറണാകുളം കിരീടം തിരിച്ചുപിടിക്കുന്നത്.
ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ തൃശൂരിനെ 56-45 ന് പരാജയപ്പെടുത്തി എറണാകുളം വെങ്കലം സ്വന്തമാക്കി. ലൂസേഴ്സ് ഫൈനലില്‍ തൃശൂരിനെതിരെ മികച്ച പോരാട്ടമാണ് എറണാകുളം ആണ്‍കുട്ടികള്‍ പുറത്തെടുത്തത്. 18 പോയിന്റുകള്‍ നേടിയ അക്ഷിത് സി. സാജന് എറണാകുളത്തിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. ടൂര്‍ണമെന്റിലെ പ്രോമിസിങ് പ്ലെയര്‍ ആയി അക്ഷിത് തെരഞ്ഞെടുക്കപ്പെട്ടു. ജോര്‍ദാന്‍ സേവ്യര്‍ (11 പോയിന്റ്), ധനഞ്ജയ് അനീഷ് (10 പോയിന്റ്) എന്നിവരും തിളങ്ങി. തൃശൂരിനായി ജെറാര്‍ഡ് ജെയ്സണ്‍ 19 പോയിന്റ് നേടി.







Comments