വിന്‍ഡ്ഹോക്ക്: സിംബാബ്വെ കൂടി ഉള്‍പ്പെടുന്ന ത്രിരാഷ്ട്ര ട്വന്റി-20 ക്രിക്കറ്റ് ടൂര്‍ണമെന്റിലെ ആദ്യമത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ ഞെട്ടിച്ച് നമീബിയ. 18 റണ്ണിനാണ് ആതിഥേയരുടെ ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത നമീബിയ 20 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 163 റണ്ണടിച്ചു. ലക്ഷ്യത്തിലേക്കു ബാറ്റേന്തിയ ദക്ഷിണാഫ്രിക്കയ്ക്ക് അവസാന പന്ത് എറിയുമ്പോള്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 145 റണ്ണെടുക്കാനേ സാധിച്ചുള്ളൂ.
ബൗളര്‍മാരുടെ മികവിലാണ് നമീബിയയുടെ ജയം. ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് നിരയില്‍ മൂന്നുപേര്‍ മാത്രമാണ് രണ്ടക്കം താണ്ടിയത്. 50 പന്തില്‍ അഞ്ചു സിക്സും നാലു ഫോറും പറത്തി 75 റണ്ണടിച്ച ഡെവാള്‍ഡ് ബ്രെവിസ് ദക്ഷിണാഫ്രിക്കയ്ക്കായി പൊരുതി. കന്നിമത്സരം കളിച്ച ഡ്യുവാന്‍ യാന്സെന് (25), റൂബിന് ഹെര്‍മാന്‍ (12) എന്നിവര്‍ മാത്രമാണ് ബ്രെവിസിനു പുറമേ രണ്ടക്കം കടന്നവര്‍. മൂന്നു വിക്കറ്റ് വീതം വീഴ്ത്തി റൂബെന്‍ ട്രംപെല്മാന്, ജെ.ജെ. സ്മിത് എന്നിവര്‍ നമീബിയന്‍ ബൗളര്‍മാരില്‍ തിളങ്ങി. ജെറാഡ് ഇറാസ്മസ്, ജാക്ക് ബ്രാസെല്‍, മാക്സ് ഹെയ്ന്‍ഗോ എന്നിവര്‍ക്ക് ഓരോ ഇരകളെ കിട്ടി.
ആദ്യം ബാറ്റ് ചെയ്ത നമീബിയയ്ക്കുവേണ്ടി ഓപ്പണര്‍ യാന്‍ ഫ്രൈലിങ്ക് 38 പന്തില്‍ 60 റണ്ണുമായി ടോപ്സ്കോററായി. ഇന്നു രണ്ടാം മത്സരത്തില്‍ സിംബാബ്വെയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും.







Comments