
സെന്റ് ലൂയിസ്: ഗ്രാന്‍ഡ് ചെസ് ടൂര്‍ കിരീടം ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ രമേഷ് ബാബു പ്രഗ്നാനന്ദയ്ക്ക്. കലാശപ്പോരില്‍ പിന്നില്‍നിന്നു പൊരുതിക്കയറി നിലവിലെ ചാമ്പ്യന്‍ അമേരിക്കയുടെ ഫാബിയാനോ കരുവാനയെ കെട്ടുകെട്ടിച്ചാണ് 'ചെന്നൈ ഗ്രാന്‍ഡ്മാസ്റ്റര്‍' ചരിത്രമെഴുതിയത്. ഗ്രാന്‍ഡ് ചെസ് ടൂര്‍ ജേതാവാകുന്ന ആദ്യ ഇന്ത്യക്കാരനെന്ന പെരുമയും ഇതോടെ ആരാധകരുടെ പ്രാഗിനു സ്വന്തമായി.
സമ്മാനമായ രണ്ടുലക്ഷം ഡോളര്‍ (1.9 കോടിയോളം ഇന്ത്യന്‍ രൂപ) പ്രഗ്നാനന്ദയുടെ കീശയിലെത്തി. ഒപ്പം 2027-ലെ ടൂറിലേക്ക് നേരിട്ടുള്ള യോഗ്യതയും നേടി. ജര്‍മന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ വിന്‍സെന്റ് കെയ്മറിനെ മറികടന്ന് അമേരിക്കയുടെ വെസ്ലി സോ മൂന്നാം സ്ഥാനം കരസ്ഥമാക്കി.
യു.എസിലെ സെന്റ് ലൂയിസില്‍ നടന്ന ടൂര്‍ണമെന്റിലെ ക്ലാസിക്കല്‍ ഘട്ടത്തിനുശേഷം കരുവാനയ്ക്കെതിരേ 3-9 ന് ആറു പോയിന്റിനു പിന്നിലായിരുന്നു ഇന്ത്യന്‍ താരം. എന്നാല്‍, രണ്ട് റാപ്പിഡ് മത്സരങ്ങള്‍ ജയിച്ച് പ്രാഗ് ഒന്‍പതിനെതിരേ 11 പോയിന്റെന്ന ലീഡ് കരസ്ഥമാക്കിയതോടെ കളി മാറി.
ഇതോടെ വിജയിയെ നിശ്ചയിക്കാന്‍ നാലു മത്സരങ്ങളുള്ള ബ്ലിറ്റ്സ് ഘട്ടം അനിവാര്യമായി. ബ്ലിറ്റ്സിനു ശേഷം 15-13 എന്ന സ്കോറിന് കിരീടം പ്രഗ്നാനന്ദ സ്വന്തം പേരിലാക്കി. റാപ്പിഡില്‍ കൈവരിച്ച ലീഡ് കൈമോശം വരുത്താതെ ബ്ലിറ്റ്സ് കടമ്പ താണ്ടുകയെന്ന ദൗത്യം വിജയകരമായി അവസാനിപ്പിച്ചതാണ് പ്രാഗിനു കിരീടത്തിലേക്കുള്ള വഴിതുറന്നത്. ആദ്യ ബ്ലിറ്റ്സ് മത്സരത്തില്‍ പ്രഗ്നാനന്ദയ്ക്കായിരുന്നു വിജയസാധ്യത. പക്ഷേ, സമയക്കുറവിന്റെ സമ്മര്‍ദത്തില്‍ സംഭവിച്ച പിഴവ് ഇന്ത്യന്‍ താരത്തിന്റെ നില പരുങ്ങലിലാക്കി. പക്ഷേ, അതു മുതലെടുക്കാന്‍ കരുവാനയ്ക്കായില്ല.
പിഴവുണ്ടായിട്ടും ആദ്യ ബ്ലിറ്റ്സ് സമനിലയില്‍ അവസാനിപ്പിക്കാനായത് പ്രാഗിന് ആത്മവിശ്വാസം പകര്‍ന്നു. പക്ഷേ, രണ്ടാം ബ്ലിറ്റ്സില്‍ ജയിച്ച് അമേരിക്കന്‍ താരം സ്കോര്‍ 12-12 എന്ന നിലയിലാക്കി. മൂന്നാം മത്സരം ജയിച്ച് പ്രാഗ് വീണ്ടും മുന്നിലെത്തി. അവസാന ബ്ലിറ്റ്സില്‍ സമനില പിടിച്ചാല്‍ കിരീടം സ്വന്തമാകുമെന്നിരിക്കെ അധികം ആക്രമണോത്സുകത പ്രകടിപ്പിക്കാതെ ആശിച്ച ഫലംതന്നെ ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ സ്വന്തമാക്കി.
മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തില്‍ വിന്‍സെന്റ് കീമര്ക്കെതിരേ വെസ്ലി സോയും പിന്നില്‍നിന്നു കടന്നുവന്നാണ് ജയിച്ചുകയറിയത്. റാപ്പിഡ് ഘട്ടത്തില്‍ ഇരുവരും ഓരോ വിജയം വീതം പങ്കിട്ടെങ്കിലും ബ്ലിറ്റ്സില്‍ പൂര്‍ണ ആധിപത്യം പുലര്‍ത്തിയ സോ, നാലു മത്സരങ്ങളും വിജയിച്ച് ഒരു മത്സരം ബാക്കിനില്‍ക്കെ വിജയം ഉറപ്പിച്ചു. 18-12 എന്ന സ്കോറിനാണ് അമേരിക്കന്‍ താരത്തിന്റെ ജയം.
മിന്നിത്തിളങ്ങി തമിഴ്നാട് താരം
ഈവര്‍ഷത്തെ കാന്‍ഡിഡേറ്റ്സ് ചെസില്‍ നിറംമങ്ങിയ പ്രകടനമായിരുന്നു പ്രഗ്നാനന്ദയുടേതെങ്കിലും പിന്നീടുള്ള ടൂര്‍ണമെന്റുകളില്‍ സാക്ഷ്യം വഹിച്ചത് ഇന്ത്യന്‍ താരത്തിന്റെ ശക്തമായ തിരിച്ചുവരവിന്. ലോക ചെസിലെ മികച്ച താരങ്ങളെ തകര്‍ത്ത് വിവിധ ടൂര്‍ണമെന്റുകളില്‍ പ്രാഗ് വെന്നിക്കൊടി പാറിച്ചു. ഗ്രാന്‍ഡ് ചെസ് ടൂര്‍ കിരീടമാണ് അതില്‍ ഒടുവിലത്തേത്. മാഗ്നസ് കാള്‍സനെ രണ്ടുതവണ തോല്‍പ്പിച്ച് നോര്‍വേ ചെസില്‍ ജേതാവായാണ് ഈവര്‍ഷത്തെ പ്രഗ്നാനന്ദയുടെ കിരീടവേട്ടയുടെ തുടക്കം. പിന്നീടു നടന്ന സെന്റ് ലൂയിസ് റാപിഡ് ആന്‍ഡ് ബ്ലിറ്റ്സ് ടൂര്‍ണമെന്റിലും കിരീടം ഇന്ത്യന്‍ താരത്തിനായി. സിന്ക്യുഫീല്ഡ് കപ്പില്‍ ഒന്നാം സ്ഥാനം പങ്കിട്ട് റാപ്പിഡ് ഫോര്‍മാറ്റില്‍ ആധിപത്യം ഊട്ടിയുറപ്പിച്ചു. ഗ്രാന്‍ഡ് ചെസ് ടൂറില്‍ കിരീടം ചൂടിയതോടെ കരിയറിലെ പ്രധാന നേട്ടങ്ങളിലൊന്നു സ്വന്തമാക്കാന്‍ പ്രാഗിനായി. ലോക ചാമ്പ്യന്‍ഷിപ്പ് കഴിഞ്ഞാല്‍ ഈ ടൂര്ണമെന്റിനാണ് താന്‍ പ്രാധാന്യം കല്‍പ്പിക്കുന്നത് ഈ ടൂര്ണമെന്റിനാണെന്ന് പ്രാഗ് നേരത്തെ വ്യക്തമാക്കിയിരുന്നു. 'ടൂറി'ല്‍ വിജയിയായതോടെ ഈവര്‍ഷം പ്രാഗ് സ്വന്തമാക്കിയ മൊത്തം സമ്മാനത്തുക 404,354 ഡോളറായി ഉയര്‍ന്നു.
അടുത്തമാസം 16 മുതല്‍ 27 വരെ ഉസ്ബെക്കിസ്ഥാനിലെ സമര്‍ഖണ്ഡില്‍ നടക്കുന്ന ചെസ് ഒളിമ്പ്യാഡാണ് പ്രഗ്നാനന്ദയെ കാത്തിരിക്കുന്ന അടുത്ത വെല്ലുവിളി. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യന്‍ ടീം കിരീടം നിലനിര്‍ത്താനുള്ള പോരാട്ടത്തിനാണു തയാറെടുക്കുന്നത്.







Comments