
തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് ലീഗി (കെ.സി.എല്‍)ല്‍ സീസണിലെ ഉയര്‍ന്ന സ്കോറെന്ന റെക്കോഡ് തിരുത്തി കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സിനെതിരേ ആലപ്പി റിപ്പിള്‍സിനു തകര്‍പ്പന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത് കാലിക്കറ്റ് കുറിച്ച അഞ്ചുവിക്കറ്റിന് 213 റണ്ണെന്ന സ്കോര്‍ ആലപ്പി മൂന്നുപന്ത് ബാക്കിനില്‍ക്കെ മറികടന്നു. ആറുവിക്കറ്റിനാണ് ആലപ്പുഴയുടെ ജയം.
സീസണില്‍ രണ്ടാം സെഞ്ചുറി നേടിയ മുഹമ്മദ് അസ്ഹറുദീന്റെ തട്ടുപൊളിപ്പന്‍ ബാറ്റിങ് കൂറ്റന്‍ സ്കോര്‍ താണ്ടാന്‍ ആലപ്പിയെ സഹായിച്ചു. 60 പന്തില്‍ 112 റണ്‍സ് അടിച്ചുകൂട്ടി താരം കളിയിലെ കേമനുമായി. ഇതോടെ ആറു കളിയില്‍ നാലു ജയവും രണ്ടു തോല്‍വിയുമായി ആലപ്പിക്ക് എട്ടുപോയിന്റായി. സ്കോര്‍ ചുരുക്കത്തില്‍: കാലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്സ്: 20 ഓവറില്‍ 213/5, ആലപ്പി റിപ്പിള്‍സ്: 19.3 ഓവറില്‍ നാലു വിക്കറ്റിന് 215.
ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സിനായി ഓപ്പണര്‍ വരുണ്‍ നായനാരും വണ്‍ഡൗണായി എത്തിയ അഖില്‍ സ്കറിയയും തകര്‍പ്പന്‍ അര്‍ധസെഞ്ചുറികളുടെ ബാറ്റിങ് നട്ടെല്ലായി. ഇരുവരുടെയും മികവില്‍ സീസണിലെ ഏറ്റവും ഉയര്‍ന്ന ടീം സ്കോറായ 213 റണ്‍സിലെത്താനും കാലിക്കറ്റിനായി. പക്ഷേ, അസ്ഹറുദീന്റെ തട്ടുപൊളിപ്പന്‍ ഇന്നിങ്സ് റെക്കോഡ് സ്കോര്‍ തിരുത്തി വിജയം കൊയ്യാന്‍ ആലപ്പിയെ തുണച്ചു.
ക്യാപ്റ്റന്‍ രോഹന് കുന്നുമ്മലിനൊപ്പം ഇന്നിങ്സ് ഓപ്പണ്‍ ചെയ്ത വരുണ്‍ നായനാര്‍ മികച്ച തുടക്കമാണ് കാലിക്കറ്റിന് സമ്മാനിച്ചത്. ഇന്നിങ്സിലെ ആദ്യ രണ്ട് പന്തും ബൗണ്ടറി പായിച്ച് ടീമിന് മികച്ച തുടക്കമിട്ടത് രോഹനായിരുന്നു. അഭിജിത്ത് പ്രവീണിനെ ബൗണ്ടറി പായിച്ചായിരുന്നു വരുണിന്റെ തുടക്കം. അഖില്‍ ദേവിനെ സിക്സര്‍ പറത്തി കളം നിറഞ്ഞ വരുണിന്റെ ബാറ്റിങ് മികവില്‍ വെറും ഒമ്പത് ഓവറില്‍ കാലിക്കറ്റ് സ്കോര്‍ നൂറ് കടന്നു.
ഓപ്പണിങ്ങില്‍ ഇരുവരും ചേര്‍ന്ന് 51 പന്തില്‍ 96 റണ്‍ സ്കോര്‍ബോര്‍ഡില്‍ ചേര്‍ത്തു. 28 പന്തില്‍ സീസണിലെ തന്റെ ആദ്യ ഫിഫ്റ്റി തികച്ച വരുണ്‍, 36 പന്തില്‍ ഒമ്പത് ഫോറും ഒരു സിക്സും സഹിതം 62 റണ്‍സെടുത്താണ് ക്രീസ് വിട്ടത്.
23 പന്തില്‍ മൂന്ന് സിക്സും നാല് ഫോറും ഉള്‍പ്പെടെ 42 റണ്‍സ് നേടിയ ക്യാപ്റ്റന്‍ രോഹന് കുന്നുമ്മലും മികച്ച പ്രകടനം കാഴ്ചവച്ചു. വരുണ്‍ നല്കിയ മികച്ച അടിത്തറയില്‍ നിന്നായിരുന്നു മൂന്നാമനായി ക്രീസിലെത്തിയ അഖില്‍ സ്കറിയയുടെ വെടിക്കെട്ട് ഇന്നിങ്സ്. അവസാന ഓവറുകളില്‍ ആലപ്പി ബൗളര്‍മാരെ കടന്നാക്രമിച്ച അഖില്‍ അക്ഷരാര്‍ത്ഥത്തില്‍ കളം നിറഞ്ഞു കളിച്ചു. സിബിന് ഗിരീഷും അഖില്‍ ദേവും അഖിലിന്റെ ബാറ്റിന്റെ ചൂടറിഞ്ഞു.
ഇന്നിങ്സിലെ അവസാന ഓവറിലെ അവസാന നാല് പന്തില്‍ മൂന്ന് സിക്സും ഒരു ഫോറും ഉള്‍പ്പെടെ 22 റണ്‍സാണ് താരം അടിച്ചെടുത്തത്. 38 പന്തില്‍ നിന്ന് നാല് കൂറ്റന്‍ സിക്സിന്റെയും ഏഴ് ഫോറിന്റെയും അകമ്പടിയോടെ 72 റണ്‍സെടുത്ത അഖിലിന്റെ തകര്‍പ്പന്‍ ഫിനിഷിങ്് കാലിക്കറ്റിന് സീസണിലെ റെക്കോഡ് സ്കോര്‍ സമ്മാനിച്ചു.
പടുകൂറ്റന്‍ ലക്ഷ്യത്തിലേക്കു ബാറ്റേന്തിയ ആലപ്പിയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. തുടക്കത്തില്‍ തന്നെ ആകാശ് പിള്ളയുടെ (ഒന്ന്) വിക്കറ്റ് ടീമിനു നഷ്ടമായി. ക്യാപ്റ്റന്‍ സച്ചിന് ബേബി (19) ക്കും അധികനേരം പിടിച്ചുനില്‍ക്കാനായില്ല. മൂന്നാം വിക്കറ്റില്‍ ഒന്നിച്ച മുഹമ്മദ് അസ്ഹറുദ്ദീനും ടി.കെ. അക്ഷയും ചേര്‍ന്ന് കളിയുടെ ഗതി മാറ്റി. 49 പന്തുകളില്‍ നിന്ന് 82 റണ്‍സാണ് കൂട്ടുകെട്ടില്‍ പിറന്നത്. 43 റണ്‍സെടുത്ത അക്ഷയിനെ പുറത്താക്കി ഹരികൃഷ്ണന് കൂട്ടുകെട്ട് പൊളിച്ചെങ്കിലും പകരം എത്തിയ കെ.എ. അരുണും ഉറച്ചുനിന്നതോടെ കാലിക്കറ്റിന്റെ പിടി അയഞ്ഞു.
15 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഏഴു വിക്കറ്റ് ശേഷിക്കെ ആലപ്പിക്കു ജയിക്കാന്‍ 30 പന്തില്‍ 67 റണ്‍ വേണ്ടിയിരുന്നു. എന്നാല്‍ അസ്ഹറും അരുണും ആഞ്ഞടിച്ചതോടെ റിപ്പിള്‍സ് വിജയവഴിയിലേക്ക് നീങ്ങി. ജയത്തിന് 22 റണ്‍സ് അകലെ 14 പന്തില്‍ 31 റണ്‍സെടുത്ത അരുണ്‍ പുറത്തായി. തുടര്‍ന്നെത്തിയ സിബിന് ഗിരീഷിനെ കാഴ്ചക്കാരനാക്കി മൂന്ന് പന്ത് ബാക്കിനില്‍ക്കെ അസ്ഹര്‍ ടീമിനെ വിജയത്തിലെത്തിച്ചു.
60 പന്തില്‍ 10 സിക്സും അഞ്ചുഫോറും അടക്കം 112 റണ്‍സുമായി താരം പുറത്താകാതെ നിന്നു. ഒരു കെ.സി.എല്‍. സീസണില്‍ രണ്ട് സെഞ്ചുറികള്‍ നേടുന്ന രണ്ടാമത്തെ താരമായും അസ്ഹറുദ്ദീന് മാറി. ആദ്യ സീസണില്‍ സച്ചിന് ബേബിയാണ് ഈ നേട്ടം കൈവരിച്ച മറ്റൊരു താരം.
കെ.സി.എലില്‍ 1000 റണ്‍സ് തികയ്ക്കുന്ന ആദ്യ താരമെന്ന മറ്റൊരു നേട്ടം കൂടി മത്സരത്തിനിടെ അസറിനെ തേടിയെത്തി. കാലിക്കറ്റിനു വേണ്ടി ഹരികൃഷ്ണന് രണ്ടു വിക്കറ്റ് വീഴ്ത്തി.
ജി. അരുണ്‍







Comments