ന്യൂഡല്‍ഹി: 1984-ലെ സിഖ് വിരുദ്ധ കലാപക്കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്നതിനിടെ അന്തരിച്ച മുന്‍കോണ്‍ഗ്രസ് നേതാവ് സജ്ജന്‍കുമാറിന്റെ വീട് സന്ദര്‍ശിച്ച ബി.ജെ.പി എം.പിമാര്‍ക്കെതിരേ നടപടിക്കു സാധ്യത.
ഡല്‍ഹിയില്‍നിന്നുള്ള എം.പിമാരായ രാംവീര് സിങ് ബിധൂരി, യോഗേന്ദര്‍ ചന്ദോലിയ, കമല്‍ജിത് സെഹ്റാവത് എന്നിവര്‍ക്കെതിരേ പാര്‍ട്ടിയില്‍ രൂക്ഷവിമര്‍ശനമാണുയരുന്നത്. ബി.ജെ.പി. അധ്യക്ഷന്‍ നിതിന്‍ നബീല്‍ മൂന്നുപേരെയും അടിയന്തരമായി ഡല്‍ഹിയിലേക്കു വിളിച്ചുവരുത്തിയിട്ടുണ്ട്. 'എം.പിമാര്‍ അവിടെ പോകാന്‍ പാടില്ലായിരുന്നു' എന്നും ബി.ജെ.പി. അധ്യക്ഷന്‍ പ്രതികരിച്ചു.
സജ്ജന്‍കുമാറിന് അനുശോചനം അറിയിച്ച കോണ്‍ഗ്രസ് നേതാവ് ദീപേന്ദര്‍ ഹൂഡയ്ക്കെതിരേ സ്വന്തം പാര്‍ട്ടിയില്‍നിന്നും ബി.ജെ.പിയില്‍നിന്നും രൂക്ഷവിമര്‍ശനം നേരിടേണ്ടിവന്നിരുന്നു. ഇതിനു പിന്നാലെയാണ് ഡല്‍ഹിയിലെ ബി.ജെ.പി. എം.പിമാരുടെ നടപടി വിവാദമായത്. ബി.ജെ.പി. എം.പിമാരെ രൂക്ഷമായി വിമര്‍ശിച്ച് പഞ്ചാബ് മുന്‍മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളും ആം ആദ്മി പാര്‍ട്ടിയും രംഗത്തുവന്നു.
ബി.ജെ.പിയുടെ യഥാര്‍ത്ഥ മുഖം ഇപ്പോള്‍ പുറത്തുവന്നെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് ബല്‍തേജ് പന്നു ആരോപിച്ചു. 'സജ്ജന്‍ കുമാറിന്റെ സംസ്കാരച്ചടങ്ങുകളില്‍ മൂന്ന് ബി.ജെ.പി. പാര്‍ലമെന്റ് അംഗങ്ങള്‍ പങ്കെടുത്തു. വെസ്റ്റ് ഡല്‍ഹി എം.പി. കമല്‍ജീത് സെഹ്റാവത്, സൗത്ത് ഡല്‍ഹി എം.പി. രാംവീര് സിങ് ബിധൂരി, നോര്‍ത്ത് വെസ്റ്റ് ഡല്‍ഹി എം.പി. യോഗേന്ദര്‍ ചന്ദോലിയ എന്നിവരാണ് അവിടെയെത്തിയത്'- ബല്‍തേജ് പന്നു പറഞ്ഞു. മൂന്ന് എം.പിമാരുടെയും ഹൃദയം ഇപ്പോഴും സിഖ് വിരുദ്ധ കലാപക്കേസിലെ കുറ്റവാളിക്കുവേണ്ടിയാണ് തുടിക്കുന്നതെന്ന് എ.എ.പി നേതാവ് സൗരഭ് ഭരദ്വാജ് എക്സില്‍ കുറിച്ചു.
സിഖ് വിരുദ്ധ കലാപക്കേസില്‍ ദീര്‍ഘകാലം നിയമപോരാട്ടം നടത്തിയ ബി.ജെ.പി. നേതാവ് എച്ച്.എസ്. ഫൂല്‍ക്കയും എം.പിമാരുടെ നടപടിയെ ശക്തമായി അപലപിച്ചു. 'കൂട്ടക്കൊലയാളി സജ്ജന്‍ കുമാറിന്റെ മരണത്തില്‍ അനുശോചനം അറിയിക്കാന്‍ മൂന്ന് എം.പിമാര്‍ അദ്ദേഹത്തിന്റെ വസതി സന്ദര്‍ശിച്ചതിനെ ഞാന്‍ ശക്തമായി അപലപിക്കുന്നു. ഈ കുറ്റവാളികള്‍ക്കെതിരേ നമുക്ക് നീതി ലഭിക്കുന്നതിനും അവര്‍ ജയിലില്‍ തന്നെ കഴിയുന്നു എന്ന് ഉറപ്പാക്കുന്നതിനും ബി.ജെ.പി. എപ്പോഴും നമ്മെ പിന്തുണച്ചിട്ടുള്ള സാഹചര്യത്തിലാണ് ഇത് സംഭവിച്ചിരിക്കുന്നത്. സഹതാപം അര്‍ഹിക്കുന്നത് ഇരകളും അവരുടെ കുടുംബങ്ങളുമാണ്. അവരില്‍ പലരും ആ ഭീതിജനകമായ നാളുകളുടെ ഓര്‍മ്മകളിലാണ് ഇപ്പോഴും ജീവിക്കുന്നത്. ഈ മൂന്ന് എം.പിമാരെയും പൂര്‍ണമായി ബഹിഷ്കരിക്കാന്‍ ഞാന്‍ ആഹ്വാനം ചെയ്യുന്നു'- ഫൂല്‍ക്ക സാമൂഹികമാധ്യമത്തില്‍ കുറിച്ചു.






Comments