
ന്യൂഡല്‍ഹി: രാജ്യത്തെ ചായക്കടകളില്‍ പോലും ജാതിവിവേചനമുണ്ടെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.
ദളിതര്‍ക്ക് പേപ്പര്കപ്പിലും മറ്റുള്ളവര്‍ക്ക് ാസിലും ചായ നല്കുന്ന പ്രവണത നിലവിലുണ്ടെന്ന് ദൃശ്യങ്ങളുടെ പിന്‍ബലത്തോടെ അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഉത്തരാഖണ്ഡില്‍ നേരിട്ട വിവേചനത്തില്‍ നടപടിയാവശ്യപ്പെട്ടു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ രാജ്യത്തെ ജാതിവിവേചനം ചൂണ്ടിക്കാട്ടി ബി.ജെ.പിയെയും ആര്.എസ്.എസിനെയും കടന്നാക്രമിക്കുകയായിരുന്നു രാഹുല്‍.
ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ നടന്ന വിജയ് ശംഖനാദ് റാലിയില്‍ ഖാര്‍ഗെ പ്രസംഗിച്ചതിനുശേഷം 'ശ്രീറാം സേന' എന്ന സംഘടന വേദി ശുദ്ധീകരിക്കാന്‍ ഹോമം നടത്തിയതാണു വിവാദ സംഭവം. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ഖാര്‍ഗെ ഇക്കാര്യം വൈകാരികമായി ഉന്നയിച്ചിരുന്നു. സമ്മേളനത്തിന്റെ അവസാന ദിവസം രാജ്യസഭയിലായിരുന്നു ഇത്. പിന്നീടുണ്ടായ വിവാദങ്ങളുടെ തുടര്‍ച്ചയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
''പ്രസംഗത്തിനുശേഷം ഇത്തരത്തില്‍ വേദി ശുദ്ധീകരിക്കുന്നതു കുറ്റകൃത്യമാണ്. എന്നാല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ നേരിട്ട വിവേചനത്തിനെതിരേ ഒരു നടപടിയും സര്‍ക്കാര്‍ എടുത്തില്ല. കുറ്റക്കാര്‍ക്കെതിരേ എത്രയും വേഗം എഫ്.ഐ.ആര് രേഖപ്പെടുത്തണം. ശുദ്ധീകരണം നടത്തിയ ഓരോരുത്തരുടെയും പേരില്‍ എസ്.സി-എസ്.ടി. ആക്ട് പ്രകാരം നടപടിയെടുക്കാന്‍ പ്രധാനമന്ത്രി ഉത്തരവിടണം. ഉത്തരാഖണ്ഡ് സംഭവത്തില്‍ നീതി നടപ്പാക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും ഉത്തരവാദിത്വമാണ്.'' -രാഹുല്‍ പറഞ്ഞു.
കോണ്‍ഗ്രസില്‍ നിന്നുള്ളവര്‍പോലും തന്നെ പിന്തുണച്ചില്ലെന്ന ഖാര്‍ഗെയുടെ പരാമര്‍ശത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ നേതാക്കള്‍ പിന്തുണ നല്‍കിയില്ലെന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞിട്ടില്ലെന്ന് രാഹുല്‍ പ്രതികരിച്ചു. കുറച്ചാളുകള്‍ പിന്തുണച്ചില്ലെന്നാണു പറഞ്ഞത്. കോണ്‍ഗ്രസില്‍ നിന്നുള്ള കൂടുതല്‍ പേരും അദ്ദേഹത്തെ പിന്തുണച്ചു. ഞാനടക്കമുള്ളവര്‍ പിന്തുണച്ചിട്ടുണ്ട്. ചിലരെക്കുറിച്ചു മാത്രമാണ് അദ്ദേഹം പറഞ്ഞതെന്നും രാഹുല്‍ വിശദീകരിച്ചു.
''ഇത് ഖാര്‍ഗെയുടെ മാത്രം വിഷയമല്ല. രാജ്യത്തെ കുട്ടികളടക്കമുള്ള ദളിതരുടെ വിഷയമാണ്. രാജ്യത്തെ സ്കൂളുകളില്‍ ദളിത് വിദ്യാര്ഥികളെക്കൊണ്ട് ശൗചാലയം വൃത്തിയാക്കിക്കുന്നുണ്ട്. ഇത് ഇന്ത്യയിലെ യാഥാര്‍ത്ഥ്യമാണ്. ഖാര്‍ഗെ ഞങ്ങളുടെ അധ്യക്ഷനായതുകൊണ്ടാണ് ഉത്തരാഖണ്ഡ് വിഷയം ഉന്നയിക്കുന്നത്. ശുദ്ധീകരണം നടത്തിയതിനു പിന്നില്‍ തൊട്ടുകൂടായ്മയാണ്. ഇതിനെതിരേ നടപടിയെടുത്തില്ലെങ്കില്‍ ഞങ്ങള്‍ അതു നേടിയിരിക്കും. കുറ്റക്കാരെ രക്ഷപ്പെടാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി അനുവദിക്കില്ല.'' -രാഹുല്‍ ഗാന്ധി വ്യക്തമാക്കി.





Comments