കൊല്‍ക്കത്ത: ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് പശ്‌ചിമബംഗാള്‍ മുന്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരേ സ്വമേധയാ കേസെടുത്ത് കൊല്‍ക്കത്ത പോലീസ്. തൃണമൂല്‍ കോണ്‍ഗ്രസ് വിദ്യാര്‍ഥിസംഘടനയുടെ (ടി.എം.സി.പി) സ്‌ഥാപക ദിനാഘോഷ റാലിയുമായി ബന്ധപ്പെട്ടാണു നടപടി.
കൊല്‍ക്കത്ത കത്തീഡ്രല്‍ റോഡില്‍ 28-നു നടന്ന റാലിക്കിടെ റോഡിന്റെ ഒരുഭാഗം ഗതാഗതത്തിനു തുറന്നുകൊടുക്കാതിരുന്നത് കോടതി ഉത്തരവിന്റെ ലംഘനമാണെന്നു പോലീസ് ചൂണ്ടിക്കാട്ടുന്നു. കോടതി അനുവദിച്ച സമയപരിധി ലംഘിച്ചതും കേസിനു കാരണമാണ്.
മമതാ ബാനര്‍ജിക്കും പരിപാടിയുടെ സംഘാടകര്‍ക്കുമെതിരേ കൊല്‍ക്കത്തയിലെ ഹസ്‌റ്റിങ്‌സ് പോലീസ് സ്‌റ്റേഷനിലാണ് എഫ്.ഐ.ആര്‍ രജിസ്‌റ്റര്‍ ചെയ്‌തത്. അതേസമയം ബംഗാളില്‍ ബി.ജെ.പി വിഭജനരാഷ്‌ട്രീയം കളിക്കുകയാണെന്ന് മമതാ ബാനര്‍ജി പ്രസംഗത്തിലൂടെ ആരോപിച്ചു. ഇതിനുവേണ്ടി പോലീസിനെ ക്രൂരമായ ഒരു സംവിധാനമാക്കിയെന്നും അവര്‍ പറഞ്ഞു. റാലികള്‍ക്ക് അനുമതി നിഷേധിച്ചാല്‍ ഇനി കോടതിയുടെ സമയം പാഴാക്കില്ലെന്നും ജനങ്ങളുടെ അനുമതിയോടെ യോഗങ്ങള്‍ നടത്തുമെന്നും മമത പ്രഖ്യാപിക്കുകയും ചെയ്‌തു.
നടപ്പാതയിലെ കച്ചവടം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട്, കൃത്യമായ പുനരധിവാസമോ മാസം 25,000 രൂപ നഷ്‌ടപരിഹാരമോ കച്ചവടക്കാര്‍ക്കു നല്‍കണമെന്ന് മമത ആവശ്യപ്പെട്ടു.






Comments