
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉസ്ബെക്കിസ്ഥാന്, കിര്‍ഗിസ്ഥാന്‍ സന്ദര്‍ശനം ആരംഭിച്ചു. ഇരു രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും കിര്‍ഗിസ് തലസ്ഥാനമായ ബിഷ്കെക്കില്‍ നടക്കുന്ന 26-ാമത് ഷാങ്ഹായ് സഹകരണ സംഘടന (എസ്.സി.ഒ) ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനുമാണ് സന്ദര്‍ശനം.
ഇന്നലെ ഉസ്ബക് തലസ്ഥാനമായ താഷ്കെന്റിലെത്തിയ പ്രധാനമന്ത്രിയെ ഉസ്ബെക്കിസ്ഥാന് പ്രസിഡന്റ് ഷാവ്കത്ത് മിര്‍സിയോയേവിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. മിര്‍സിയോയേവിന്റെ ക്ഷണപ്രകാരം ഉസ്ബെക്കിസ്ഥാനിലേക്കുള്ള മോദിയുടെ നാലാമത്തെ സന്ദര്‍ശനമാണിത്.
സന്ദര്‍ശനത്തിനിടെ പ്രസിഡന്റ് മിര്‍സിയോയേവുമായി പ്രധാനമന്ത്രി പ്രതിനിധിതല ചര്‍ച്ചകള്‍ നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള വഴികളാകും ചര്‍ച്ചകളില്‍ പ്രധാനമായും പരിഗണിക്കുക.
ഉസ്ബെക്കിസ്ഥാന് സന്ദര്‍ശനത്തിന് ശേഷം നാളെ പ്രധാനമന്ത്രി കിര്‍ഗിസ് റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ ബിഷ്കെക്കിലെത്തും. ഇവിടെ നടക്കുന്ന 26-ാമത് എസ്.സി.ഒ ഉച്ചകോടിയില്‍ അദ്ദേഹം പങ്കെടുക്കും. ഇവിടെ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന് അടക്കമുള്ള നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. സെപ്റ്റംബര്‍ ഒന്നിന് നടക്കുന്ന ഉച്ചകോടി പ്ലീനറി സമ്മേളനത്തില്‍ പ്രധാനമന്ത്രി പ്രസംഗിക്കും.
അതേസമയം, ഉച്ചകോടിക്കിടെ ഇറാന് പ്രസിഡന്റ് മസൂദ് പെസെഷ്കിയാന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തും. ചൊവ്വാഴ്ചയാണ് ഇരു നേതാക്കളും തമ്മില്‍ കൂടിക്കാഴ്ച തീരുമാനിച്ചിരിക്കുന്നത്. പുടിനുമായി പെസെഷ്കിയാന് നടത്തുന്ന ആറാമത്തെ കൂടിക്കാഴ്ചയായിരിക്കും ഇത്.





Comments