
തൊടുപുഴ: സുപ്രീം കോടതി നിര്‍ദേശിച്ചതുപ്രകാരം, മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സമഗ്ര സുരക്ഷാപരിശോധന സെപ്റ്റംബര്‍ ഒന്നിന് നടക്കുമെന്നു മന്ത്രി മോന്‍സ് ജോസഫ്. കോംപ്രഹന്‍സീവ് ഡാം സേഫ്റ്റി ഇവാലുവേഷന്‍ പാനലാണ് പരിശോധന നടത്തുക.
പരിശോധനയേത്തുടര്‍ന്ന് അടുത്ത ബുധന്‍, വ്യാഴം ദിവസങ്ങളില്‍ നടക്കുന്ന ചര്‍ച്ചയില്‍ കേരളത്തിന്റെയും തമിഴ്നാടിന്റെയും പ്രതിനിധികള്‍ പങ്കെടുക്കും. അശുതോഷ് ദാഷാണ് കേരളത്തിന്റെ പ്രതിനിധി. കേന്ദ്രതലത്തിലുള്ള നടപടി വിലയിരുത്തിയശേഷം ഭാവികാര്യങ്ങള്‍ തീരുമാനിക്കും. സെപ്റ്റംബര്‍ അവസാനത്തോടെ ഡല്‍ഹിയില്‍ കേരളം ഉന്നതതലയോഗം വിളിച്ചുചേര്‍ത്ത് തുടര്‍ നടപടികള്‍ സ്വീകരിക്കും. സുപ്രീം കോടതിയെ കേരളത്തിന്റെ ആവശ്യം ബോധ്യപ്പെടുത്തി, നിയമപരമായ നടപടികള്‍ കൂടുതല്‍ കാര്യക്ഷമമാക്കും. സുപ്രീംകോടതിയില്‍ മുതിര്‍ന്ന അഭിഭാഷകന് മോഹന്‍ കട്ടാര്‍ക്കിയുടെ നേതൃത്വത്തിലുള്ള പുതിയ അഭിഭാഷകസംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷാവിലയിരുത്തല്‍ പൂര്‍ണമായി നടപ്പാക്കണമെന്ന് 2022-ല്‍ സുപ്രീം കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍, അത് പ്രയോജനപ്പെടുത്തി കേരളത്തിന് ഗുണകരമായ സാഹചര്യമുണ്ടാക്കാന്‍ കഴിയാത്ത ഗുരുതരവീഴ്ച മുന്വര്ഷങ്ങളിലുണ്ടായി. അതിനാല്‍ അടിയന്തരമായി തിരുത്തല്‍ നടപടി സ്വീകരിക്കും. സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ച് കേരളത്തിന്റെ അനിവാര്യമായ ആവശ്യങ്ങള്‍ ബോധിപ്പിക്കും. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടെന്ന നിലപാടാണ് കേരളത്തിന്റേത്. തമിഴ്നാടിന് ആവശ്യമായ ജലം കൊടുക്കും. ജലനിരപ്പുമായി ബന്ധപ്പെട്ട് നിലവിലുള്ള മാനദണ്ഡങ്ങള്‍ക്ക് യാതൊരു മാറ്റവും വരുത്താന്‍ കേരളം അനുവദിക്കില്ല. ജലനിരപ്പ് 136 അടിയില്‍ നിലനിര്‍ത്തണമെന്നതാണ് കേരളം എപ്പോഴും ആവശ്യപ്പെടുന്നത്.







Comments