
തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് ലീഗില്‍ അവസാന പന്ത് വരെ നീണ്ട ആവേശ പോരാട്ടത്തില്‍ തൃശൂര്‍ ടൈറ്റന്‍സിനെതിരേ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് ഒരു റണ്‍ ജയം. ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത കൊച്ചി ബ്ലൂ ടൈഗേഴ്‌സ് 19.1 ഓവറില്‍ 171 റണ്ണിന് ഓള്‍ഔട്ടായി. തുശൂര്‍ അവസാന പന്തില്‍ 170 റണ്ണിന് ഓള്‍ഔട്ടായി. മൂന്നാം സീസണിലെ കൊച്ചിയുടെ ആദ്യ ജയമാണിത്. തുടരെ അഞ്ച് തോല്‍വികള്‍ നേരിട്ട ശേഷമാണു കൊച്ചി വിജയവഴിയിലെത്തിയത്. അവസാന ഓവര്‍ തുടങ്ങുമ്പോള്‍ തൃശൂരിന് ജയിക്കാന്‍ വേണ്ടത് 11 റണ്‍. നാലാം പന്ത് സിക്‌സര്‍ പറത്തി ഷാരോണ്‍ (12 പന്തില്‍ രണ്ട് സിക്‌സറും ഒരു ഫോറുമടക്കം 24) ടീമിനെ തൊട്ടരികിലെത്തിച്ചു. അടുത്ത പന്തില്‍ ഷാരോണിനെ പുറത്താക്കി മുഹമ്മദ് ആഷിക് കളി കൊച്ചിയുടെ വരുതിയിലാക്കി. അവസാന പന്തില്‍ ബി. നാരായണന്‍ (0) റണ്ണൗട്ടുമായി. അതോടെ കൊച്ചിക്ക് ഒരു റണ്ണിന്റെ നാടകീയ ജയം. മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ കാര്‍ത്തിക്ക് നായറിനു പുറമെ രണ്ട് വിക്കറ്റ് വീതം വീതമെടുത്ത ബേസില്‍ തമ്പിയും മുഹമ്മദ് ആശിക്കും കൊച്ചി ബൗളിങില്‍ തിളങ്ങി. സാലി സാംസണും കെ. ആസിഫും ഒരു വിക്കറ്റ് വീതവുമെടുത്തു.
ടോസ് നേടിയ കൊച്ചി നായകന്‍ സാലി സാംസണ്‍ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു. മുന്‍നിരയും വാലറ്റവും നിരാശപ്പെടുത്തിയപ്പോള്‍ മധ്യനിരയില്‍ മനുകൃഷ്‌ണനും (35 പന്തില്‍ മൂന്ന് സിക്‌സറും നാല് ഫോറുമടക്കം 50) സച്ചിന്‍ സുരേഷും (23 പന്തില്‍ നാല് സിക്‌സറും മൂന്ന് ഫോറുമടക്കം 46) ചേര്‍ന്ന് പടുത്തുയര്‍ത്തിയ തകര്‍പ്പന്‍ കൂട്ടുകെട്ടാണ് കൊച്ചിയെ മികച്ച സ്‌കോറിലെത്തിച്ചത്. കളി തുടങ്ങി രണ്ടാം ഓവറില്‍ തന്നെ വിപുല്‍ ശക്‌തിയുടെ (ആറ് പന്തില്‍ ഒരു സിക്‌സറടക്കം 10) വിക്കറ്റ് കൊച്ചിക്ക് നഷ്‌ടമായി. മികച്ച ഷോട്ടുകളുമായി തുടക്കമിട്ടെങ്കിലും വിനൂപ് മനോഹരനും (18 പന്തില്‍ 26) അധിക നേരം പിടിച്ചുനില്‍ക്കാനായില്ല. പിറകെ മുഹമ്മദ് ഷാനുവും (12) സാലി സാംസണും (10) മടങ്ങിയതോടെ കൊച്ചി നാലിന് 70 റണ്ണെന്ന നിലയിലായി. അഞ്ചാം വിക്കറ്റിലൊന്നിച്ച മനുകൃഷ്‌ണനും സച്ചിന്‍ സുരേഷും ചേര്‍ന്നാണു കൊച്ചിയെ കരകയറ്റിയത്. ഇരുവരും അനായാസം സ്‌കോര്‍ ഉയര്‍ത്തി. ഇരുവരും ചേര്‍ന്ന് 41 പന്തില്‍ 90 റണ്ണെടുത്തു. കൂറ്റന്‍ സ്‌കോറിലേക്ക് കുതിച്ച കൊച്ചിയെ ശരത് ചന്ദ്രപ്രസാദിന്റെയും അബ്‌ദുള്‍ റമീസിന്റെയും തകര്‍പ്പന്‍ ബൗളിങാണു പിടിച്ചുകെട്ടിയത്.
മനുകൃഷ്‌ണനെ പുറത്താക്കി ശരത് ചന്ദ്രപ്രസാദാണ് വിക്കറ്റ് വേട്ടയ്‌ക്ക് തുടക്കമിട്ടത്. തൊട്ടടുത്ത ഓവറില്‍ സച്ചിന്‍ സുരേഷിനെയും ആല്‍ഫി ഫ്രാന്‍സിസിനെയും (രണ്ട്) പുറത്താക്കി അബ്‌ദുള്‍ റമീസും ആഞ്ഞടിച്ചു. തുടരെയുള്ള പന്തുകളില്‍ ബേസില്‍ തമ്പിയെയും (ഒന്ന്) കാര്‍ത്തിക് ബി നായരെയും (0) പുറത്താക്കി ശരത് കൊച്ചിക്ക് വീണ്ടും പ്രഹരമേല്‍പ്പിച്ചു. അവസാന ഓവറിലെ ആദ്യ പന്തില്‍ തന്നെ ആഷിക്കിനെ (ആറ്) പുറത്താക്കി റമീസ് കൊച്ചിയുടെ ഇന്നിങ്‌സിന് അവസാനമിട്ടു. തൃശൂൂരിനായി ശരത് നാല് വിക്കറ്റും റമീസ് മൂന്നും വിക്കറ്റുമെടുത്തു. മറുപടി ബാറ്റ് ചെയ്‌ത തൃശൂരിന് തുടക്കത്തില്‍ തന്നെ തിരിച്ചടിയേറ്റു. ഓപ്പണര്‍മാരായ സഞ്‌ജീവ് സതീശനും (10) അഹ്‌മദ് ഇമ്രാനും (അഞ്ച്) വേഗത്തില്‍ മടങ്ങി. ഷോണ്‍ റോജറും (34 പന്തില്‍ ഒരു സിക്‌സറും മൂന്ന് ഫോറുമടക്കം 41) നിഖില്‍ തോട്ടത്തും (17 പന്തില്‍ മൂന്ന് സിക്‌സറും രണ്ട് ഫോറുമടക്കം 31) ചേര്‍ന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് തുണയായി. അവര്‍ 46 റണ്‍ കുറിച്ചു. നിഖിലിനെ പുറത്താക്കി കാര്‍ത്തിക് ബി. നായര്‍ ഈ കൂട്ടുകെട്ടിന് അവസാനമിട്ടു. ഷോണും എ.കെ. അര്‍ജുനും (25 പന്തില്‍ രണ്ട് സിക്‌സറും ഒരു ഫോറുമടക്കം 32) ചേര്‍ന്ന നാലാം വിക്കറ്റ് കൂട്ടുകെട്ടും തൃശൂരിന് പ്രതീക്ഷ നല്‍കി. ഇരുവരും ചേര്‍ന്ന് 41 റണ്‍ കൂട്ടിച്ചേര്‍ത്തു. തുടരെയുള്ള പന്തുകളില്‍ റോജറെയും മുഹമ്മദ് ഇനാനെയും (0) പുറത്താക്കി കാര്‍ത്തിക് കൊച്ചിക്ക് ജയത്തിലേക്കുള്ള വഴി തുറന്നു. അടുത്ത ഓവറില്‍ എ.കെ. അര്‍ജുന്‍ കൂടി പുറത്തായതോടെ തൃശൂര്‍ തോല്‍വി ഉറപ്പിച്ചു. നായകന്‍ എം.എസ്. അഖിലും (ഒന്‍പത് പന്തില്‍ ഒരു സിക്‌സറും ഒരു ഫോറുമടക്കം 15) ഷാരോണും ചേര്‍ന്ന് തകര്‍പ്പന്‍ തിരിച്ചുവരവിനു തുടക്കമിട്ടത്.
ജി. അരുണ്‍







Comments