
ന്യൂഡല്‍ഹി: അടുത്ത മാസം നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍നിന്ന് ഇന്ത്യന്‍ ജാവലിന്‍ ത്രോ താരം ഒളിമ്പിക്‌സ് ജേതാവ് നീരജ് ചോപ്ര പിന്മാറി. കാല്‍മുട്ടിനേറ്റ പരുക്കാണ് നീരജിനിന്റെ പിന്മാറ്റത്തിനു കാരണം. നീരജിന്റെ പിന്മാറ്റം ഇന്ത്യക്ക് ഏഷ്യന്‍ ഗെയിംസില്‍ ഉറപ്പിച്ച മെഡലാണു നഷ്‌ടമാക്കിയത്.
സാമൂഹികമാധ്യമങ്ങളിലൂടെയാണു നീരജ് പിന്മാറുന്ന വിവരം പങ്കുവച്ചത്. ശേഷിക്കുന്ന സീസണ്‍ പൂര്‍ണമായും നഷ്‌ടമാകുമെന്നാണു താരം നല്‍കുന്ന സുചന. ''ഏറെനാളത്തെ കഠിനാധ്വാനത്തിന് ശേഷം ലുസെയ്‌നില്‍ സീസണിലെ ഏറ്റവും മികച്ച പ്രകടനത്തോടെ ആഗ്രഹിച്ച രീതിയിലുള്ള ദൂരം കണ്ടെത്താന്‍ കഴിയുമെന്നു തോന്നിയിരുന്നു. സങ്കടകരമെന്നു പറയട്ടെ, അതിനായുള്ള പരിശീലനത്തിനിടയില്‍ കണങ്കാലിന് പരുക്കേറ്റു'' ചോപ്ര കുറിച്ചു.
ഡോക്‌ടര്‍മാരുമായും ടീം അംഗങ്ങളുമായും ചര്‍ച്ച ചെയ്‌ത ശേഷമാണു സീസണിലെ ബാക്കി മത്സരങ്ങളില്‍നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത്. തിരിച്ചടികള്‍ യാത്രയുടെ ഭാഗമാണ്. ഇപ്പോള്‍ ശ്രദ്ധ കൂടുതല്‍ കരുത്തോടെ തിരിച്ചു വരുന്നതിലാണെന്നും ഒളിമ്പ്യന്‍ കുറിച്ചു. ലുസെയ്‌ന്‍ ഡയമണ്ട് ലീഗില്‍ നീരജ് രണ്ടാം സ്‌ഥാനത്തായിരുന്നു. സീസണിലെ മികച്ച ദൂരം കണ്ടെത്തിയാണു (88.05 മീറ്റര്‍) താരം വെള്ളി നേടിയത്. ശ്രീലങ്കയുടെ റുമേഷ് പതിരാഗെ 88.14 മീറ്റര്‍ എറിഞ്ഞ് ഒന്നാമതെത്തി. ഏഷ്യന്‍ ഗെയിംസിലെ നിലവിലെ സ്വര്‍ണ മെഡല്‍ ജേതാവാണ് നീരജ്. കഴിഞ്ഞ തവണ ചൈനയിലെ ഹാങ്‌ചൗവില്‍ 88.88 മീറ്റര്‍ എറിഞ്ഞാണ് സ്വര്‍ണം നേടിയത്. ടോക്കിയോ ഒളിമ്പിക്‌സില്‍ സ്വര്‍ണവും പാരീസ് ഒളിമ്പിക്‌സില്‍ വെള്ളിയുമാണു നേടിയത്. സെപ്‌റ്റംബര്‍ അഞ്ചിന് ബ്രസല്‍സില്‍ നടക്കുന്ന ഡയമണ്ട് ലീഗ് ഫൈനല്‍സിലും പ്രഥമ വേള്‍ഡ് അത്‌ലറ്റിക്‌സ് അള്‍ട്ടിമേറ്റ് ചാമ്പ്യന്‍ഷിപ്പിലും താരത്തിനു പങ്കെടുക്കാനാകില്ല. സെപ്‌റ്റംബര്‍ 11 മുതല്‍ 13 വരെയാണു ചാമ്പ്യന്‍ഷിപ്പ്. അടുത്തിടെ സമാപിച്ച കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 85.83 മീറ്റര്‍ എറിഞ്ഞ് നീരജ് വെള്ളി നേടിയിരുന്നു. 2025 ലെ ടോക്കിയോയില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തെങ്കിലും പുറംവേദന അലട്ടിയതിനാല്‍ നിറംമങ്ങി. എട്ടാം സ്‌ഥാനക്കാരാനായാണു മടങ്ങിയത്. ഒന്‍പത് മാസത്തെ ചികിത്സയ്‌ക്കു ശേഷമാണു ജാവലിന്‍ കൈയിലെടുത്തത്‌്. 2024 ലും പരുക്ക് വില്ലനായിരുന്നു. ഒസ്‌ട്രാവ ഗോള്‍ഡന്‍ സ്‌പൈക്ക്, പാരീസ് ഡയമണ്ട് ലീഗ് എന്നിവയില്‍ മത്സരിച്ചില്ല.







Comments