മുള്ളന്‍കൊല്ലി: പഞ്ചായത്ത് പ്രസിഡന്റും ജീവനക്കാരും തമ്മിലുള്ള അഭിപ്രായവ്യത്യാസം മൂലം പഞ്ചായത്ത് ഭരണസംവിധാനം സ്തംഭിച്ച അവസ്ഥയിലാണെന്ന് ആം ആദ്മി പാര്‍ട്ടി മുള്ളന്‍കൊല്ലി പഞ്ചായത്ത് കമ്മിറ്റി അഭിപ്രായപ്പെട്ടു. ജീവനക്കാര്‍ പഞ്ചായത്തിന്റെ ഓണാഘോഷ പരിപാടികള്‍ വരെ ബഹിഷ്കരിച്ച സാഹചര്യം ഉണ്ടായത് പ്രശ്നത്തിന്റെ ഗൗരവം വ്യക്തമാക്കുന്നതാണ്. പഞ്ചായത്ത് പ്രസിഡന്റ് ജീവനക്കാരുമായി ചര്‍ച്ച നടത്തി പ്രശ്നങ്ങള്‍ അടിയന്തരമായി പരിഹരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. ജീവനക്കാരുടെ ഭാഗത്ത് വീഴ്ചകളുണ്ടെങ്കില്‍ അത് തിരുത്താന്‍ ആവശ്യപ്പെടുന്നതിനൊപ്പം, ജീവനക്കാരെ വിശ്വാസത്തിലെടുത്ത് ചേര്‍ത്തുനിര്‍ത്തി പഞ്ചായത്ത് ഭരണം സുഗമമായി മുന്നോട്ടുകൊണ്ടുപോകാന്‍ പ്രസിഡന്റ് ശ്രദ്ധിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. പഞ്ചായത്തിലെ പ്രതിപക്ഷ അംഗങ്ങള്‍ അവരുടെ വാര്‍ഡുകളിലെ ജനകീയ പ്രശ്നങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ അവരോട് ധിക്കാരപരമായ സമീപനം സ്വീകരിക്കുന്നതായും കമ്മിറ്റി ആരോപിച്ചു. ജനപ്രതിനിധികളോട് മാന്യമായ സമീപനം സ്വീകരിക്കുകയും അവരുടെ അഭിപ്രായങ്ങളും പരാതികളും പരിഗണിക്കുകയും വേണം. കര്‍ഷകര്‍ നേരിടുന്ന കാട്ടുപന്നി ശല്യത്തിനും പഞ്ചായത്ത് അടിയന്തര പരിഹാരം കാണണം. ഏറെ കൊട്ടിഘോഷിച്ച് കാട്ടുപന്നി വേട്ട ആരംഭിച്ചെങ്കിലും രണ്ട് പന്നികളെ വെടിവെച്ചുകൊന്നതോടെ നടപടികള്‍ അവസാനിച്ച സ്ഥിതിയാണുള്ളത്. കാട്ടുപന്നി ശല്യം മൂലം കര്‍ഷകര്‍ ഇപ്പോഴും ദുരിതത്തിലാണ്. അതുപോലെ, കാടുപിടിച്ചുകിടക്കുന്ന കൃഷിയിടങ്ങള്‍ വെട്ടിത്തെളിക്കണമെന്ന് ഉത്തരവിറക്കിയതല്ലാതെ തുടര്‍നടപടികള്‍ സ്വീകരിച്ചിട്ടില്ല. മുള്ളന്‍കൊല്ലി ടൗണിലെ ഓടകള്‍ നവീകരിക്കുന്ന പ്രവൃത്തിയും പകുതിയിലേറെ പൂര്‍ത്തിയായിട്ടില്ല. ബാക്കിയുള്ള ഭാഗം എപ്പോള്‍ നന്നാക്കുമെന്ന കാര്യത്തിലും വ്യക്തതയില്ല. ജനങ്ങളുടെ ദൈനംദിന പ്രശ്നങ്ങള്‍ പരിഹരിക്കേണ്ട പഞ്ചായത്ത് ഭരണസംവിധാനം ആഭ്യന്തര തര്‍ക്കങ്ങളുടെ പേരില്‍ സ്തംഭിക്കുന്നത് അംഗീകരിക്കാനാകില്ല. അതിനാല്‍ ജീവനക്കാരുമായുള്ള പ്രശ്നങ്ങള്‍ അടിയന്തരമായി പരിഹരിച്ച് പഞ്ചായത്ത് ഭരണം കാര്യക്ഷമമായി നടത്തുന്നതിനും ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് സമയബന്ധിതമായി പരിഹാരം കാണുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആം ആദ്മി പാര്‍ട്ടി മുള്ളന്‍കൊല്ലി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. യോഗം ആം ആദ്മി പാര്‍ട്ടി ബത്തേരി മണ്ഡലം പ്രസിഡന്റ് ലിയോ കൊല്ലവേലില്‍ ഉദ്ഘാടനം ചെയ്തു. മുള്ളന്‍കൊല്ലി കമ്മിറ്റി പ്രസിഡന്റ് ആന്റണി പൂത്തോട്ടാല്‍ അധ്യക്ഷത വഹിച്ചു. ഉലഹന്നാന് മേമാട്ട്, സിനി ആന്റണി, സിനോജ് കാനാട്ട്, വര്‍ണ്മീസ് കുരിശുവിളയില്‍, ഷാജി വണ്ടന്നൂര്‍, സാബു അബ്രഹാം, തോമസ് വെച്ചുവീട്ടിക്കല്, ബെന്നി. കെ.ജി, സിജു പൂത്തോട്ടയില്‍ സംസാരിച്ചു.




Comments