
ബെംഗളൂരു: ദുലീപ് ട്രോഫിയില്‍ ഈസ്‌റ്റ് സോണ്‍ ഫൈനലില്‍. സെമിയില്‍ സെന്‍ട്രല്‍ സോണിനെ നാലുവിക്കറ്റിന് തകര്‍ത്താണ് ഈസ്‌റ്റ് സോണ്‍ ഫൈനല്‍ ടിക്കറ്റെടുത്തത്. സെന്‍ട്രല്‍ സോണ്‍ ഉയര്‍ത്തിയ 159 റണ്‍സ് വിജയലക്ഷ്യം ആറുവിക്കറ്റ് നഷ്‌ടത്തില്‍ ഈസ്‌റ്റ് സോണ്‍ മറികടന്നു.
ആദ്യ ഇന്നിങ്‌സില്‍ ഇരുടീമുകളും 266 റണ്‍സാണെടുത്തത്. രണ്ട് ഇന്നിങ്‌സിലും വൈഭവ് സൂര്യവംശിയാണ് ഈസ്‌റ്റ് സോണിന്റെ ടോപ് സ്‌കോറര്‍.
159 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഈസ്‌റ്റ് സോണിനായി അഭിമന്യു ഈശ്വരനും വൈഭവും മികച്ച തുടക്കം നല്‍കി. ഇരുവരും ആദ്യ വിക്കറ്റില്‍ അര്‍ധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. അഭിമന്യുവും (24) വൈഭവും(40) പുറത്തായതോടെ ടീം തകര്‍ച്ച നേരിട്ടു. പിന്നീട് വന്നവര്‍ക്ക് അധികനേരം ക്രീസില്‍ നിലയുറപ്പിക്കാനായില്ല. വിരാട് സിങ് (12), കുമാര്‍ കുശാഗ്ര (22) അനുകുള്‍ റോയ് (0) എന്നിവര്‍ നിരാശപ്പെടുത്തി. എന്നാല്‍ ക്യാപ്‌റ്റന്‍ ഇഷാന്‍ കിഷന്‍ ക്രീസില്‍ നിലയുറപ്പിച്ച് ബാറ്റേന്തി. ഒരുവശത്ത് വിക്കറ്റുകള്‍ പോകുമ്പോഴും ഇഷാന്‍ കിഷനാണ് ടീമിനെ മുന്നോട്ടുകൊണ്ടുപോയത്. സുദീപ് കുമാര്‍ 14 റണ്‍സെടുത്ത് പുറത്തായി. അതോടെ ഈസ്‌റ്റ് സോണ്‍ 150-6 എന്ന നിലയിലായി. ഇഷാന്‍ ഷമിയെയും കൂട്ടുപിടിച്ചാണ് പിന്നീട് ടീമിനെ ജയത്തിലെത്തിക്കുന്നത്. ഇഷാന്‍ കിഷന്‍ 39 റണ്‍സുമായി പുറത്താകാതെ നിന്നു.
രണ്ടാമിന്നിങ്‌സില്‍ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 45 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച സെന്‍ട്രല്‍ സോണ്‍ ബാറ്റിങ് തകര്‍ച്ച നേരിട്ടിരുന്നു. ആര്യന്‍ പാണ്ഡെ (10), യാഷ് റാത്തോഡ് (5) എന്നിവര്‍ വേഗം മടങ്ങി. അമന്‍ മൊഖാഡെ, റിങ്കു എന്നിവര്‍ പൊരുതിയതോടെയാണ് ടീം നൂറിനടുത്തെത്തിയത്. അമന്‍ 41 റണ്‍സും റിങ്കും 20 റണ്‍സുമെടുത്ത് പുറത്തായി. ഒരു ഘട്ടത്തില്‍ 97-8 എന്ന നിലയിലായിരുന്നു സെന്‍ട്രല്‍ സോണ്‍. എന്നാല്‍ ഹര്‍ഷ് ദുബെയും അര്‍ഷാദ് ഖാനും ഒന്‍പതാം വിക്കറ്റില്‍ ഉറച്ചുനിന്നതോടെ സ്‌കോര്‍ 140 ലെത്തി. ഹര്‍ഷ് ദുബെ 24 റണ്‍സെടുത്ത് പുറത്തായപ്പോള്‍ അര്‍ഷാദ് ഖാന്‍ 25 റണ്‍സെടുത്തു. ഒടുക്കം 158 റണ്‍സിന് ടീം പുറത്തായി. മുകേഷ് കുമാര്‍ നാലുവിക്കറ്റും മുഹമ്മദ് ഷമി മൂന്നുവിക്കറ്റുമെടുത്തു.
നേരത്തേ സെന്‍ട്രല്‍ സോണിനെ 266 റണ്‍സിന് ഔള്‍ഔട്ടാക്കിയ ഈസ്‌റ്റ് സോണ്‍ മികച്ച രീതിയിലാണ് ആദ്യ ഇന്നിങ്‌സ് ആരംഭിച്ചത്. വൈഭവ് സൂര്യവംശിയും അഭിമന്യു ഈശ്വരനും ശ്രദ്ധയോടെ ബാറ്റേന്തി. വൈഭവ് പതിവുപോലെ അടിച്ചുകളിച്ചതോടെ ഈസ്‌റ്റ് സോണ്‍ സ്‌കോര്‍ കുതിച്ചു. വൈഭവ് 42 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചു. പിന്നാലെ അഭിമന്യുവിനൊപ്പം ചേര്‍ന്ന് ആദ്യവിക്കറ്റില്‍ മികച്ച കൂട്ടുകെട്ടും പടുത്തുയര്‍ത്തി. അതോടെ സ്‌കോര്‍ 150 കടന്നു. പിന്നാലെ സെഞ്ചുറിക്കരികെ വൈഭവ് പുറത്തായി. 81 പന്തില്‍നിന്ന് 92 റണ്‍സാണ് വൈഭവ് അടിച്ചെടുത്തത്. ആദ്യവിക്കറ്റില്‍ ഇരുവരും 161 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ദുലീപ് ട്രോഫി ചരിത്രത്തില്‍ അര്‍ധസെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും വൈഭവ് സ്വന്തമാക്കി. വെറും 15 വര്‍ഷവും 157 ദിവസവും പ്രായമുള്ളപ്പോഴാണ് വൈഭവിന്റെ ചരിത്രനേട്ടം.
വൈഭവ് പുറത്തായതിന് പിന്നാലെ തകര്‍ന്നടിയുന്ന ഈസ്‌റ്റ് സോണ്‍ ടീമിനെയാണ് കാണാനായത്. കുമാര്‍ കുശാഗ്ര ഡക്കായി മടങ്ങി. അഭിമന്യു ഈശ്വരന്‍ 69 റണ്‍സും സുദീപ് കുമാര്‍ 25 റണ്‍സുമെടുത്തു.





Comments