
തെന്നിന്ത്യൻ സിനിമയുടെ സമാനതകളില്ലാത്ത ഉലകനായകനാണ് കമല് ഹാസന്. താന് കൈവച്ച ഭാഷകളിലെല്ലാം തന്റേതായ മുദ്ര പതിപ്പിച്ച താരം തെലുങ്ക്, മലയാളം, ഹിന്ദി തുടങ്ങിയ ഭാഷകളിലാണ് കൂടുതല് തിളങ്ങിയിട്ടുള്ളത്. കന്നഡയിലും ബംഗാളിയിലും വരെ അഭിനയ മികവ് തെളിയിക്കാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. ബാലതാരമായി അഭിനയം തുടങ്ങിയ താരം ആറു പതിറ്റാണ്ടിലധികമായി വെള്ളിത്തിരയില് തന്റെ ഇരിപ്പിടം ഉറപ്പിച്ചു തന്നെ നിലനില്ക്കുകയാണ്.
അഭിനയമികവില് മാത്രമല്ല കുടുംബബന്ധങ്ങള്ക്കും വലിയ വില കൊടുക്കുന്ന ആളാണ് കമല് ഹാസന്. തന്റെ കുടുംബത്തിനൊപ്പം സമയം ചെലവിടുന്നതും അവര്ക്കൊപ്പമുള്ള നിമിഷങ്ങള് ആസ്വദിക്കുന്നതുമൊക്കെ വിലമതിക്കാനാവാത്തതായിട്ടാണ് താരം കണക്കാക്കുന്നത്. തന്റെ ജ്യേഷ്ഠനും മുതിർന്ന നടനും അഭിഭാഷകനുമായ ചാരുഹാസനുമായി വളരെ അടുത്തതും ആദരണീയവുമായ ഒരു ബന്ധമാണ് കമല് പങ്കിടുന്നത്. കമൽഹാസന്റെ ആദ്യകാല ജീവിതത്തിലും സിനിമയിലേക്കുള്ള പ്രവേശനത്തിലും പിതൃതുല്യനായ വ്യക്തിയും വഴികാട്ടിയുമായി പ്രവർത്തിച്ചത് ചാരുഹാസനാണ്.
ഇപ്പോഴിതാ തന്റെ മൂത്ത സഹോദരൻ ചാരുഹാസനും സഹോദരഭാര്യ കോമളത്തിനും 72-ാം വിവാഹ വാർഷികാശംസ കുറിക്കുകയാണ് കമല്ഹാസന്. മകള്ക്കും കുടുംബത്തിനും ഒപ്പമുള്ള ഹൃദയംഗമമായ കുടുംബ നിമിഷങ്ങളും പങ്കിട്ട് സ്നേഹത്തില് ചാലിച്ചാണ് കമല് ഹാസന്റെ ആശംസ കുറിച്ചിരിക്കുന്നത്.
‘‘എന്റെ സഹോദരൻ മന്നിയുടെ വിവാഹം എന്റെ പ്രായത്തേക്കാൾ പഴയതാണ്. നിങ്ങളുടെ 72-ാം വിവാഹ വാർഷികത്തിൽ നിങ്ങളെ അഭിനന്ദിക്കാൻ അവസരം ലഭിച്ചതിൽ എനിക്ക് സന്തോഷമുണ്ട്. ഇനിയും ഒരുപാട് നന്മകള് വരാനിരിക്കുന്നു ... നിങ്ങളുടെ അപ്പു...’’ എന്നാണ് കമല്ഹസ്സന് ചാരുഹാസ്സനും കുടുംബത്തിനും ഒപ്പമുള്ള നിമിഷങ്ങള് പങ്കിട്ട് കുറിച്ചിരിക്കുന്നത്. ചിത്രങ്ങളില് ചാരുഹാസനും മകള് സുഹാസിനിയും കമലിന്റെ മകള് ശ്രുതി ഹാസനുമടങ്ങുന്ന ഇവരുടെ വലിയ കുടുംബത്തെയും കാണാം. നിരവധി ആരാധകരും ലെജന്ഡറി ആക്ടര് ചാരുഹാസന് ആശംസകളും സ്നേഹവും കമന്റുകളിലൂടെ കുറിക്കുന്നുണ്ട്.







Comments