
തിരുവനന്തപുരം: കാന്തപുരം അബൂബക്കറിന്റെ പ്രസ്താവനയിലുള്ള പ്രതികരണത്തില് ഇടതുപക്ഷത്തും അഭിപ്രായഭിന്നത. കാന്തപുരത്തെ പിന്തുണച്ച് രംഗത്ത് വന്ന കെ.ടി. ജലീലിനെതിരേ പി.കെ. ശ്രീമതി ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമര്ശിച്ചു. സ്ത്രീകള് വീട്ടിലിരിക്കേണ്ടവര് ആണെന്നും പൊതുവേദിയില് പ്രദര്ശിപ്പിക്കേണ്ടവര് അല്ലെന്നുമുള്ള കാന്തപുരത്തിന്റെ പ്രസ്താവനയെ ആദ്യം വിമര്ശിച്ചത് സിപിഐഎം വനിതാനേതാവ് പി.കെ.ശ്രീമതി ആയിരുന്നു.
കാന്തപുരത്തെ അനുകൂലിച്ച കെ.ടി. ജലീലിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് വിമര്ശനവുമായി പി.കെ. ശ്രീമതി രംഗത്ത് വന്നത്. 'സ്ത്രീവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ പരാമര്ശങ്ങള് തെറ്റില്ല എന്ന്! വിയോജിക്കുന്നവര്ക്ക് അതാകാമെന്നും, എന്തൊരൗദാര്യം', എന്നാണ് പി കെ ശ്രീമതി ഫേസ്ബുക്കില് കുറിച്ചത്. കാന്തപുരത്തിന് മതപരമായ കാര്യങ്ങള് പറയാന് അവകാശമുണ്ടെന്നും അതിനെ എതിര്ക്കാന് പൊതുസമൂഹത്തിന് അവകാശമുണ്ട്. എന്നുമായിരുന്നു കെ ടി ജലീല് പറഞ്ഞത്. മതപണ്ഡിതര് മതശാസനകളുമായി ബന്ധപ്പെട്ടാണ് അഭിപ്രായങ്ങള് പറയുന്നതെന്നും ആ സ്വാതന്ത്ര്യത്തെ ആര്ക്കും നിഷേധിക്കാനാകില്ലെന്നും ജലീല് പറഞ്ഞിരുന്നു.
അതേസമയം കാന്തപുരത്തിന്റെ പ്രസ്താവനയില് പ്രതിപക്ഷനേതാവ് പിണറായി വിജയന് ഇതുവരെ പ്രതികരിച്ചിട്ടില്ല. നേരത്തേ കാന്തപുരത്തിന്റെ പ്രസ്താവനയെ വിമര്ശിച്ച് മുഖ്യമന്ത്രി പരസ്യനിലപാട് എടുത്തിരുന്നു. കാന്തപുരത്തിന്റെ പ്രസ്താവനയോട് യോജിക്കുന്നില്ലെന്നും 19 ാം നൂറ്റാണ്ടില് പറയാവുന്ന കാര്യം 21 ാം നൂറ്റാണ്ടില് പറയുന്നു എന്ന് വിമര്ശിക്കുകയും ചെയ്തിരുന്നു. ഇസ്ളാമിക ചരിത്രത്തിലെ സ്ത്രീകളുടെ മുന്നേറ്റത്തെയും പങ്കാളിത്തത്തെയും ഉദ്ധരിക്കുകയും ചെയ്തിരുന്നു. യുഡിഎഫിന്റെ വനിതാനേതാക്കളും രൂക്ഷ വിമര്ശനവുമായി രംഗത്ത് വന്നിരുന്നു.







Comments