
റിയാലിറ്റി ഷോകളിലെ ഒന്നാംസ്ഥാനക്കാരിയായാണ് തന്റെ സംഗീതപ്രയാണം ആരംഭിച്ച് പിന്നീട് മലയാളിയുടെ സ്വന്തം പാട്ടുകാരിയായി മാറിയ ചലച്ചിത്ര പിന്നണി ഗായികയാണ് സിതാര കൃഷ്ണകുമാര്. ഏതൊരു പാട്ടിനെയും തന്റേതായ ശൈലിയിലാക്കി പാടുന്നതാണ് സിതാര എന്ന ഗായികയെ മറ്റുള്ള ഗായകരില് നിന്ന് വേറിട്ടു നിര്ത്തുന്നത്. ചിത്രയ്ക്കും സുജാതയ്ക്കും ശേഷം ഒരുപക്ഷെ മലയാളി ‘ഞങ്ങളുടെ സ്വന്തം’ എന്ന് പറഞ്ഞ് മലയാളികള് ചേര്ത്തു പിടിച്ച സിതാര നര്ത്തകി, ഗായിക, സംഗീതസംവിധായിക, അഭിനേത്രി എന്നിങ്ങനെ വിവിധ മേഖലകളില് തിളങ്ങി നില്ക്കുന്ന കലാകാരിയാണ്.
പഴയ ഗാനങ്ങള് പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തിയും റീമിക്സുകളിലൂടെയും ലൈവ് കോണ്സേര്ട്ടുകളിലൂടെയും സ്വന്തം ബാന്ഡായ മലബാറിക്കസിലൂടെയും സിതാര യുവതലമുറയുടെ ഇടയില് തിളങ്ങി നില്ക്കുകയാണ്. മലയാളത്തിൽ ഹേറ്റേഴ്സ് ഇല്ലാത്ത ഈ ഗായികയുടെ ശബ്ദം ഒരിക്കലെങ്കിലും വാട്സാപ്പ് സ്റ്റാറ്റസാക്കാത്തവരായി ആരുമുണ്ടാകില്ല. സോഷ്യല് മീഡിയയിലും നിറഞ്ഞു നില്ക്കുന്ന താരം സംഗീത ജീവിതത്തിലെ നേട്ടങ്ങൾക്കൊപ്പം തന്നെ തന്റെ കൊച്ചു കൊച്ചു കുടുംബവിശേഷങ്ങളും സന്തോഷനിമിഷങ്ങളും ആശംസകളും അതിലൂടെ പങ്കിടാറുണ്ട്.
ഇപ്പോഴിതാ തന്റെ ജീവിതത്തില് ഏറ്റവും പ്രാധാന്യമര്ഹിക്കുന്ന അച്ഛന് ഹൃദയത്തില് ചാലിച്ച ജന്മദിനാശംസകള് പങ്കിടുകയാണ് സിതാര കൃഷ്ണകുമാര്. ജീവിതത്തില് അച്ഛനെയോര്ത്ത് എപ്പോഴും അഭിമാനിക്കാറുണ്ടെന്നും അച്ഛനെപ്പറ്റി ഒരു മനുഷ്യന് പോലും ഒരെതിരഭിപ്രായം പറയുന്നത് കേട്ടിട്ടില്ലെന്നുമാണ് സിതാര കുറിച്ചിരിക്കുന്നത്.
‘‘മക്കളെ ഓർത്ത് അഭിമാനപുളകിതരാവുന്ന അച്ഛനമ്മമാരെ കണ്ടിട്ടില്ലേ... ഇത് നേരെ തിരിച്ചാണ്... ബുദ്ധിമാനും, ശാന്തനും, സൗമ്യനും, ദയാലുവും, സുമുഖനും, അതിമനോഹരമായ മനസ്സുമുള്ള മനുഷ്യനെ ഓര്ത്ത് ഞാൻ വളരെയധികം അഭിമാനിക്കുന്നു...എന്റെ അച്ഛന്...ഈ പ്രായത്തിനിടയിൽ ഒരു മനുഷ്യൻ പോലും ഈ മൂപ്പരെ പറ്റി ഒരെതിരഭിപ്രായം പറയുന്നത് കേട്ടിട്ടില്ല...വെല് ഡണ് മൈ ബോയ്... ഉമ്മ അച്ഛക്കുട്ടാ... ഹാപ്പി ബര്ത്ത്ഡേ...’’ എന്നാണ് അച്ഛനൊപ്പമുള്ള ചിത്രങ്ങളുടെ കൊളാഷ് സഹിതം പങ്കിട്ട് സിതാര കൃഷ്ണകുമാര് കുറിച്ചിരിക്കുന്നത്. പതിവു പോലെ താരത്തിന്റെ പോസ്റ്റ് ഏറ്റെടുക്കുകയാണ് ആരാധകര്. നിരവധി ആരാധകര് ഗായികയുടെ അച്ഛന് കമന്റുകളിലൂടെ സ്നേഹവും ആശംസയും പങ്കിടുന്നുണ്ട്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ തുണയും സൗഭാഗ്യവും അച്ഛനാണെന്ന് പല അഭിമുഖങ്ങളിലും സിതാര വാചാലയായി സംസാരിച്ചിട്ടുണ്ട്.
ഗാനമേളകളിലും സ്റ്റേജ് ഷോകളിലൂടെയുമായിരുന്നു സിതാരയുടെ തുടക്കം. സംഗീതാസ്വാദകരുടെ മനസ്സ് കീഴടക്കിയ താരം വളരെ പെട്ടെന്നു തന്നെ മലയാള സിനിമ പിന്നണി ഗാനലോകത്ത് പകരം വയ്ക്കാനില്ലാത്ത ഗായിയായി മാറി. ‘അതിശയൻ’ എന്ന ചിത്രത്തിലൂടെയാണ് സിതാര മലയാള സിനിമാ പിന്നണി ഗാനരംഗത്തേക്ക് എത്തുന്നത്. പിന്നീട് ചിത്രശലഭങ്ങളുടെ വീട്, യക്ഷിയും ഞാനും, മേരിക്കുണ്ടെരു കുഞ്ഞാട്, ട്രാഫിക്ക്, മായാമോഹിനി, മിസ്റ്റർ ഫ്രോഡ്, കസിൻസ്, അയാൾ ഞാനല്ല, ജേക്കബിന്റെ സ്വർഗ്ഗരാജ്യം, ഗോദ, കുമ്പളങ്ങി നൈറ്റ്സ്, കാണേ കാണേ തുടങ്ങി അനവധി ഗാനങ്ങളില് സിതാരയുടെ ശബ്ദം ആസ്വാദകര് കേട്ടു. ലാൽ ജോസിന്റെ ‘എൽസമ്മ എന്ന ആൺകുട്ടി’യിലെ ‘കണ്ണാരം പൊത്തി’ എന്ന ഗാനത്തിലൂടെയാണ് സിതാരയുടെ വേറിട്ട ശബ്ദം പലരുടെയും മനസ്സില് സ്ഥാനം പിടിച്ചത്. പിന്നീട് സെല്ലുലോയിഡ് എന്ന ചിത്രത്തിലെ ‘ഏനുണ്ടോടീ അമ്പിളിചന്തം’ എന്ന ഗാനത്തിലൂടെ മികച്ച ഗായികയ്ക്കുള്ള സംസ്ഥാന പുരസ്കാരവും സിതാര സ്വന്തമാക്കി.
അന്യ ഭാഷകളിലും സിതാര തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഡോക്ടർ സജീഷിനെയാണ് സിതാര വിവാഹം ചെയ്തത്. ഇവര്ക്ക് കുഞ്ഞുമണി എന്ന് വിളിപ്പേരുള്ള ‘സാവൻ ഋതു’ എന്ന മകളുമുണ്ട്. അമ്മയെ പോലെ തന്നെ മകൾക്കും സംഗീതവാസന കിട്ടിയിട്ടുണ്ടെന്നുള്ളത് ചില ആല്ബങ്ങളിലൂടെയും സീരിയല് ഗാനം പാടിയും റിയാലിറ്റി ഷോയില് അമ്മയ്ക്കൊപ്പം വേദിയില് നിന്ന് പാടിയും കുഞ്ഞുമണി പലതവണ തെളിയിച്ചിട്ടുള്ളതാണ്.







Comments