
തന്റെ ജീവിതത്തിലെ സ്വകാര്യ നിമിഷങ്ങളും ഗർഭകാലവും വിറ്റ് പണമുണ്ടാക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് അവതാരക മീര അനിൽ. ഒമ്പത് മാസത്തെ എക്സ്ക്ലൂസീവ് കണ്ടന്റിനായി ചില യൂട്യൂബ് ചാനലുകൾ സമീപിച്ചിരുന്നെങ്കിലും താനും ഭർത്താവും അത് വേണ്ടെന്നുവെക്കുകയായിരുന്നു എന്ന് മീര വെളിപ്പെടുത്തി. ഗര്ഭവും വരാന് പോകുന്ന കുട്ടികളേയും വിറ്റിട്ട് പണമുണ്ടാക്കില്ലെന്ന് താനും ഭര്ത്താവും മുമ്പ് തന്നെ തീരുമാനിച്ചതാണെന്നും മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ താരം വ്യക്തമാക്കി.
‘റീച്ച് കുറയുമ്പോൾ അല്ലെങ്കിൽ ശ്രദ്ധ നേടുന്നതിനു വേണ്ടി ഒരിക്കലും എന്റെ പിള്ളാരെ കാണിച്ച് അവരുടെ ക്യൂട്ട്നെസ്സ് വിറ്റ് ഞാൻ കാശ് ഉണ്ടാക്കില്ല. അതൊരു സെല്ലിംഗ് പോയിന്റ് ആണ്. അവരെ ക്യാമറക്ക് മുന്നിൽ നിർത്തി അവരുടെ കുട്ടിത്തം വില്പന നടത്തുകയാണ് ചെയ്യുന്നത്. അങ്ങനെ ചെയ്യുന്നത് ഇഷ്ടമല്ല അത് എന്റെ വ്യക്തിപരമായ താല്പര്യം ആണ്. അത് ചെയ്യുന്നവരോട് യാതൊരു എതിർപ്പുമില്ല. ഞാൻ അങ്ങനെയുള്ള കണ്ടെന്റുകൾ കാണാറുമില്ല. എനിക്കത് ഭയങ്കര വിഷമമാണ്. കുഞ്ഞുങ്ങളുടെ പ്രൈവസി കീപ്പ് ചെയ്യാൻ സാധിക്കണം. നമ്മൾ ദീപിക പദുക്കോണിന്റേയോ അനുഷ്ക ശർമയുടെയോ ആലിയ ഭട്ടിന്റെയോ കുഞ്ഞുങ്ങളെ അധികം കണ്ടിട്ടില്ല എപ്പോഴെങ്കിലും മാത്രമേ കാണാറുള്ളൂ.
മലയാളികൾക്ക് ആളുകളുടെ വ്യക്തിപരമായ അല്ലെങ്കിൽ സ്വകാര്യ ജീവിതം അറിയാൻ വലിയ താല്പര്യമാണ്. അത് ചെയ്യുന്നവർ നല്ല കാശുണ്ടാക്കുന്നുണ്ട്. അത് കണ്ട് സമയം കളയണം എന്ന് നമ്മളാണ് തീരുമാനിക്കേണ്ടത്. അവരെന്തായാലും നല്ല കാശുണ്ടാക്കുന്നുണ്ട്. നമ്മളെ സമയം കളഞ്ഞ് കാണണോ അതോ നമ്മൾ പണം കണ്ടെത്താനുള്ള വഴി കണ്ടെത്തണമോ എന്നത് ഒരു വ്യക്തിയിലും അധിഷ്ഠിതമാണ്. ഞങ്ങൾ ഏതായാലും കുട്ടികളെ ഇത്തരത്തിൽ വിൽപ്പന നടത്താൻ തയ്യാറല്ല’.- മീര അനിൽ പറഞ്ഞു.







Comments