
കൊച്ചി: കൊച്ചി നഗരമധ്യത്തില് കാര് യാത്രക്കാരായ കുടുംബത്തെ വഴിയില് തടഞ്ഞുനിര്ത്തി കൊലവിളി നടത്തുകയും അസഭ്യം പറയുകയും ചെയ്ത കേസിലെ പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതിൽ വ്യാപക പ്രതിഷേധം.ആഗസ്റ്റ് 9-ന് കലൂരില് വെച്ചായിരുന്നു കാര് യാത്രികനെയും കുടുംബത്തെയും വഴിയില് തടഞ്ഞുനിര്ത്തി അന്സാര് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. സംഭവത്തിന്റെ ഭീതിജനകമായ ദൃശ്യങ്ങള് സമൂഹമാധ്യമങ്ങളില് വ്യാപകമായി പ്രചരിക്കുകയും മാധ്യമ വാര്ത്തയാവുകയും ചെയതു.
കണ്ണൂർ സ്വദേശിയും 'ശക്തി' ബസിലെ ക്ലീനറുമായ മുഹമ്മദ് അൻസാറാണ് പോലീസ് ഉദ്യോഗസ്ഥനെ ഉൾപ്പെടെ ആക്രമിച്ച കേസിൽ അറസ്റ്റിലാവുകയും പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ പുറത്തിറങ്ങുകയും ചെയ്തത്. ബസ്സുടമ നേരിട്ട് സ്റ്റേഷനിൽ എത്തിയാണ് പ്രതിയെ ജാമ്യത്തിലിറക്കി കൊണ്ടുപോയത്. പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്താത്തതിൽ പോലീസുകാർക്കിടയിലും അമർഷം ശക്തമാണ്.
ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്ന് ഇന്നലെയാണ് നോർത്ത് പോലീസ് അൻസാറിനെ അറസ്റ്റ് ചെയ്തത്. തുടർന്ന് പ്രതിയെ ബസിൽ കയറി പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഇയാൾ എ.എസ്.ഐ സുനിലിനെ ആക്രമിക്കുകയായിരുന്നു. ബസിൽ വച്ച് പരസ്യമായാണ് പ്രതി ആക്രമണം നടത്തിയതെന്ന് എഫ്.ഐ.ആറിലും വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ആക്രമണത്തിൽ എ.എസ്.ഐ സുനിലിന്റെ ചുണ്ടിനും കയ്യിലും ഗുരുതരമായി പരിക്കേറ്റിരുന്നു.മോഷണവും അടിപിടിയും ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് മുഹമ്മദ് അൻസാർ. സമാനമായ രീതിയിൽ കഴിഞ്ഞ ആഗസ്റ്റ് 22ന് മറ്റൊരു കാർ യാത്രികനെയും ഇയാൾ വഴിയിൽ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയിരുന്നു.
പല സ്വകാര്യ ബസുകളിലും ക്രിമിനല് പശ്ചാത്തലമുള്ളവരും ലഹരിവസ്തുക്കള് ഉപയോഗിക്കുന്നവരുമാണ് ജീവനക്കാരായി ജോലി ചെയ്യുന്നതെന്ന് യാത്രക്കാര് ആരോപിക്കുന്നു. ബസുകളുടെ മത്സരയോട്ടവും റോഡിലെ തെമ്മാടിത്തവും നഗരവാസികളുടെ ജീവിതം ദുസ്സഹമാക്കുകയാണ്. സമാനമായ രീതിയില് പൊതുജനങ്ങള്ക്ക് ഭീഷണിയാകുന്ന ബസ് ജീവനക്കാര്ക്കെതിരെ കര്ശന നടപടി സ്വീകരിക്കണമെന്നും, ബസ് ജീവനക്കാരുടെ ക്രിമിനല് പശ്ചാത്തലം പരിശോധിക്കാന് പ്രത്യേക ഡ്രൈവുകള് സംഘടിപ്പിക്കണമെന്നുമാണ് നഗരവാസികളുടെ ശക്തമായ ആവശ്യം.







Comments