
മാണ്ഡി: ശൂദ്രര് 'ഉയര്ന്ന വര്ഗ്ഗങ്ങളെ സേവിക്കണം' എന്ന് പരാമര്ശിച്ചുകൊണ്ട് പ്രദര്ശിപ്പിച്ച ഭഗവദ്ഗീതയുമായി ബന്ധപ്പെട്ട വിവാദ പോസ്റ്ററില് അന്വേഷണം. ഐഐടി മാണ്ഡി കാമ്പസിലാണ് പോസ്റ്റര് പ്രത്യക്ഷപ്പെട്ടത്. ഇതിനെതിരേ അദ്ധ്യാപക - വിദ്യാര്ത്ഥികളില് നിന്നും വിവിധ മേഖലകളില് നിന്നും രൂക്ഷമായ വിമര്ശനം നേരിട്ടതോടെ അധികൃതര് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
ഇന്സ്റ്റിറ്റ്യൂട്ടിന്റെ ഓഡിറ്റോറിയത്തിന് പുറത്ത് പ്രദര്ശിപ്പിച്ചതും സമൂഹത്തെ ബ്രാഹ്മണര്, കത്രിയര്, വൈശ്യര്, ശൂദ്രര് എന്നിങ്ങനെ തരംതിരിച്ചതുമായ 'ഭഗവദ്ഗീത - കാലാതീതമായ ജ്ഞാനം' എന്ന തലക്കെട്ടിലുള്ള പോസ്റ്ററിനെച്ചൊരിയാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. ജന്മാഷ്ടമിയുടെ ഭാഗമായിട്ടാണ് ക്യാമ്പസില് വിവാദപോസ്റ്റര് പ്രത്യക്ഷപ്പെട്ടത്. ശൂദ്രര് സവര്ണ്ണരെ സേവിക്കണമെന്ന് പോസ്റ്ററില് പറയുന്നു. ടൈംലൈന് വിസ്ഡം എന്ന പേരിലാണ് പോസ്റ്റര്.
'ദൈവത്തിന്റെ സന്ദേശം പ്രചരിപ്പിക്കുക' എന്നാണ് ബ്രാഹ്മണരുടെ പങ്ക് എന്നും, 'സമൂഹത്തെയും ആത്മീയതയും സംരക്ഷിക്കുക' എന്നത് ക്ഷത്രിയരുടെ പങ്ക് എന്നും പോസ്റ്ററില് വിവരിച്ചിരിക്കുന്നു. വൈശ്യരുടേത് 'സമ്പദ് വ്യവസ്ഥയെ നയിക്കുക, മറ്റുള്ളവരെ പിന്തുണയ്ക്കുക' എന്നതും ശൂദ്രരുടേത് 'ഉയര്ന്ന വര്ഗ്ഗങ്ങളെ സേവിക്കുക' എന്നതുമാണെന്നും അതില് പറഞ്ഞിരുന്നു. മനുഷ്യസമൂഹത്തിന്റെ നാല് വിഭാഗങ്ങള് 'ഭൗതിക പ്രകൃതിയുടെ മൂന്ന് രീതികളും അവയുമായി ബന്ധപ്പെട്ട ജോലികളും' അനുസരിച്ചാണ് സൃഷ്ടിക്കപ്പെട്ടത് എന്ന് പറയുന്ന ഭഗവദ്ഗീതയിലെ ഒരു ശ്ലോകവും പോസ്റ്ററിലുണ്ടായിരുന്നു.
സെപ്റ്റംബര് 4-ന് ജന്മാഷ്ടമി ആഘോഷങ്ങളുടെ ഭാഗമായി പ്രദര്ശിപ്പിച്ച പോസ്റ്ററിനെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഭരണഘടനയില് ഉള്പ്പെടുത്തിയിട്ടുള്ള ''സമത്വം, സാമൂഹിക നീതി, ശാസ്ത്രീയ മനോഭാവം'' തുടങ്ങിയ തത്വങ്ങള് ഉയര്ത്തിപ്പിടിക്കാന് ഇന്സ്റ്റിറ്റ്യൂട്ട് പ്രതിജ്ഞാബദ്ധമാണെന്ന് ഡയറക്ടര് ശ്രീ. ബെഹറ പറഞ്ഞു.
താന് കാമ്പസിന് പുറത്തായിരുന്നെന്നും സെപ്റ്റംബര് 5-ന് മാത്രമാണ് തിരിച്ചെത്തിയതെന്നും ഞായറാഴ്ച രാവിലെയാണ് വിവാദത്തെക്കുറിച്ച് അറിഞ്ഞതെന്നും ബെഹറ പറഞ്ഞു. ജാതിവിവേചനത്തെ ഇസ്കോണ് ശക്തമായി എതിര്ക്കുന്നുവെന്നും സമത്വം പഠിപ്പിക്കുന്നുവെന്നും ഐഐടി ഡയറക്ടര് പറഞ്ഞു. റോബോട്ടിക്സും ആര്ട്ടിഫിഷ്യല് ഇന്റലിജന്സും സ്പെഷ്യലൈസേഷന് മേഖലകളായുള്ള ഇലക്ട്രിക്കല് എന്ജിനീയറിങ് പ്രൊഫസറായ ബെഹറ, മുന്കാലങ്ങളിലും വിവാദത്തില് പെട്ടിട്ടുണ്ട്. 2023-ല് ഹിമാചല് പ്രദേശില് ഉരുള്പൊട്ടലുകളും മേഘവിസ്ഫോടനങ്ങളും ഉണ്ടാകുന്നത് മൃഗങ്ങളോടുള്ള ക്രൂരത മൂലമാണെന്ന് പറഞ്ഞിരുന്നു.
മാംസം കഴിക്കില്ലെന്ന് പ്രതിജ്ഞ ചെയ്യുവാന് അദ്ദേഹം വിദ്യാര്ത്ഥികളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഒരു വര്ഷം മുമ്പ്, ഐഐടി മാണ്ഡി ഡയറക്ടറായി നിയമിതനായ ഉടന്തന്നെ, വിശുദ്ധ മന്ത്രങ്ങള് ജപിച്ച് സുഹൃത്തിന്റെ കുടുംബത്തെ 'ദുര്മന്ത്രവാദങ്ങളില്' നിന്ന് മോചിപ്പിക്കാന് താന് സഹായിച്ചുവെന്ന് ശ്രീ. ബെഹറ അവകാശപ്പെടുന്ന ഒരു വീഡിയോ പുറത്തുവന്നിരുന്നു.
ഐഐടി മാണ്ഡിയിലെ ഇന്ത്യന് നോളജ് സിസ്റ്റം ആന്ഡ് മെന്റല് ഹെല്ത്ത് ആപ്ലിക്കേഷന്സ് സെന്റര് ജൂണില് ഭഗവദ്ഗീത, ആയുര്വേദം, പുനര്ജന്മം തുടങ്ങിയ വിഷയങ്ങളില് സെഷനുകള് ഉള്പ്പെടുത്തി ഒരു സമ്മേളനവും സംഘടിപ്പിച്ചിരുന്നു. സമ്മേളനത്തിന്റെ ജനറല് ചെയര്മാന്മാരില് ഒരാളായ ബെഹറ, 'പുനര്ജന്മം, മരണാനന്തര ആശയവിനിമയം' എന്നീ വിഷയങ്ങളിലെ ഒരു സെഷന്റെ സഹ-സംഘാടകനുമായിരുന്നു.







Comments