
ന്യൂഡൽഹി: സത്യനികേതനിൽ കെട്ടിടം തകർന്നുണ്ടായ ദുരന്തത്തിൽ ഇടപെട്ട് ഡൽഹി ഹൈക്കോടതി. ഡൽഹി സർവകലാശാല, ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ, ഡൽഹി സർക്കാർ, കേന്ദ്രസർക്കാർ എന്നിവർക്കാണ് ഹൈക്കോടതി നോട്ടീസ് അയച്ചത്. തകർന്ന കെട്ടിടത്തിന് നിർമാണ അനുമതി ഉണ്ടായിരുന്നോയെന്ന് പരിശോധിക്കാൻ എംസിഡിക്ക് കോടതി നിർദേശം നൽകി.
കെട്ടിടം അനുമതിയില്ലാതെയാണ് നിർമിച്ചതെന്ന് കണ്ടെത്തിയാൽ ഉത്തരവാദികളായ ഉദ്യോഗസ്ഥരെ കണ്ടെത്തണമെന്നും കോടതി നിർദേശിച്ചു. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങൾ സമർപ്പിക്കാനും നിർദേശം നൽകി.
അതിനിടെ, കെട്ടിട ഉടമ ഹരിറാമിനെ പൊലീസ് രാജസ്ഥാനിൽ നിന്ന് അറസ്റ്റ് ചെയ്തു. വീഴ്ച കണ്ടെത്തിയതിനെ തുടർന്ന് ഡൽഹി മുൻസിപ്പൽ കോർപ്പറേഷന്റെ സൗത്ത് സോൺ ഡെപ്യൂട്ടി കമ്മീഷണർ രാകേഷ് കുമാറിനെ സസ്പെൻഡ് ചെയ്തിരുന്നു.
ഇന്നലെ ഉച്ചയുണ്ടായ ദുരന്തത്തിൽ ഏഴോളം വിദ്യാർഥികൾക്ക് ജീവൻ നഷ്ടപ്പെട്ടു. കെട്ടിടാവശിഷ്ടങ്ങളിൽ നിന്ന് ഇതുവരെ 12 ഓളം പേരെ പുറത്തെടുത്തു. എയിംസ് ആശുപത്രിയിൽ നാല് പേർ ചികിത്സയിലാണ്. ഇവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്.







Comments