
1980-കളില് ജീവിച്ചിരുന്നെങ്കില് കാണാൻ എങ്ങനെയുണ്ടാകുമെന്ന് എഐ സഹായത്തോടെ ആവിഷ്കരിക്കുന്ന 80’s റെട്രോ ചിത്രങ്ങള് സോഷ്യല് മീഡിയയില് തരംഗമാകുകയാണ്. ഒരു ഫോട്ടോ കൊടുത്താല് എഐ കൊണ്ടുപോകുന്നത് നേരെ 80കളിലേക്കാണ്. ഇന്നത്തെ ഫോട്ടോകള് 1980കളിലെ വസ്ത്രങ്ങളും ഹെയർസ്റ്റൈലും മേക്കപ്പും ഫോട്ടോഗ്രഫി ശൈലിയും ചേർത്ത് റെട്രോ ചിത്രങ്ങളാക്കി മാറ്റുകയാണ് ആളുകള്. ഈ ട്രെന്ഡില് സെലിബ്രിറ്റികളടക്കം പലരും തങ്ങളുടെ ചിത്രങ്ങള് റെട്രോ ശൈലിയിലാക്കി സോഷ്യല് മീഡിയയിലൂടെ പങ്കിടുന്നുണ്ട്.
ഇപ്പോഴിതാ ആ ട്രെന്ഡിനൊപ്പം കൂടുകയാണ് കാവ്യ മാധവന്. തനിക്കൊപ്പം ദിലീപും നില്ക്കുന്ന ചിത്രമാണ് കാവ്യ പങ്കിട്ടിരിക്കുന്നത്. വലിയ മുടി, ബോള്ഡ് വസ്ത്രങ്ങള്, വിന്റേജ് മേക്കപ്പ്, അനലോഗ് ക്യാമറയുടെ ഫീല്, പഴയകാല പശ്ചാത്തലം എന്നിവയുള്പ്പെടുത്തിയാണ് കാവ്യയും ദിലീപും ചിത്രങ്ങളില് തിളങ്ങുന്നത്.
‘‘80-കളിലേക്ക് തിരികെ കൊണ്ടുപോകുന്നു...’’ എന്ന ക്യാപ്ഷന് നല്കിയാണ് കാവ്യ മാധവന് ചിത്രം പങ്കിട്ടിരിക്കുന്നത്. നിരവധി ആരാധകരാണ് ദിലീപിനെയും കാവ്യയെയും ഈ ട്രെന്ഡില് കണ്ട സന്തോഷം പങ്കിടുന്നത്. രണ്ടുപേരും നല്ല ഭംഗിയായിട്ടുണ്ടല്ലോ എന്നതടക്കമാണ് കമന്റുകള്.
സെലിബ്രിറ്റികളടക്കം ട്രെന്ഡിനൊപ്പം കൂടിയതോടെ പഴയകാല ഫാഷനും വീണ്ടും സോഷ്യല് മീഡിയയിലെ ചർച്ചയാകുന്നുണ്ട്. വോളിയം കൂടിയ ഹെയർസ്റ്റൈലുകള്, ഡെനിം, ബോള്ഡ് കളറുകള്, വിന്റേജ് ആഭരണങ്ങള്, സ്റ്റുഡിയോ പോർട്രെയ്റ്റുകള് തുടങ്ങിയവ വീണ്ടും ആളുകള് ഏറ്റെടുക്കാനുള്ള ലക്ഷണങ്ങളാണ് ഈ ട്രെന്ഡ് കാണിക്കുന്നത്. പഴയകാല ഫോട്ടോകളുടെ നിറവും ഗ്രെയിനും ഉള്പ്പെടെ പുനഃസൃഷ്ടിക്കുന്നതിനാല് പല ചിത്രങ്ങളും യഥാർഥ 80കളിലെ ഫോട്ടോകളെ ഓര്മ്മിപ്പിക്കുന്നുവെന്നുള്ളതും ചിത്രങ്ങള് തരംഗമായി മാറാനുള്ള കാരണമാണ്.







Comments