
തുടർച്ചയായ നാലാം വർഷവും ബാലൺ ഡി ഓർ ചുരുക്കപ്പട്ടികയിൽ ഇടം നേടാനാകാതെ ക്രിസ്റ്റ്യാനോ റൊണാൾഡോ. എന്നാൽ പുരസ്കാരത്തിന്റെ ചരിത്രത്തിലെ ഒരു കണക്കിൽ ലയണൽ മെസിയേക്കാൾ മുന്നിലാണ് പോർച്ചുഗൽ സൂപ്പർ താരം. ബാലൺ ഡി ഓർ നോമിനേഷനുകളുടെ എണ്ണത്തിലാണ് റൊണാൾഡോ മെസിയെ മറികടന്നിരിക്കുന്നത്.
മെസി വീണ്ടും ബാലൺ ഡി ഓർ ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ചതോടെയാണ് ഇരുതാരങ്ങളെയും താരതമ്യം ചെയ്തുള്ള ചർച്ചകൾ വീണ്ടും സജീവമായത്. 18 നോമിനേഷനുകളുമായി റൊണാൾഡോയാണ് പട്ടികയിൽ ഒന്നാമത്. 2022ന് ശേഷം താരം ബാലൺ ഡി ഓർ ചുരുക്കപ്പട്ടികയിൽ ഇടം നേടിയിട്ടില്ല.
2004ലാണ് റൊണാൾഡോ ആദ്യമായി ബാലൺ ഡി ഓറിനായി നാമനിർദേശം ചെയ്യപ്പെട്ടത്. 2004 മുതൽ 2022 വരെ 18 വർഷം തുടർച്ചയായി പ്രാരംഭ പട്ടികയിൽ ഇടംനേടിയ താരം അഞ്ച് തവണ പുരസ്കാരവും സ്വന്തമാക്കിയിട്ടുണ്ട്.
17 നോമിനേഷനുകളുമായി മെസിയാണ് രണ്ടാം സ്ഥാനത്ത്. 13 നോമിനേഷനുകളുള്ള പൗലോ മാൽദീനി മൂന്നാം സ്ഥാനത്തുണ്ട്. യോഹാൻ ക്രൈഫ്, ഫ്രാൻസ് ബെക്കൻബോവർ, കരീം ബെൻസെമ എന്നിവർ 12 തവണ വീതം നോമിനേഷൻ നേടി.
സ്ലാട്ടൻ ഇബ്രാഹിമോവിച്ച്, ജിയാൻലൂജി ബുഫൺ, സിനദിൻ സിദാൻ, മിഷേൽ പ്ലാറ്റിനി, യൂസേബിയോ എന്നിവർ 11 തവണ വീതം ബാലൺ ഡി ഓർ ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.







Comments