
ന്യൂഡൽഹി: എൽനിനോ പ്രതിഭാസം ഇന്ത്യയിൽ ഗുരുതര ആരോഗ്യപ്രത്യാഘാതങ്ങൾക്ക് കാരണമായേക്കുമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). ദക്ഷിണേഷ്യയിലെ മഴയിലും താപനിലയിലും ഉണ്ടാകുന്ന മാറ്റങ്ങൾ ഡെങ്കിപ്പനി ഉൾപ്പെടെയുള്ള കൊതുകുജന്യ രോഗങ്ങളുടെ വ്യാപനത്തിന് അനുകൂല സാഹചര്യമൊരുക്കാമെന്നാണ് മുന്നറിയിപ്പ്.
അമിതചൂട് മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾക്കും സാധ്യതയുണ്ടെന്ന് ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കി. എൽനിനോയുടെ ആരോഗ്യപ്രത്യാഘാതങ്ങൾ കൂടുതൽ അനുഭവപ്പെടാൻ സാധ്യതയുള്ള രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയും.
പസഫിക് സമുദ്രത്തിലെ മധ്യ-കിഴക്കൻ ഉഷ്ണമേഖലാ മേഖലയിൽ സമുദ്രോപരിതല ജലത്തിന്റെ താപനില സാധാരണയേക്കാൾ ഉയരുന്ന പ്രതിഭാസമാണ് എൽനിനോ. ഇതിന്റെ സ്വാധീനം പസഫിക് മേഖലയിൽ മാത്രം ഒതുങ്ങില്ല. ആഗോളതലത്തിൽ കാറ്റിന്റെ ഗതിയിലും മഴയിലും താപനിലയിലും മാറ്റങ്ങൾ ഉണ്ടാക്കാൻ എൽനിനോയ്ക്ക് കഴിയും.
ഇന്ത്യയിലും ഇതിന്റെ പ്രതിഫലനം മഴയിലും ചൂടിലും പ്രകടമാകാം. നിലവിലെ പസഫിക് സമുദ്രത്തിലെ താപനില കഴിഞ്ഞ 1000 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ എൽനിനോ പ്രതിഭാസത്തിലേക്കാണ് സൂചന നൽകുന്നത്. ഈ വർഷം അവസാനത്തോടെ ഇത് പാരമ്യത്തിലെത്തുമെന്നാണ് വിലയിരുത്തൽ. അടുത്തവർഷം ഫെബ്രുവരി വരെ പ്രതിഭാസം തുടർന്നേക്കുമെന്നും കാലാവസ്ഥാ നിരീക്ഷണങ്ങൾ സൂചിപ്പിക്കുന്നു.







Comments