
എൺപതുകളിലെ റെട്രോ ശൈലിയിലുള്ള ചിത്രങ്ങളുടെ അതിപ്രസരമാണ് സോഷ്യല് മീഡിയയില് നിറയുന്നത്. ഒരു സാധാരണ ഫോട്ടോ നൽകിയാൽ, അത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് 1980-കളിലെ സിനിമാ താരങ്ങളെപ്പോലെയോ അല്ലെങ്കിൽ ആ കാലഘട്ടത്തിലെ വിന്റേജ് ശൈലിയിലോ മാറ്റിയെടുക്കുന്ന ചാറ്റ്ജിപി തരംഗം സെലിബ്രിറ്റികളും രാഷ്ട്രീയക്കാരും സാധാരണക്കാരുമടക്കം എല്ലാവരും ആഘോഷമാക്കിയിരിക്കുകയാണ്.
കണ്ണടകൾ, വലിയ ഹെയർസ്റ്റൈലുകൾ കളർഫുൾ വസ്ത്രങ്ങൾ, പഴയ മാഗസിൻ കവർ ലുക്ക് എന്നിവയെല്ലാം വലിയ പ്രോംപ്റ്റുകളുടെ ഭാരമില്ലാതെ, ഒറ്റ ക്ലിക്കിൽ പൂർത്തിയാകുന്ന ഈ ട്രെൻഡ് ദശലക്ഷക്കണക്കിന് ഉപയോക്താക്കളാണ് ഇതിനോടകം ഏറ്റെടുത്തിരിക്കുന്നത്. ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലുമുള്ള സെലിബ്രിറ്റികളിൽ നീണ്ട നിര തന്നെ ഈ ട്രൻഡിന്റെ ഭാഗമായിട്ടുണ്ട്.
ഇപ്പോഴിതാ ആ ട്രെന്ഡിനൊപ്പം കൂടുകയാണ് മീര ജാസ്മിന്. താനല്പം വൈകിയെന്നും പക്ഷേ എത്തിയെന്നുമാണ് മീര ജാസ്മിന് ചിത്രങ്ങള് പങ്കിട്ട് കുറിച്ചിരിക്കുന്നത്.
‘‘പാർട്ടിക്ക് അല്പം വൈകി... പക്ഷേ ഞാൻ എത്തി...’’ എന്നാണ് റെട്രോ 80 എഐ ചിത്രങ്ങള് പങ്കിട്ട് മീര ജാസ്മിന് കുറിച്ചിരിക്കുന്നത്. നിരവധി ആരാധകരാണ് മീരയുടെ 80's ലുക്കിനെ പ്രശംസിച്ച് കമന്റുകള് കുറിക്കുന്നത്.
മോഹന്ലാല് -തരുണ് മൂര്ത്തി കോമ്പോയിലൊരുങ്ങുന്ന ‘അതിമനോഹരം’ എന്ന ചിത്രമാണ് മീര ജാസ്മിന്റെ ഏറ്റവും പുതിയ ചിത്രം. നൈസി എന്നാണ് മീരാ ജാസ്മിന്റെ കഥാപാത്രത്തിന്റെ പേര്. ലൗലാജന് എന്ന പോലീസ് ഉദ്യോഗസ്ഥനായിട്ടാണ് മോഹന്ലാല് ചിത്രത്തിലെത്തുന്നത്. ‘ലൗലാജന്റെ നൈസി’ എന്ന ക്യാപ്ഷനോടെയാണ് തരുൺ മൂർത്തി മീരയുടെ ക്യാരക്ടര് പോസ്റ്റർ താരത്തിന്റെ ജന്മദിനത്തില് പങ്കുവെച്ചത്. മീരയുടെ ഭാഗം ഷൂട്ട് ചെയ്തു കഴിഞ്ഞുവെന്ന് തരുണ് മൂര്ത്തി അടുത്തിടെ സോഷ്യല് മീഡിയയിലൂടെ പങ്കിട്ടിരുന്നു.







Comments