
തിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസ് നേടുന്നതിനുള്ള നടപടിക്രമങ്ങളിൽ പുതിയ പരീക്ഷ കൂടി ഉൾപ്പെടുത്തി ഗതാഗത വകുപ്പ്. ലേണേഴ്സ് ലൈസൻസ് നേടിയതിന് 30 ദിവസത്തിന് ശേഷം ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റ് പാസാകണം. വീഡിയോ ഗെയിം മാതൃകയിലാണ് പരീക്ഷ നടത്തുക. ഇതുസംബന്ധിച്ച് ഗതാഗത കമ്മീഷണർ ഉത്തരവിറക്കി.
ഡ്രൈവിങിനിടെ റോഡിൽ പെട്ടെന്ന് ഉണ്ടാകുന്ന അപകടസാധ്യതകളും തടസ്സങ്ങളും തിരിച്ചറിഞ്ഞ് അതനുസരിച്ച് സുരക്ഷിതമായി വാഹനം നിയന്ത്രിക്കുന്നതിനുള്ള കഴിവാണ് പുതിയ പരീക്ഷയിലൂടെ വിലയിരുത്തുക. ഡിസംബർ 31 മുതൽ ഹസാർഡ് പെർസെപ്ഷൻ പരിശീലനവും പരീക്ഷയും പ്രാബല്യത്തിൽ വരും.
കമ്പ്യൂട്ടർ മുഖേനയായിരിക്കും പരീക്ഷ നടത്തുന്നത്. റോഡിലെ അപകടസാധ്യതകൾ കൃത്യമായി തിരിച്ചറിയാനുള്ള അപേക്ഷകന്റെ ശേഷിയാണ് പ്രധാനമായും പരിശോധിക്കുക.
അംഗീകൃത ഡ്രൈവിങ് സ്കൂളുകൾ അടുത്ത മൂന്ന് മാസത്തിനകം അപേക്ഷകർക്ക് ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റിനുള്ള പരിശീലനം നൽകണമെന്നും ഗതാഗത വകുപ്പ് നിർദേശിച്ചിട്ടുണ്ട്.







Comments